പുതിയ കാലത്ത് നബിദിനാഘോഷങ്ങള്‍ക്ക് പ്രസക്തിയേറുന്നു: ഡോ.ബഹാഉദ്ദീന്‍ നദ്‌വി
മനാമ: വിശുദ്ധ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും തീവ്രവാദ ആരോപണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത പുതിയ കാലത്ത് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവ ചരിത്രവും സന്ദേശവും പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്നും നബിദിന പരിപാടികള്‍ ഇതിന് സഹായകമാകുമെന്നതിനാല്‍ നബിദിനാഘോഷങ്ങളുടെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണെന്നും ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈ.ചാന്‍സിലറുമായ ഡോ. ബഹാഉദ്ധീന്‍ നദ്‌വി ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.
ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ അദ്ദേഹം സുപ്രഭാതത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നബിദിനാഘോഷത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിച്ചത്.
നബി(സ)യെ കുറിച്ച് കൂടുതല്‍ അറിയേണ്ടതും അവ പ്രചരിപ്പിക്കേണ്ടതും ഇന്നിന്റെ അനിവാര്യതയാണ്. പ്രത്യേകിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് ആഗോളതലത്തില്‍ നടക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയ വഴി തത്സമയം ലോകമൊട്ടുക്കും സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. അതു കൊണ്ടുതന്നെ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ ഏറ്റവും നല്ലത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യെ കുറിച്ചുള്ള പഠനങ്ങളും പ്രവാചക സന്ദേശങ്ങളുടെ പ്രചാരണവുമാണ്. അതിന് നബിദിനാഘോഷ പരിപാടികള്‍ ഏറെ സഹായകമാണ് അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഒരു മൃഗത്തെ പോലും വേദനിപ്പിക്കരുതെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. ശാരീരികമായി മാത്രമല്ല, മാനസികമായി പോലും വേദനിപ്പിക്കാന്‍ പാടില്ലെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. തന്റെ അനുചരരിലൊരാള്‍ ഒരു പക്ഷിക്കുഞ്ഞിനെ എടുത്ത് പ്രവാചകന്റെ മുമ്പിലെത്തിയപ്പോള്‍ അവിടുത്തെ മുഖം വിവര്‍ണമായ സംഭവം പ്രസിദ്ധമാണ്. തള്ള പക്ഷിയുടെ മാനസിക വിഷമം ഓര്‍മപ്പെടുത്തി പക്ഷിക്കുഞ്ഞിനെ അതിന്റെ കൂട്ടിലേക്ക് തന്നെ തിരികെ നല്‍കാനാണ് നബി(സ) ആവശ്യപ്പെട്ടത്.
ഇപ്രകാരം ലോകത്തിനു മുഴുവന്‍ കാരുണ്യം ചൊരിഞ്ഞ നബി(സ)യെ പുതിയ ലോകത്തിന് പരിചയപ്പെടുത്തേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. അതുകൊണ്ടു തന്നെ പ്രവാച പ്രകീര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാചക സന്ദേശങ്ങളും ധാരാളമായി പ്രചരിപ്പിക്കണമെന്നും അവ പരമാവധി ജീവിത്തില്‍ പകര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞത കൊണ്ടാണ് വഹാബികള്‍ മൗലിദ് ആഘോഷത്തെ എതിര്‍ക്കുന്നത്. ലോകത്ത് വിശ്വാസികളുള്ള എല്ലാ സ്ഥലങ്ങളിലും നബിദിനാഘോഷങ്ങളും നടക്കുന്നുണ്ട്.
നബിദിനാഘോഷം ലോക രാഷ്ട്രങ്ങളില്‍ എന്ന പുസ്തകത്തിലൂടെ ഇവ വിശദീകരിച്ചിട്ടുണ്ടെന്നും അ്േദഹം കൂട്ടിച്ചേര്‍ത്തു.
നബി(സ)യുടെ ജനനവും വഫാത്തും (മരണം) ഒരേ ദിവസത്തിലാണെന്നും അതുകൊണ്ടു അവിടുത്തെ മരണ ദിനത്തില്‍ സുന്നികള്‍ സന്തോഷിക്കുകയാണെന്നുമുള്ള വഹാബി വിമര്‍ശനത്തില്‍ ഒരര്‍ത്ഥവുമില്ല,
കാരണം നബി(സ)യുടെ ജന്മത്തില്‍ സന്തോഷിക്കാനും അല്ലാഹുവിന് നന്ദി അറിയിക്കാനും വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനമുള്ളതാണ്. അതേ സമയം മരണത്തില്‍ ദു:ഖിക്കാനുള്ള കല്‍പ്പനയില്ലെന്നും ഇത്തരം വഹാബി ജല്‍പ്പനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചക പ്രകീര്‍ത്തനം പുണ്യവും പ്രതിഫലാര്‍ഹവുമാണെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അത് നല്ലതാണെന്നും ആചരിക്കേണ്ടതാണെന്നും വഹാബികളുടെ പൂര്‍വീകരും വ്യക്തമാക്കിയതാണ് എന്നിരിക്കെ, അത് നിശ്ചിത ദിവസത്തിലോ മാസത്തിലോ പാടില്ലെന്ന് വാദിക്കുന്നത് വിഡ്ഢിത്തമാണ്. പുണ്യകര്‍മങ്ങള്‍ക്ക് സ്ഥലം, സമയം എന്നിവ നിര്‍ണയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അവ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ് തീവ്രവാദികള്‍ അമേരിക്കയുടെ സൃഷ്ടിയാണ്. ജൂത-അമേരിക്കന്‍ കേന്ദ്രങ്ങളില്‍ നിന്നായി അവര്‍ക്ക് നല്ല ഫണ്ട് ലഭിക്കുന്നുണ്ട്. ജൂതരെയും അമേരിക്കയെയും അവര്‍ അക്രമിക്കാത്തത് ഇതിന്റെ പ്രകടമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വഹാബികള്‍ ഐ.എസ് അടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് എത്തിപ്പെടുന്നത് മതത്തെ സ്വതന്ത്രമായി വ്യാഖാനിച്ചത് കൊണ്ടാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ സച്ചരിതരായ മുന്‍ഗാമികള്‍ പഠിപ്പിച്ചതനുസരിച്ച് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. ഇനിയെങ്കിലും പൂര്‍വീകരുടെ പാതയില്‍ മതത്തെ പഠിക്കാന്‍ അവര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു പുറത്തും സജീവമാണ്. തമിഴ്‌നാട്ടില്‍ സമസ്തയുടെ പ്രവര്‍ത്തനം ആവശ്യമാണെന്ന പ്രദേശവാസികളുടെ അഭ്യര്‍ഥന മാനിച്ച് സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് വിവിധ ഭാഷകളിലായി പുസ്തകങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയത്തിലുള്ള മദ്‌റസകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 22,23,24 തിയ്യതികളിലായി നടക്കുന്ന ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദയുടെ സ്ഥാപനങ്ങള്‍ സജീവമാണ്. കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പുതിയ ഒരു ദാറുല്‍ ഹുദാ സ്ഥാപനം കൂടി വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രഭാതത്തിന് വേണ്ടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മറ്റി സജ്ജീകരിച്ച പുതിയ പ്രിന്റിംഗ് പ്രസ് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സുപ്രഭാതം പ്രിന്ററും പബ്ലിഷറും കൂടിയായ അദ്ധേഹം അറിയിച്ചു. ബഹ്‌റൈനിനു പുറമെ യു.എ.ഇ യും സന്ദര്‍ശിച്ച് അടുത്ത ദിവസം അദ്ദേഹം നാട്ടില്‍ തിരിച്ചെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."