വിലക്കുറവുണ്ട്; പക്ഷെ ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കാന്‍ പച്ചക്കറിയില്ല
കാക്കനാട്: ഹോര്‍ട്ടികോര്‍പ്പ് വിലകുറച്ച പച്ചക്കറികള്‍ ഗോഡൗണുകളിലും സ്റ്റാളുകളിലും ലഭ്യമല്ല. പൊതുവിപണിയേക്കാളും കൂടിയ വിലക്ക് പച്ചക്കറികള്‍ വില്‍ക്കുന്നതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വില കുറച്ചത്.എന്നാല്‍ വില്‍ക്കുവാന്‍ പച്ചക്കറിയില്ലാതെ വില കുറച്ചിട്ടെന്ത് കാര്യമെന്നാണ് ഉയരുന്ന ചോദ്യം.
പൊതുവിപണിയില്‍ തീവിലയായ പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണില്‍പോലും ഇല്ലാത്തത്. ഒരാഴ്ച മുന്‍പ് 170 രൂപക്ക് വില്‍പന നടത്തിയ ചെറിയ ഉള്ളി വില 155 രൂപയാക്കി കുറച്ചെങ്കിലും ആവശ്യത്തിന് സ്റ്റോക്കില്ല.
പഴം, പച്ചക്കറി ഉള്‍പ്പെടെ 30ല്‍പ്പരം സാധനങ്ങളാണ് ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണില്‍ ഇല്ലാത്തത്. ഒരാഴ്ച മുന്‍പ് 130 രൂപയായിരുന്ന ഉള്ളി വില ഇന്നലെ പൊതുവിപണയില്‍ 180 രൂപയിലെത്തിയപ്പോഴും വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ ചുമതലപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് കാഴ്ച്ചക്കാരായി.
ഒരുവര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ എത്തിയ 30 പെട്ടി നാടന്‍ തക്കാളിക്ക് തീവിലയാണ് ഹോര്‍ട്ടികോര്‍പ്പിലും ഈടാക്കുന്നത്. പാലക്കാടന്‍ തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ വില 48 രൂപയാണ്. മറുനാടന്‍ തക്കാളിക്ക് കഴിഞ്ഞ ദിവസം വരെ ഈടാക്കിയിരുന്നത് 58 രൂപയായിരുന്നു. പാലക്കാടന്‍ തക്കാളി 25 കിലോ തൂക്കം വരുന്ന രണ്ടോ മുന്നോ പെട്ടികള്‍ മാത്രമാണ് ഗോഡൗണില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പനശാലകളില്‍ 155 രൂപക്ക് ഉള്ളി ലഭ്യമാണെങ്കിലും ഗുണമേന്മയില്ല. ചെറിയ ഉള്ളി, സവാള, തുടങ്ങി മുപ്പതിലകം പഴം പച്ചക്കറി ഇനങ്ങള്‍ വേണ്ടത്ര കിട്ടാനില്ല.
കാക്കനാട്ടെ സംഭരണ കേ ന്ദ്രത്തില്‍ നാലു ചാക്ക് സവാളയും, ഒന്നര ചാക്കോളം കാരറ്റും മാത്രമാണ് ഇന്നലെ വൈകിട്ട് വരെ അവശേഷിക്കുന്നത്. മുപ്പതിലേറെ പച്ചക്കറിയിനങ്ങള്‍ ലഭ്യമല്ലെന്ന് ഹോര്‍ട്ടികോര്‍പ്പിന്റെ വെബ് സൈറ്റും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."