മുക്കോല-കഴക്കൂട്ടം ബൈപ്പാസ് നാലുവരി പാത നിര്‍മാണം; കുഴിവിളയില്‍ കുന്നിടിഞ്ഞ് വീഴുന്നത് പതിവ് സംഭവമാകുന്നു
കഠിനംകുളം: മുക്കോല-കഴക്കൂട്ടം ബൈപ്പാസ് നാലുവരിപാതയാക്കുന്നതിന്റെ ഭാഗമായി കുഴിവിളയില്‍ സര്‍വിസ് റോഡ് നിര്‍മിക്കുന്നതിനിടയില്‍ കുന്നിടിഞ്ഞുവീഴുന്നത് പതിവ് സംഭവമാകുന്നു. കഴിഞ്ഞ ദിവസം വീണ്ടും കുന്നിടിഞ്ഞുവീണു. സംഭവം രാത്രിയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
കുന്നിനുമുകളില്‍ ഇരുപതോളം വീട്ടുകാര്‍ താമസിക്കുന്നുണ്ട്. തുടരെ തുടരെയുള്ള കുന്നിടിയല്‍ കാരണം ഈ കുടുംബങ്ങളെല്ലാം ഭയത്തിലാണ്. രാത്രിയും പകലും വീടുകളിലിരിക്കാന്‍ പേടിയാണിവര്‍ക്ക്. ഈ ഭാഗത്ത് പ്രധാന റോഡും സര്‍വിസ് റോഡുകളും നിര്‍മിക്കാനായി മണ്ണുമാറ്റുമ്പോള്‍ നിരവധി തവണ കുന്നിടിഞ്ഞുവീണിരുന്നു.
കഴിഞ്ഞ രാത്രിയിലും കുന്നിന്റെ ഒരു ഭാഗം ഏതാണ്ട് 35 അടിയോളം ഉയരത്തില്‍ നിന്ന് റോഡിലേക്കു ഇടിഞ്ഞുതാണു. സര്‍വിസ് റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാര്‍ ഇല്ലാതിരുന്നതിനാലും കൂടുതല്‍ വാഹനങ്ങള്‍ റോഡിലൂടെ വരാത്തതും കാരണം വന്‍അപകടമാണ് ഒഴിവായത്.
മാത്രമല്ല കുന്നിനുമുകളിലുള്ള വീടുകള്‍ സര്‍വിസ് റോഡ് നിര്‍മിക്കാനായി കുന്നിടിച്ചുമാറ്റുമ്പോള്‍ ഏതുനിമിഷവും ഇടിഞ്ഞുതാഴുമെന്ന നിലയിലുമാണ്. വീട്ടുകാര്‍ അപകട ഭീഷണി ദേശീയപാത അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വീടുകളുടെ വശത്തുനിന്ന് കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകാതിരിക്കാന്‍ തല്‍ക്കാലം ടാര്‍പാളിന്‍ ഉപയോഗിച്ച് മണ്ണുമൂടാമെന്നും സര്‍വിസ് റോഡ് പണിതശേഷം കോണ്‍ക്രീറ്റ് സംരക്ഷണഭിത്തികെട്ടി വീടുകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താമെന്നും ദേശീയപാത അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
എന്നാലും ഏത് നിമിഷവും അപകടമുണ്ടാകുമെന്ന ഭയത്തിലാണ് ഇവര്‍ വീടുകളില്‍ കഴിയുന്നത്. തുടര്‍ച്ചയായി മണ്ണിടിഞ്ഞുവീഴുന്നതുമൂലം പ്രധാനപാതവഴിയും സമാന്തരമായി നിര്‍മിച്ചിട്ടുള്ള സര്‍വിസ് റോഡ് വഴിയുമുള്ള യാത്ര അപകട ഭീഷണിയിലാണ്.
മാസങ്ങള്‍ക്കു മുന്‍പ് ബൈപ്പാസ് നിര്‍മാണത്തിനായി സോയില്‍ നെയില്‍ ഫിക്‌സിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനു പിന്നാലെ അതിനു സമീപം കുന്നിന്‍ മുകളിലൂടെ പോകുന്ന സര്‍വിസ് റോഡിന്റെ അടിഭാഗത്തെ മണ്ണ് പല ഭാഗത്തായി ഇടിഞ്ഞുതാഴ്ന്നിരുന്നു.
അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ്. കുഴിവിള ഗവ യു.പി.എസിനു സമീപം ഇടിഞ്ഞുവീണ സംരക്ഷണഭിത്തിയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ടെങ്കിലും ചെറിയ രീതിയിലുള്ള മണ്ണിടിഞ്ഞ് വീഴല്‍ ഇപ്പോഴും തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."