ജനപ്രതിനിധികള്‍ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍ വേണോ...?
'കഴിക്കാന്‍ ഭക്ഷണവും ധരിക്കാന്‍ വസ്ത്രവും പാര്‍ക്കാന്‍ പാര്‍പ്പിടവും തന്ന് സഹായിച്ച ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബനാഥന് ആയിരമായിരം അഭിവാദ്യങ്ങള്‍...!'
വഴിയരികില്‍ ഇങ്ങനെയൊരു ഫഌക്‌സ് ബോര്‍ഡ് തൂങ്ങിയതു കണ്ടാല്‍ നിങ്ങള്‍ക്കെന്തുതോന്നും..?
ഒന്നുകില്‍ ആ കുടുംബത്തിനു കാര്യമായ എന്തോ ബാധിച്ചിട്ടുണ്ട്.. അല്ലെങ്കില്‍, കുടുംബം കുടുംബനാഥനെ പരിഹസിച്ചതാണ്.. അതുമല്ലെങ്കില്‍, കുടുംബനാഥനില്‍നിന്ന് ആദ്യമായി ഒരു സഹായം ലഭിച്ചപ്പോള്‍ ആ സന്തോഷം പ്രകടിപ്പിച്ചതാവാം...
പ്രഥമദൃഷ്ട്യാ ഈ മൂന്നാലൊരു സാധ്യതയ്ക്കല്ലേ സാധ്യതയുള്ളൂ.
സ്വന്തം കുടുംബത്തെ സഹായിച്ചതിന്റെ പേരില്‍ ഒരു കുടുംബനാഥനും അഭിനന്ദിക്കപ്പെടാറില്ല. അഭിനന്ദിക്കപ്പെടേണ്ടതുമില്ല. കാരണം, അതയാളുടെ നിര്‍ബന്ധബാധ്യതയാണ്. നിര്‍ബന്ധബാധ്യത നിറവേറ്റിയവനെ പറ്റി തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചവന്‍ എന്നേ പറയേണ്ടതുള്ളൂ. ഔദാര്യവാന്‍, വത്സലഹൃദയന്‍, സേവനസന്നദ്ധന്‍ എന്നൊന്നും പറഞ്ഞു വാനോളം പൊക്കേണ്ടതില്ല. നേരെ മറിച്ച്, തനിക്കു പ്രത്യേകിച്ചൊരു ബാധ്യതയുമില്ലാത്ത അന്യകുടുംബത്തെയാണ് ഇങ്ങനെ സഹായിക്കുന്നതെങ്കില്‍ അതിന്റെ പേരില്‍ അയാളെ അഭിനന്ദിക്കാം. കാരണം, തന്റെ ഉത്തരവാദിത്തമല്ലാതിരുന്നിട്ടുകൂടി അയള്‍ സ്വയം ഏറ്റെടുത്തു നിര്‍വഹിക്കുകയാണാ ദൗത്യം.
കൈ കാണിച്ചിട്ടും ലൈന്‍ ബസ് സ്റ്റോപില്‍ നിര്‍ത്താതെ പോയാല്‍ അതിന്റെ പേരില്‍ ജനം പരാതികൊടുക്കും. നേരെമറിച്ച്, കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്തിയില്ലെങ്കില്‍ അതിന്റെ പേരില്‍ ആരും പരാതിയുമായി ബൈക്കുകാരനെതിരേ തിരിയില്ല. കാരണം, സ്റ്റോപില്‍ നിര്‍ത്തി ആളെ കയറ്റുക എന്നത് ബസ് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റിയാല്‍ ആരും ഡ്രൈവറെ അഭിനന്ദിക്കാറില്ല. ഇറക്കേണ്ടിടത്ത് ഇറക്കിക്കൊടുത്തതിന്റെ പേരില്‍ 'ഈ ഉപകാരത്തിന് നന്ദി' എന്ന് ഇന്നേവരെ ഒരു ബസ് ഡ്രൈവറും യാത്രാക്കാരില്‍നിന്നു കേട്ടിട്ടുമുണ്ടാകില്ല. നിര്‍ബന്ധബാധ്യത നിറവേറ്റിയാല്‍ അങ്ങനെയാണ്.
