ബിഗ് സല്യൂട്ട്
'ഓന്റെ രാജ്യസ്‌നേഹോം ആത്മധൈര്യോം കൊണ്ട് മാത്രാന്ന് ഓനിന്നും പരസഹായത്തോടെ ആന്നെങ്കിലും രാജ്യത്തിന് വേണ്ടി ഇപ്പോഴും ഓടിനടക്കുന്നത് ''
2008 നവംബര്‍ 26നു ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പരുക്കേറ്റു ശരീരം തളര്‍ന്നുപോയ ധീരജവാന്‍ പി.വി മനേഷിന്റെ അമ്മയുടെ വാക്കുകളാണിത്. 160ലേറെ സാധാരണക്കാരെ കടല്‍കടന്നെത്തിയ തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ത്തുകൊലപ്പെടുത്തി ആ ഭീകരദിനത്തില്‍. ആ ഭീകരാക്രമണത്തില്‍ പകച്ച രാജ്യത്തിനു മുന്നില്‍ രക്ഷകരായി ഓടിയെത്തിയത് എന്‍.എസ്.ജി കമാന്‍ഡോകളായിരുന്നു. ഭീകരരെ വധിച്ചും തുരത്തിയും ഒടുവില്‍ മുംബൈ താജ് ഹോട്ടല്‍ തിരികെപിടിച്ചപ്പോള്‍ മലയാളത്തിനു നഷ്ടമായത് ഒരു വീരപുത്രനെയാണ്- മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. അടര്‍ക്കളത്തില്‍ വീരമൃത്യു വരിച്ചെങ്കിലും ഇന്ത്യയുടെ ഹീറോയായി മാറി സന്ദീപ്.
എന്നാല്‍, സന്ദീപിനെ കൂടാതെ ആ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കുകൊണ്ട മലയാളികള്‍ മറക്കാത്ത മറ്റൊരു ഹീറോയായിരുന്നു കണ്ണൂര്‍ സ്വദേശിയായ എന്‍.എസ്.ജി കമാന്‍ഡോ പി.വി മനേഷ്. മുംബൈയിലെ ട്രിഡന്റ് ഒബറോയ് ഹോട്ടലിലെ ഭീകരരെയാണ് മനേഷിനു നേരിടേണ്ടിവന്നത്. അതിനിടയില്‍ ഒരു ഭീകരനെ ചങ്കുറപ്പോടെ അടിച്ചുവീഴ്ത്തി. തന്റെ പിസ്റ്റളില്‍നിന്നുള്ള വെടിയേറ്റു മരിക്കുംമുന്‍പ് ഭീകരന്‍ മേല്‍പോട്ടെറിഞ്ഞ, രണ്ട് സെക്കന്‍ഡില്‍ പൊട്ടിത്തെറിക്കുന്ന ഗ്രനേഡ് ഹെല്‍മെറ്റിട്ട തലകൊണ്ട് രണ്ടും കല്‍പ്പിച്ച് തട്ടിമാറ്റി. സ്വന്തം ജീവന്‍ മറന്ന് 60ഓളം സാധാരണക്കാരെ രക്ഷിക്കാനായിരുന്നു ആ നീക്കം. മൂന്ന് ഗ്രനേഡ് ചീളുകള്‍ മനേഷിന്റെ തലയില്‍ തുളഞ്ഞുകയറി. ശരീരത്തിന്റെ വലതുഭാഗത്തെ ജീവന്റെ തുടിപ്പുകള്‍ കവര്‍ന്ന ഗ്രനേഡ് ചീളുകളില്‍ രണ്ടെണ്ണം പുറത്തെടുത്തെങ്കിലും ഇപ്പോള്‍ വലതുവശം പൂര്‍ണമായി തളര്‍ന്ന അവസ്ഥയിലാണ്. ആ ധീരതയ്ക്ക് ഉന്നതമായ ശൗര്യചക്ര അവാര്‍ഡ് നല്‍കി രാഷ്ട്രം കമാന്‍ഡോ പി.വി മനേഷിനെ ആദരിച്ചു.
