മസ്തിഷ്‌ക മരണം: ഇനിയും ജീവിക്കും, ഷൈന്‍ വര്‍ഗീസിന്റെ അവയവങ്ങള്‍
കുന്നംകുളം: അപകടത്തില്‍ മരിച്ച ചെമ്മണ്ണൂര്‍ സ്വദേശി നെയ്യന്‍വീട്ടില്‍ ഷൈന്‍ വര്‍ഗീസ്(48)ന്റെ അവയവങ്ങള്‍ ദാനംചെയ്തു. ശരീരത്തില്‍ നിന്ന് ലഭ്യമായ മുഴുവന്‍ അവയവങ്ങളും ദാനമായി നല്‍കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെയാണ് മരണവും മാതൃകയായത്.
പൊതുമരാമത്ത് എന്‍ജിനിയറായിരുന്ന ഇദ്ദേഹം ശനിയാഴ്ച രാവിലെ മകനുമൊത്ത് സ്‌കൂട്ടറില്‍ വരുന്നതിനിടെ കുന്നംകുളം ഗുരുവായൂര്‍ റോഡിലാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മസ്തിഷ്‌ക മരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് വേദനക്കിടയിലും അവയവങ്ങള്‍ സഹജീവികള്‍ക്ക് കാരുണ്യമായി മാറ്റണമെന്ന് ബന്ധുക്കള്‍ തീരുമാനിച്ചത്.
ചോരവാര്‍ന്നു പോയെങ്കിലും അവയവങ്ങള്‍ സംരക്ഷിക്കാന്‍ ശരീരത്തില്‍ രക്തം കയറ്റിയിരുന്നു. രണ്ട് കിഡ്‌നിയും ലിവറിന്റെ ഒരു ഭാഗവുമാണ് മെഡിക്കല്‍ സംഘം സ്വീകരിച്ചത്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെമ്മണ്ണൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌ക്കരിക്കും.
മണത്തല ഗവ. ഹൈസ്‌ക്കൂളിലെ അധ്യാപിക ഹേമയാണ് ഭാര്യ. മക്കള്‍: ഷീന, സാംസണ്‍, ഫെബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."