അതേസമയം, ബൈക്ക് യാത്രികന്‍ വഴിയരികിലുള്ള ഒരാളെ കയറ്റിയാല്‍ അതഭിനന്ദിക്കപ്പെടും. തന്റെ പിന്നില്‍ കയറിയവനെ ഇറക്കേണ്ടിടത്ത് ഇറക്കിക്കൊടുത്താല്‍ ഇറങ്ങുമ്പോള്‍ ബൈക്കുകാരനോട് അയാള്‍ നന്ദി പറയുകയും ചെയ്യും. കാരണം, യാത്രക്കാരനെ തന്റെ വാഹനത്തില്‍ കയറ്റിയത് അയാളുടെ ഔദാര്യമാണ്.
കുടുംബനാഥന്‍ സ്വന്തം കുടുംബത്തിനു സഹായം നല്‍കുന്നത് ഔദാര്യമല്ല, ഉത്തരവാദിത്തമാണ്. അന്യകുടുംബത്തെ സഹായിക്കുന്നത് ഉത്തരവാദിത്തമല്ല, ഔദാര്യമാണ്. ഔദാര്യം കാണിച്ചാല്‍ അഭിനന്ദിക്കപ്പെടും. ഉത്തരവാദിത്തം നിറവേറ്റിയാല്‍ ബാധ്യത നിറവേറ്റിയവന്‍ എന്ന പേരില്‍ മാത്രമൊതുങ്ങും.
സ്ഥിതി ഇതാണെങ്കില്‍ ഇനിയൊരു ചോദ്യം:
വഴിയരികില്‍ നിങ്ങള്‍ വേറൊരു ഫഌക്‌സ് കാണുകയാണ്. അതിലെഴുതിയിരിക്കുന്നതിങ്ങനെ:
''പുല്ലങ്കോട് കോളനിയിലേക്ക് റോഡ് അനുവദിച്ചുതന്ന സഖാവ് തോമസ് എം.എല്‍.എയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍..''
നിങ്ങള്‍ക്കെന്തു തോന്നും..?
ഇവിടത്തെ എം.എല്‍.എ നല്ല വികസനപ്രവര്‍ത്തകനാണെന്ന്.. സമൂഹികസേവകനാണ്.. അല്ലേ..
എന്നാല്‍, തുടക്കത്തില്‍ പറഞ്ഞ ഫഌക്‌സും ഈ ഫഌക്‌സും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്..? കുടുംബനാഥന്‍ തന്റെ ഔദാര്യമല്ല, ബാധ്യതയാണു നിറവേറ്റുന്നത്. അതിനാല്‍ അയാള്‍ അഭിനന്ദിക്കപ്പെടുന്നില്ല. എം.എല്‍.എയും തന്റെ ഔദാര്യമല്ല, ബാധ്യതയാണു നിറവേറ്റുന്നത്. പക്ഷേ, അയാള്‍ അഭിനന്ദിക്കപ്പെടുന്നു...! ഇതെന്തു വൈരുദ്ധ്യം..? നേരത്തെ പറഞ്ഞ മൂന്നു സാധ്യതകള്‍ എം.എല്‍.എയുടെ വിഷയത്തില്‍ എന്തുകൊണ്ടുണ്ടാകുന്നില്ല...?
