കേരളത്തിലെ ഡോക്ടര്‍മാരുടെ ആയുസ് കുറയുന്നുവെന്ന് ഐ.എം.എ പഠനം
തിരുവനന്തപുരം: മനുഷ്യരുടെ ജീവനും ശരീരവും സംരക്ഷിക്കുന്നവരാണ് ഡോക്ടര്‍മാര്‍, എന്നാല്‍ ഈ ഡോക്ടര്‍മാരുടെ ആയുസ് കുറയുന്നുവെന്നാണ് പുതിയ പഠനം. പുറത്തെവിടെയുമല്ല ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ആയുസില്ലെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 വയസും കേരളത്തിലേത് 74.9 ഉം ആണ്. എന്നാല്‍ മലയാളി ഡോക്ടര്‍മാര്‍ക്ക് ഇത് 61.75 മാത്രമാണെന്ന് പഠനം പറയുന്നു.
കാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് ഡോക്ടര്‍മാരുടെ ജീവന്‍ കവരുന്നതെന്നാണ് പഠനം. ഫിസിഷ്യന്‍സ് മോര്‍ട്ടാലിറ്റി ഡാറ്റാ ഫ്രം 2007-2017 എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇക്കാലയളവിനുള്ളില്‍ 282 ഡോക്ടര്‍മാരാണ് മരിച്ചത്. ഇതില്‍ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്.
മരണകാരണത്തെ കുറിച്ച് പഠനത്തില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ഡോക്ടര്‍മാരിലുണ്ടാകുന്ന മാനസിക പിരിമുറുക്കമാണ് മരണ കാരണമെന്നാണ് ഗവേഷകരുടെ അഭിപ്രായം.27 ശതമാനം പേര്‍ ഹൃദയാഘാദം മൂലവും 25 ശതമാനം പേര്‍ കാന്‍സര്‍ ബാധിച്ചും ഒരു ശതമാനം പേര്‍ മറ്റു രോഗങ്ങള്‍ ബാധിച്ചുമാണ് മരിച്ചത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിശ്രമമില്ലാത്ത ജോലി ഡോക്ടര്‍മാര്‍ക്ക് മാനസിക സമ്മര്‍ദം കൂട്ടുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
ഇതിന് ഒരു നിശ്ചിത ജോലി സമയം നടപ്പിലാക്കണം. കൂടാതെ എല്ലാ ഡോക്ടര്‍മാരും ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തണം. ഐ.എം.എയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ ആരോഗ്യത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഡോക്ടര്‍ ബി. ഇക്ബാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."