സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു
കൊച്ചി: കച്ചവടം മാത്രം ലക്ഷ്യമിടുന്ന ഐ.എസ്.എല്‍ സംഘാടകര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ നിയമ ലംഘനത്തിന് മുന്നില്‍ കണ്ണടച്ച് ഭരണകൂടവും നിയമപാലകരും. ഐ.എസ്.എല്‍ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഹോം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സ്റ്റേഡിയത്തില്‍ എത്തി കളി കണ്ടവരുടെ എണ്ണം ഒരു ലക്ഷത്തിലേറെ വരും.
ഓരോ മത്സരത്തിനും അരലക്ഷത്തിലേറെ പേര്‍ ഗാലറിയില്‍ കയറി. അണ്ടര്‍ 17 ലോകകപ്പിനായി ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം നവീകരിച്ചതോടെ ഗാലറിയിലെ സീറ്റുകളുടെ എണ്ണം 39,000 ആയി കുറഞ്ഞിരുന്നു. മാത്രമല്ല കാണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേഡിയത്തിലെ കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഒഴിപ്പിക്കുകയും ചെയ്തു. 29,000 പേര്‍ക്കാണ് ലോകകപ്പ് കാണാന്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍, ലോകകപ്പ് കഴിഞ്ഞ് ഐ.എസ്.എല്‍ വന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉപേക്ഷിച്ചു.
അധികൃതരുടെ ഈ തലതിരിഞ്ഞ നടപടിയുടെ ഞെട്ടലിലാണ് ഫിഫയുടെ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി. അദ്ദേഹം തന്റെ ആശങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മുകളിലത്തെ സ്റ്റാന്‍ഡില്‍ നിന്ന് എങ്ങനെ കാണികളെ താഴെയിറക്കും. മൂന്നാം സ്റ്റാന്‍ഡില്‍ നിന്ന് ആളുകളെ അതിവേഗം പുറത്തെത്തിക്കാന്‍ യാതൊരു വഴികളുമില്ല.
ഒന്നും സംഭവിക്കില്ലെന്ന ശുഭ പ്രതീക്ഷയാണ് സെപ്പി ട്വിറ്ററില്‍ പ്രകടിപ്പിച്ചത്. സ്റ്റേഡിയത്തിന്റെ ആകെ ശേഷി, അടിയന്തര ഘട്ടത്തില്‍ വാതിലുകളിലൂടെ പുറത്തേക്ക് പോകാന്‍ കഴിയുന്നവരുടെ എണ്ണം, അത്യാഹിതം സംഭവിച്ചാല്‍ കാണികളെ ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവ വിശദമായി പഠിച്ച ശേഷമാണ് സീറ്റുകളുടെ എണ്ണം ഫിഫ പരിമിതപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് ഗാലറിയിലെ ഏറ്റവും മുകളിലെ സ്റ്റാന്‍ഡില്‍ പ്രവേശനം വേണ്ടെന്ന് തീരുമാനിച്ചത്.
എന്നാല്‍, ലാഭം മാത്രം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സിന് കാണികളുടെ സുരക്ഷയില്‍ ഒരു ആശങ്കയുമില്ല. സര്‍ക്കാരിന്റെ സുരക്ഷാ ഏജന്‍സികളും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും പൊലിസും നിയമ ലംഘനത്തിന് കുട പിടിക്കുകയാണ്. അര ലക്ഷത്തിലേറെ പേര്‍ കളി കാണാന്‍ സ്റ്റേഡിയത്തില്‍ കയറുമ്പോഴും ഔദ്യോഗിക കണക്ക് 38,000 ല്‍ താഴെയാണ്. ഇതുതന്നെ ഫിഫയുടെ മാനദണ്ഡം പാലിക്കുന്നില്ലെന്നതിന്റെ തെളിവാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിലവിലെ സ്ഥിതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."