രാജ്യസേവനത്തിലേക്ക്
ഒരു സാധാരണ കുടുംബമായിരുന്നു മനേഷിന്റേത്. കര്‍ണാടകയില്‍നിന്നു വൈക്കോല്‍ കൊണ്ടുവന്ന് നാട്ടില്‍ ആവശ്യക്കാര്‍ക്കു വിതരണം ചെയ്യുന്ന ചെറിയൊരു ബിസിനസായിരുന്നു അച്ഛന്. വീടിനടുത്ത് ബീച്ചായിരുന്നു. ബീച്ചിലെ മണലിലും വെള്ളത്തിലുമുള്ള പരിശീലനം കുട്ടിക്കാലത്തുതന്നെ നല്ല ശാരീരികക്ഷമത കൈവരിക്കാന്‍ സഹായിച്ചു. സ്‌പോര്‍ട്‌സിലെ മികവല്ലാതെ പത്താംക്ലാസിലെ പരീക്ഷയ്ക്കു കാര്യമായ മാര്‍ക്കൊന്നും തനിക്കുണ്ടായിരുന്നില്ലെന്നു മനേഷ് പറയുന്നു. അതിനാല്‍ ഒരു പ്രൈവറ്റ് കോളജിലാണ് പ്രീഡിഗ്രിക്കു ചേര്‍ന്നത്. പഠനത്തിനുശേഷം ജോലി സ്വപ്‌നം കണ്ട് എയര്‍കണ്ടീഷന്‍ ആന്‍ഡ് റെഫ്രിജറേഷന്‍ കോഴ്‌സിനും ചേര്‍ന്നു.
ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ സമയം കൊല്ലാന്‍ വാങ്ങിയ മിക്‌സ്ചര്‍ പൊതിഞ്ഞ കടലാസ് ആണ് മനേഷിന്റെ ജീവിതം മാറ്റിമറിച്ചത്. സൈന്യത്തില്‍ ചേരുന്നതിനുള്ള റിക്രൂട്ട്‌മെന്റ് റാലിയെക്കുറിച്ചുള്ള വാര്‍ത്തയുള്ള കടലാസ് കഷണമായിരുന്നു അത്. കൂട്ടുകാരെല്ലാം അപേക്ഷ അയക്കണമെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്തത് മനേഷ് മാത്രം. അന്ന് ഇലവന്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിന്റെ ടീമംഗമായിരുന്ന മനേഷിന് എന്നും കളിയുണ്ടായിരുന്നു. എന്നാലും, മറ്റുള്ളവര്‍ക്കു കൂട്ടിനുവേണ്ടി അപേക്ഷിച്ചു. ഒടുവില്‍ കൂട്ടുകാര്‍ എല്ലാവരും പുറത്തായി. സെലക്ഷന്‍ കിട്ടിയത് മനേഷിനു മാത്രം. എന്നിട്ടും സൈന്യത്തില്‍ ചേരണമോ എന്ന കാര്യത്തില്‍ സംശയം ബാക്കി. കാരണം ആ സമയത്താണ് കുടുംബസുഹൃത്തുവഴി ഗള്‍ഫില്‍ പോകാന്‍ വിസ ശരിയാകുന്നത്. അതേസമയം തന്നെ ബി.ആര്‍.ഒയില്‍നിന്ന് സെലക്ഷന്‍ ലെറ്ററും കിട്ടി. ആകെ ധര്‍മസങ്കടത്തിലായി; സൈന്യത്തില്‍ ചേരണോ, ഗള്‍ഫില്‍ പോകണോ?
