ഹജ്ജ്: അപേക്ഷകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ തീര്‍ഥാടനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് കുറവ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് ഹജ്ജ് അപേക്ഷകള്‍ കുറയാന്‍ കാരണം. നാലു ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ചത് 902 ഓണ്‍ലൈന്‍ അപേക്ഷകളാണ്. ഇവരില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള, നേരിട്ട് അവസരം ലഭിക്കുന്ന കാറ്റഗറിയില്‍ 44 അപേക്ഷകരാണുള്ളത്. ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ആദ്യ ദിനങ്ങളില്‍ തന്നെ അപേക്ഷകര്‍ ആയിരം കവിഞ്ഞിരുന്നു. അയ്യായിരം അപേക്ഷകള്‍ വരെ എത്തിയ ദിവസങ്ങളുമുണ്ടായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഓരോ തീര്‍ഥാടകനും അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 95,236 അപേക്ഷകളാണ് കേരളത്തില്‍ ലഭിച്ചിരുന്നത്. തൊട്ടു മുന്‍പുള്ള വര്‍ഷം ഇത് 72,000 ആയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതും കഴിഞ്ഞ വര്‍ഷമാണ്.
ഈ വര്‍ഷം മുതല്‍ എഴുപത് വയസു കഴിഞ്ഞവര്‍ക്ക് നേരിട്ട് അവസരം നല്‍കുകയും ശേഷിക്കുന്നവരില്‍ നറുക്കെടുപ്പ് നടത്തുകയുമാണ് ചെയ്യുക. കേരളത്തിലെ മുസ്‌ലിം ജനസംഖ്യ അനുസരിച്ച് 6128 ഹജ്ജ് സീറ്റുകളാണ് ക്വാട്ടയായി ലഭിക്കുക. ഇതില്‍ 70 വയസുകാര്‍ക്ക് നല്‍കിയതിന് ശേഷമുള്ള സീറ്റുകളിലാണ് നറുക്കെടുപ്പ് നടത്തുക. മറ്റു സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറയുന്ന പക്ഷം ഒഴിവ് വരുന്ന സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുക. തുടര്‍ച്ചയായി അപേക്ഷ നല്‍കി ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ പലരും ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ തേടിപ്പോകാനാണ് തീരുമാനിക്കുന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ ഹജ്ജ് നയത്തിലാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയത്. ഇതിനെതിരേ കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. 2015 മുതലാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിത്തുടങ്ങിയത്.
ഈ ആനുകൂല്യം ആദ്യം ലഭിച്ചത് ഗുജറാത്തിനായിരുന്നു. ഹജ്ജ് അപേക്ഷകര്‍ ഓരോ വര്‍ഷവും കേരളത്തിലും ഗുജറാത്തിലുമാണ് ക്രമാതീതമായി വര്‍ധിച്ചിരുന്നത്. എന്നാല്‍, പുതിയ ഹജ്ജ് നയം കൂടുതല്‍ അപേക്ഷകരുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."