സഊദി ഗ്രാന്‍ഡ് മുഫ്തിക്ക് ഇസ്‌റാഈല്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
തെല്‍അവീവ്: സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലുശ്ശൈഖിന് ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ക്ഷണം. ഇസ്രാഈല്‍ വാര്‍ത്താവിതരണ മന്ത്രി അയ്യൂബ് കാറയാണ് ഗ്രാന്‍ഡ് മുഫ്തിയെ ക്ഷണിച്ചുകൊണ്ട് ട്വിറ്ററില്‍ സന്ദേശമയച്ചത്. 'യുദ്ധത്തെയും ജൂതന്‍മാരെ കൊലപ്പെടുത്തുന്നതിനെയും എതിര്‍ത്തും ഹമാസ് ഫലസ്തീനികള്‍ക്ക് ദ്രോഹം ചെയ്യുന്ന ഭീകരസംഘടനയാണെന്നും പറഞ്ഞ സഊദി പണ്ഡിതവേദി അധ്യക്ഷന്‍ കൂടിയായ ഗ്രാന്റ് മുഫ്തിക്ക് അഭിനന്ദനങ്ങള്‍. ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിന് അദ്ദേഹത്തെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്'. എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
നേരത്തെയും ഇദ്ദേഹത്തെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2008ല്‍ വന്ന വാര്‍ത്തകള്‍ ഗ്രാന്‍ഡ് മുഫ്തി നിഷേധിക്കുകയും സഊദി വാര്‍ത്താ ഏജന്‍സി അതിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
നേരത്തെ വിവിധ മാധ്യമങ്ങള്‍ സഊദി ഇസ്‌റാഈല്‍ ബന്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, അതെല്ലാം സഊദി അധികൃതര്‍ പിന്നീട് നിഷേധിച്ചിരുന്നു. ഇസ്രഈല്‍ നേതാക്കളുമായി നിരന്തരം പരസ്യ കൂടിക്കാഴ്ച്ചകള്‍ നടത്തിയതിനെ സഊദി മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുര്‍കി ഫൈസല്‍ കഴിഞ്ഞ ഒക്ടോബറില്‍ ന്യായീകരിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മിഡിലീസ്റ്റിന്റെ സുരക്ഷ സംബന്ധിച്ച് ജൂത ദേവാലയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ തുര്‍കി ഫൈസലും ഇസ്രാഈല്‍ ഇന്റലിജന്‍സ് വിഭാഗം മുന്‍ ഡയറക്ടര്‍ അഫ്രൈം ഹലേഫിയും പങ്കെടുക്കുകയും ജൂതദേവാലയത്തില്‍ പ്രവേശിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തിയ ഫൈസല്‍ അത് അവസാനത്തേതാവാതിരിക്കട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായുമടക്കമുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്. കൂടാതെ സഊദി കിരീടാവകാശി രഹസ്യമായ ഇസ്രയേല്‍ സന്ദര്‍ശിച്ചതായ ചില വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍, ഇതെല്ലാം സഊദി അധികൃതര്‍ നിഷേധിച്ചിരുന്നു. അതേസമയം ഇപ്പോള്‍ ഇസ്‌റാഈല്‍ നല്‍കിയ ക്ഷണത്തെ കുറിച്ച് സഊദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."