സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് ഇന്നു തുടക്കം; സാമൂതിരിയുടെ നാട്ടില്‍ ഇനി ശാസ്ത്രകൗതുകങ്ങള്‍
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനു സാമൂതിരിയുടെ നാട്ടില്‍ ഇന്നു തുടക്കമാകും. ശാസ്ത്ര കൗതുകം തേടിയുള്ള സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്കു ഇനി നാലുനാള്‍ കോഴിക്കോട് വേദിയാകും. 217 ഇനങ്ങളിലായി 6802 കുരുന്നു പ്രതിഭകള്‍ പങ്കെടുക്കുന്ന ശാസ്‌ത്രോത്സവത്തിനു നഗരത്തിലെ പത്തുവേദികളാണ് ആതിഥ്യമരുളുക. മലബാര്‍ ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടിലെ പ്രധാന വേദിയുടേതടക്കം അവസാനഘട്ട മിനുക്കുപണികള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി.
ക്രിസ്ത്യന്‍കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവൃത്തി പരിചയമേളയ്ക്കും നടക്കാവ് ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഐ.ടി മേളയ്ക്കും ആര്‍.എം.എസ്.എ സയന്‍സ് എക്‌സിബിഷനും വേദിയാവും.
ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ വൊക്കേഷണല്‍ എക്‌സ്‌പോയും സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് ആഞ്ചലോസ് ആംഗ്ലോ ഇന്ത്യന്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ശാസ്ത്രമേളയും നടക്കും. സെന്റ്‌ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസാണ് ഗണിതശാസ്ത്രമേളാ വേദി. സാമൂഹ്യ ശാസ്ത്രമേളയ്ക്കു ബി.ഇ.എം ഗേള്‍സ് എച്ച്.എസ്.എസും വേദിയാവും.
പ്രവൃത്തി പരിചയമേളയ്ക്കായി 6000 ചതുരശ്രയടി വിസ്തൃതിയിലുള്ള പന്തലാണ് ഒരുക്കിയത്. വിപുലമായ പ്രദര്‍ശന സൗകര്യവും ഇവിടെ സജ്ജമാക്കി. കരിയര്‍ ഫെസ്റ്റും വൊക്കേഷനല്‍ എക്‌സ്‌പോയും നടക്കുന്ന ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ 95 സ്റ്റാളുകളാണ് ഒരുക്കുന്നത്. 4500 ചതുരശ്രയടി പന്തല്‍ ഭക്ഷണ ശാലയ്ക്കായി പൂര്‍ത്തിയായി.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ പ്രധാനവേദിയില്‍ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
26നു വൈകിട്ട് മൂന്നിനു സമാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാകും. മന്ത്രി ടി.പി രാമകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."