സെക്രട്ടേറിയറ്റ് ഹൗസിങ് സംഘത്തിലെ തട്ടിപ്പ്: മുന്‍ സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണ സംഘത്തില്‍ ഭവനവായ്പയുടെ പേരില്‍ കോടികള്‍ തട്ടിച്ച മുന്‍ സെക്രട്ടറി രവീന്ദ്രന്‍ നായരെ കന്റോണ്‍മെന്റ് പൊലിസ് അറസ്റ്റ് ചെയ്തു.
തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പുളിയറക്കോണത്ത് നിന്നാണ് പിടികൂടിയത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഭവന വായ്പ നല്‍കാനായി രൂപീകരിച്ച സൊസൈറ്റിയിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പ് തുടര്‍ന്നുവന്നത്. വ്യാജ പേരുകളില്‍ അംഗത്വമെടുത്തശേഷം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഭവനവായ്പ അനുവദിച്ചതായി രേഖകള്‍ ചമച്ചായിരുന്നു തട്ടിപ്പ്.
കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നിയന്ത്രണത്തിലാണ് സംഘം. സ്ഥാപനത്തിനകത്തുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ക്രമക്കേട് പുറത്തായത്. സൊസൈറ്റിയുടെ പ്രസിഡന്റാണ് ക്രമക്കേട് ആരോപിച്ച് പൊലിസില്‍ പരാതി നല്‍കിയത്. വ്യാജ രേഖളുണ്ടാക്കി ജീവനക്കാരല്ലാത്തവരെയും സൊസൈറ്റിയില്‍ അംഗങ്ങളാക്കി തട്ടിപ്പു നടത്തിയെന്നായിരുന്നു ആരോപണം.
പരാതിയില്‍ കേസെടുത്ത കന്റോണ്‍മെന്റ് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് ഭയന്ന് രവീന്ദ്രന്‍നായര്‍ ഒളിവില്‍ പോകുകയായിരുന്നു. 1.1 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയെങ്കിലും പൊലിസ് അന്വേഷണത്തില്‍ 2.37 കോടി രൂപയുടെ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പില്‍ മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."