ബൊഫോഴ്‌സ് അഴിമതി: നേരത്തെ പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: 1989ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ച ബൊഫോഴ്‌സ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. യൂറോപ്പ് കേന്ദ്രീകരിച്ച്് പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ബ്രദേഴ്‌സ് കമ്പനിക്കെതിരായ നടപടികള്‍ റദ്ദാക്കിയ 2005ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് അഗര്‍വാള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
12 വര്‍ഷങ്ങള്‍ക്കു ശേഷം കേസിലെ പുനരന്വേഷണം ആവശ്യപ്പെടുന്ന ഹരജി എന്നു പരിഗണിക്കുമെന്ന സൂചനയും ഇന്നലെ കോടതി നല്‍കിയില്ല. ദേശീയ രാഷ്ട്രീയത്തില്‍ വന്‍കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി സി.ബി.ഐ കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രിം കോടതിയുടെ നടപടി.
1986ല്‍ സ്വീഡനിലെ എ.ബി ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ കരസേനയ്ക്കു 155 എം.എമ്മിന്റെ 410 പീരങ്കികള്‍ വാങ്ങുന്നതിന് 1,437 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചതില്‍ 64 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണ് കേസിന് ആസ്പദമായത്. 1999ല്‍ സി.ബി.ഐ ഫയല്‍ ചെയ്ത കേസില്‍ ആയുധ ഇടപാടുകാരന്‍ വിന്‍ ഛദ്ദ, ഒട്ടാവിയോ ക്വത്ത്‌റോച്ചി, പ്രതിരോധ സെക്രട്ടറി എസ്.കെ ഭട്‌നഗര്‍, മാര്‍ട്ടിന്‍ അര്‍ബഡോ, ബൊഫോഴ്‌സ് കമ്പനി, ഹിന്ദുജാ സഹോദരന്മാര്‍ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവരാണ് പ്രതികള്‍.
അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗൂഢാലോചനയില്‍ പങ്കാളിയായെന്ന ആരോപണമാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. 2004 ഫെബ്രുവരിയില്‍ ഡല്‍ഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ കേസില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
2005 മെയില്‍ വന്ന അധിക ഉത്തരവില്‍ ഹിന്ദുജാ സഹോദരന്മാര്‍ അടക്കം മറ്റുള്ളവരെയും വെറുതെവിട്ടു. സര്‍ക്കാര്‍ ഖജനാവിന് 250 കോടി രൂപ നഷ്ടം വരുത്തിയ സി.ബി.ഐ അന്വേഷണത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."