ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷം ബില്‍ അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെതിരായ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ അനുനയ മാര്‍ഗവുമായി മുഖ്യമന്ത്രി.
ബില്‍ നിയമ സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പായി ഡോക്ടര്‍മാരുടെ സംഘടനയുമായി കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കുന്ന ബില്ലിനെതിരേ ഏതാനും ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശക്തമായ സമരത്തിലാണ്. ചികിത്സ ലഭ്യമാകാതെ സംസ്ഥാനത്ത് ഇതിനകം 12 രോഗികള്‍ മരിച്ചതോടെയാണ് ബില്‍ അവതരണത്തിന് മുന്‍പ് ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ബില്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.ആര്‍ രമേശ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ രീതിയില്‍ തീര്‍പ്പുണ്ടാക്കും. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷം ബില്ലില്‍ സാരമായ മാറ്റം വരുത്തുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാതെയാണ് ബില്‍ കൊണ്ടുവന്നതെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലാണ്. എന്നാല്‍ സമരം അനാവശ്യമാണെന്നും ബില്‍ അംഗീകരിക്കുന്നതുസംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കൊണ്ടുവരാനുള്ള ബില്ലിനെതിരേ 6,000 സ്വകാര്യ ആശുപത്രികളും ഇവിടങ്ങളിലെ 20,000ലധികം ഡോക്ടര്‍മാരും സമരത്തിലാണ്. ഇക്കഴിഞ്ഞ മൂന്നിന് ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ആശുപത്രികളിലെ 50,000 ഡോക്ടര്‍മാര്‍കൂടി ജോലി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തരമൊരുബില്‍ നടപ്പാക്കുന്നതിന്റെ സൂത്രധാരന്‍ സംസ്ഥാന ആരോഗ്യമന്ത്രി രമേശ് കുമാറാണ്. രോഗികളുടെ അവകാശങ്ങള്‍ക്കുപ്രാധാന്യം നല്‍കുന്നതിനായാണ് ഇത്തരമൊരു ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."