പിണറായി സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയത് അഞ്ച് കോളജുകള്‍ക്ക്
തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയത് അഞ്ച് കോളജുകള്‍ക്ക്. ചില സമുദായങ്ങള്‍ക്ക് അകമഴിഞ്ഞ പരിഗണന ലഭിച്ചപ്പോള്‍ ചിലരെ പാടെ ഒഴിവാക്കിക്കൊണ്ടാണ് അനുമതി നല്‍കിയത്.
ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായാണ് ഈ അഞ്ച് കോളജുകള്‍ക്കും അനുമതി ലഭിച്ചത്. എയ്ഡഡ് പദവി ലഭിച്ച കോളജുകളില്‍ നാലെണ്ണം ഹിന്ദു മാനേജ്‌മെന്റിന് കീഴിലും ഒരെണ്ണം ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുമാണ്. തോന്നക്കല്‍ ശ്രീ സത്യസായി, കിളിമാനൂര്‍ ശ്രീ ശങ്കര കോളജ്, മുളയറ ബിഷപ്പ് യേശുദാസന്‍ സി.എസ്.ഐ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സത്യസായി ഓര്‍ഫനേജിന് കീഴിലുള്ള ശ്രീ സത്യസായി കോളജ്, പെരുമ്പാവൂര്‍ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള ശ്രീ ശങ്കര കോളജ് എന്നിവയ്ക്കാണ് എയ്ഡഡ് പദവി ലഭിച്ചത്. ഇവയില്‍ മൂന്നെണ്ണം തലസ്ഥാന ജില്ലയിലാണ്.
ജൂലൈ അഞ്ചിനും ഒക്ടോബര്‍ 11നും ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോളജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നടപടികള്‍ പൂര്‍ത്തിയായവയ്ക്ക് അംഗീകാരം നല്‍കുകയാണ് ചെയ്തതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതിപോലും ഉണ്ടാക്കിയ ഈ സര്‍ക്കാര്‍ സാമുദായിക പ്രീണനത്തിനായി കോളജുകള്‍ അനുവദിച്ചത് ചര്‍ച്ചയായിട്ടുണ്ട്.
സാമുദായികാടിസ്ഥാനത്തില്‍ കോളജുകള്‍ അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിനെതിരേ ഇടതുപക്ഷം ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."