വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനം
സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുക.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
1- സര്‍ക്കാര്‍ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ കമ്മിഷനുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ ഐറ്റി ഉപകരണങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ പോര്‍ടല്‍ വരുന്നതുവരെ നിലവിലുളള രീതി തുടരും.
2-കേരള ടൂറിസം ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
3-ശബരിമല ഉത്സവ സീസണില്‍ സന്നിധാനത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലിസ് സേനാംഗങ്ങള്‍ക്കും ക്യാമ്പ് ഫോളവര്‍മാര്‍ക്കും നല്‍കുന്ന ലഗേജ് അലവന്‍സ് 150 രൂപയില്‍നിന്ന് 200 രൂപയായി വര്‍ധിപ്പിച്ചു.
4-കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കേറ്റും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിലവിലുളള സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി കഴിഞ്ഞതിനാലും പുതിയ സമിതികള്‍ രൂപീകരിക്കാന്‍ കാലതാമസം ഉണ്ടാവും എന്നതിനാലുമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.
5-സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ചതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകളും ഫ്‌ലാറ്റുകളും സുനാമി പദ്ധതിയിലെ ഗുണഭോക്താക്കളുടെ അഭാവത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷിച്ച അര്‍ഹതയുളള കുടുംബങ്ങള്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
6-എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറോട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
7-കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഒരു മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മിഷണറെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."