സര്‍ക്കാരിന്റേത് തൊഴിലാളി സംരക്ഷണ നിലപാട്: മന്ത്രി
തിരുവനന്തപുരം: സുപ്രീം കോടതി വിധിപ്രകാരം മദ്യശാലകള്‍ പൂട്ടേണ്ടിവന്നപ്പോഴും തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, ലേബലിങ് തൊഴിലാളികളുടെ അംഗത്വകാര്‍ഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വഴിയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ് എന്നിവയും ലേബലിങ് തൊഴിലാളികളുടെ അംഗത്വ വിതരണവും മന്ത്രി നിര്‍വഹിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ വി.കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണനാണയവിതരണവും അദ്ദേഹം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.എം സുധാകരന്‍, കേരള പ്രദേശ് ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.എസ് ശശി, ഡയരക്ടര്‍ സി.കെ രാജന്‍ സംബന്ധിച്ചു.
ബോര്‍ഡ് ചെയര്‍മാന്‍ സി.കെ മണിശങ്കര്‍ സ്വാഗതവും ചീഫ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ആര്‍. ബൈജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."