ശിശുസൗഹൃദ സ്റ്റേഷനുകള്‍ പൊലിസിലെ മാറ്റത്തിന്റെ ഭാഗം: പിണറായി
തിരുവനന്തപുരം: പൊലിസിന്റെ മുഖത്തിന് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ ഭാഗമാണ് ശിശുസൗഹൃദ പൊലിസ് സ്റ്റേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന് മാതൃകയായി ശിശുസൗഹൃദ പൊലിസ് സ്റ്റേഷനുകള്‍ക്ക് തുടക്കമായതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് ഏതൊരു മുഖത്തിലാണോ ജനങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടത് ആ മുഖം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണിതെല്ലാം. പൊലിസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസില്‍ ഉണ്ടാകുന്ന വികാരം മാറ്റാന്‍ ഇതിലൂടെ കഴിയും. കുട്ടികള്‍ക്ക് സന്തോഷത്തിന് വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടിവിടെ. അതിനാല്‍ ആശങ്കയില്ലാതെ സ്‌റ്റേഷനില്‍ വരാനും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യം ഉയര്‍ന്നുവരും.
എല്ലാ സ്റ്റേഷനുകളിലും മികച്ച വനിതാ സാന്നിധ്യമുണ്ട്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏതെങ്കിലും ഘട്ടത്തില്‍ പൊലിസില്‍ പരാതി സമര്‍പ്പിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായി സ്‌റ്റേഷനില്‍ എത്തിയാല്‍ മനസുതുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുരുന്നുകള്‍ ചുറ്റും കൂടിയതോടെ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. ഉദ്ഘാടനം നിര്‍വഹിച്ചശേഷം പ്രത്യേകമായി മരച്ചുവട്ടില്‍ ഒരുക്കിയ മണലില്‍ എഴുതുന്ന സ്ഥലത്ത് കുട്ടികളെ കൈപിടിച്ച് എഴുതിച്ചശേഷം മുഖ്യമന്ത്രി മടങ്ങി.
ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ ആറു പൊലിസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."