റോഹിംഗ്യകളുടെ മടക്കം: മ്യാന്‍മര്‍-ബംഗ്ലാദേശ് കരാറായി
നെയ്പിഡോ: മ്യാന്മറില്‍ വംശീയാതിക്രമത്തിനിരയായി ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു സ്വന്തം രാജ്യത്തേക്കു മടങ്ങാം. ഇക്കാര്യത്തില്‍ ബംഗ്ലാദേശും മ്യാന്‍മറും കരാറില്‍ ഒപ്പുവച്ചു. കരാറില്‍ ഒപ്പുവച്ച കാര്യം സ്ഥിരീകരിച്ച മ്യാന്‍മര്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അഭയാര്‍ഥികള്‍ക്കു രണ്ടു മാസത്തിനകം മടങ്ങിപ്പോകാവുന്നതാണെന്നു ബംഗ്ലാദേശും അറിയിച്ചു.
ബംഗ്ലാദേശിലെ നടപടിക്രമങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ റോഹിംഗ്യകള്‍ക്കു രാജ്യത്തേക്കു മടങ്ങാമെന്നു മ്യാന്‍മര്‍ അറിയിച്ചു. അവരെ തിരികെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും മ്യാന്‍മര്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി മിന്റ് ക്യെങ് അറിയിച്ചു.
തിരികെ പോകുന്നതിനായി റോഹിംഗ്യകള്‍ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ചുനല്‍കണം. ഇതില്‍ അവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുകയും വേണം. റോഹിംഗ്യന്‍ വിഷയത്തില്‍ പോംവഴി കണ്ടെത്തുന്നതിനായി മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മഹ്മൂദ് അലിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ കരാറില്‍ തീരുമാനമായത്.
റോഹിംഗ്യന്‍ വിഷയത്തില്‍ വിവിധ ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും മ്യാന്‍മറിനെതിരേ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്നതു വംശീയാതിക്രമമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഇതേ അഭിപ്രായം തുറന്നടിച്ചു കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്തെത്തിയിരുന്നു. നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച മ്യാന്‍മറിനെതിരേ ഉപരോധത്തിനടക്കം ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞിരുന്നു. ഇതിന്ന് പുറമേ പോപ് ഫ്രാന്‍സിസ് അടുത്തയാഴ്ച ബംഗ്ലാദേശിലെത്തി അഭയാര്‍ഥികളെ കാണാനിരിക്കുകയായിരുന്നു. 26നു മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കുന്ന പോപ് ഫ്രാന്‍സിസ്, സൈനിക തലവനുമായും സൂക്കിയുമായും ചര്‍ച്ച നടത്തുമെന്നു വത്തിക്കാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റാഖൈനിലും പരിസരപ്രദേശങ്ങളിലുമായി മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തിയ നരനായാട്ടിനെ സാമാന്യവല്‍ക്കരിച്ചു നേരത്തേ ഓങ് സാന്‍ സൂക്കി രംഗത്തെത്തിയതും ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 6,20,000 പേരാണ് മ്യാന്‍മറില്‍നിന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."