എം.എല്‍.എ സ്വന്തം കീശയില്‍നിന്നു കാശിറക്കിയാണ് റോഡ് നിര്‍മിച്ചതെങ്കില്‍ നമുക്കയാളെ അഭിനന്ദിക്കാം. പക്ഷേ, അയാള്‍ ചെലവഴിക്കുന്ന കാശ് അയാളുടേതല്ല, ജനങ്ങളുടേതാണ്. റോഡ് നിര്‍മാണോത്തരവാദിത്തം തനിക്കില്ലാതിരുന്നിട്ടും റോഡ് നിര്‍മിച്ചു എന്നാണെങ്കില്‍ അതിനും നമുക്ക് അദ്ദേഹത്തെ അഭിനന്ദിക്കാം. പക്ഷേ, റോഡില്ലാത്തിടത്ത് റോഡ് നിര്‍മിക്കുകയെന്നത് അയാളുടെ ഉത്തരവാദിത്തമാണ്. തങ്ങളുടെ മേഖലയില്‍ ആവശ്യമായ വികസനപ്രവൃത്തികള്‍ നടത്താനാണു ജനങ്ങള്‍ അയാളെ തെരഞ്ഞെടുത്തു വിജയിപ്പിച്ചത്. ഇനി ജനം അയാളെ നിര്‍ബന്ധിപ്പിച്ചു ജനപ്രതിനിധിയാക്കിയപ്പോള്‍ ചെയ്ത പ്രവര്‍ത്തനമാണ് റോഡ് നിര്‍മാണം എങ്കില്‍ അതിന്റെ പേരിലും അയാളെ അഭിനന്ദിക്കാം. പക്ഷേ, ആരും നിര്‍ബന്ധിപ്പിച്ചതല്ല, എന്നെ നേതാവാക്കൂ എന്ന് ഓരോ വീട്ടിലും കയറിപ്പറഞ്ഞ് അവരുടെ വോട്ട് യാചിച്ചാണ് അയാള്‍ നേതാവായത്.
താന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണത്തില്‍നിന്നു തന്റെ കുടുംബത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്താല്‍ പോലും കുടുംബനാഥന്‍ അഭിനന്ദിക്കപ്പെടില്ല എങ്കില്‍ 'എന്നെ നേതാവാക്കൂ നിങ്ങളെ ഞാന്‍ സഹായിക്കാം' എന്നു പറഞ്ഞ് വോട്ടുനേടിയവന്‍ പിന്നീട് നേതാവായപ്പോള്‍ ജനങ്ങളുടെ കാശ് ഉപയോഗപ്പെടുത്തി അവര്‍ക്കുവേണ്ടി എന്തെങ്കിലും വികസനപ്രവൃത്തികള്‍ നടത്തിയാല്‍ അയാള്‍ എന്തായാലും അഭിനന്ദിക്കപ്പെടാന്‍ പാടില്ല. കുടുംബനാഥന്‍ കുടുംബത്തിന്റെ പണമല്ല, തന്റെ പണമാണ് അവര്‍ക്കുവേണ്ടി ചെലവാക്കുന്നത്. ജനപ്രതിനിധി തന്റെ പണമല്ല, ജനങ്ങളുടെ പണമാണ് അവര്‍ക്കുവേണ്ടി ചെലവാക്കുന്നത്. അപ്പോള്‍ കുടുംബനാഥന്റെയത്രപോലും അയാള്‍ അഭിനന്ദിക്കപ്പെടാന്‍ അര്‍ഹനല്ല എന്നുവരും. ആയിരമായിരം പോയിട്ട് ഒരഭിവാദ്യത്തിനുപോലും അയാള്‍ അര്‍ഹനല്ല.
പക്ഷേ, സംഭവിക്കുന്നതു നേര്‍വിപരീതം..!
നേതാക്കള്‍ക്കുവേണ്ടി പോസ്റ്ററടിക്കുന്ന അണികള്‍ ഇനിയെങ്കിലും ആലോചിക്കുക 'ഇതു വേണോ' എന്ന്.. ജനപ്രതിനിധി ചെയ്ത വികസനപ്രവൃത്തി അയാളുടെ ഔദാര്യമാണോ ഉത്തരവാദിത്തമാണോ എന്ന്. ഔദാര്യമായാണു നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ പിന്നെ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്താണെന്നു നിങ്ങള്‍ പറഞ്ഞുതരിക. ബോര്‍ഡ് വച്ച കാറിലൂടെ തെക്കുവടക്ക് സഞ്ചരിക്കലോ മൈക്കിനു മുന്നിലെത്തിയാല്‍ ജനങ്ങളെ മയക്കിക്കിടത്തുന്ന നാലഞ്ചു ഡയലോഗുകളടിക്കലോ...?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."