മുതിര്‍ന്ന സുഹൃത്ത് ഹരിയേട്ടന്റെ വാക്കുകള്‍ മനസു മാറ്റി: ''നൂറു ദിവസം പൂച്ചയായി ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒരു ദിവസം പുലിയായി ജീവിക്കുന്നതാണ്. പണം മാത്രമല്ലല്ലോ ജീവിതത്തില്‍ കാര്യം.'' എന്നും സൈന്യത്തിന്റെയും സൈനിക ജീവിതത്തിന്റെയും ആരാധകനായിരുന്ന ഇളയച്ഛന്‍ ബാലകൃഷ്ണനും അതേ അഭിപ്രായം ഏറ്റുപറഞ്ഞു. പിന്നീടുള്ള കഥ മനേഷ് വിവരിക്കുന്നു:
ഊട്ടിയിലെ വെല്ലിങ്ടണിലായിരുന്നു പരിശീലനം. 24 മലയാളികള്‍ ഒരുമിച്ച് ട്രെയിനിലായിരുന്നു യാത്ര. ക്യാംപിലെത്തിയതോടെ എല്ലാവരും പല കമ്പനികളിലെ പല പ്ലാറ്റൂണുകളായി വിഭജിക്കപ്പെട്ടു. എന്റെ ഗ്രൂപ്പില്‍ മലയാളിയായി ഞാന്‍ മാത്രം. 56 പേരടങ്ങുന്നതായിരുന്നു ഒരു പ്ലാറ്റൂണ്‍. ജീവിതം പെട്ടെന്നു മാറിമറിഞ്ഞു. വെളുപ്പിനു മൂന്നരമണിക്കു തുടങ്ങുന്ന പരിശീലനം. രാത്രി 12നു മാത്രമേ ഉറങ്ങാന്‍ കഴിയൂ. ഞാന്‍ ജീവിതത്തില്‍ ഏറെ സ്‌നേഹിച്ച എന്റെ മനോഹരമായ ഹെയര്‍സ്റ്റൈല്‍ ആദ്യദിവസം തന്നെ മുറിച്ചുമാറ്റി. കരഞ്ഞുപോയി. ദേഷ്യവും അമര്‍ഷവും മനസിനെ മഥിച്ചു. ഡ്രില്‍ സമയം എവിടെയെങ്കിലും ഓടിയൊളിച്ചാലോ എന്നു തോന്നി. അഞ്ചുമണിക്കൂര്‍ പരിശീലനം കഴിഞ്ഞു തളര്‍ന്നുവരുന്നവര്‍ ഒരാളെയും എടുത്തുകൊണ്ട് അഞ്ചുമിനിട്ട് ഓടണം. സത്യത്തില്‍ അങ്ങ് ആത്മഹത്യ ചെയ്തു കളഞ്ഞാലോ എന്നുവരെ തോന്നിപ്പോയ ദിനങ്ങള്‍.
ആ ഭീകരദിനത്തില്‍
2008 നവംബര്‍ 26നു രാത്രിയാണ് മുംബൈയിലേക്കു നീങ്ങാന്‍, ഡല്‍ഹിയിലായിരുന്ന താനടക്കമുള്ള 200 അംഗ എന്‍.എസ്.ജി കമാന്‍ഡോ സംഘത്തിന് ഉത്തരവു കിട്ടുന്നത്. പീന്നീട് 26/11 എന്ന പേരില്‍ പ്രസിദ്ധി നേടിയ ആ യാത്രയെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമാന്‍ഡോ ദൗത്യമായി ചരിത്രം രേഖപ്പെടുത്തി. ഓപറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നു സൈന്യം പേരിട്ട ആ ദൗത്യം നടപ്പാക്കാന്‍ 27ന് അതിരാവിലെ കമാന്‍ഡോ സംഘം മുംബൈയിലിറങ്ങി. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നു-'നമ്മുടെ മുന്നില്‍ പരാജയങ്ങളില്ല. എല്ലാം പോസിറ്റീവായി കാണുക. വിജയം മാത്രം ലക്ഷ്യം.'
നരിമാന്‍ ഹൗസ്, താജ്‌ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനല്‍, കാമ ഹോസ്പിറ്റല്‍, ട്രിഡന്റ് ഹോട്ടല്‍ തുടങ്ങി എട്ടിടത്താണു പത്തു ഭീകരര്‍ ചേര്‍ന്നു രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി ആക്രമണം നടത്തിയത്. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട അവസ്ഥ. മുംബൈയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ എസ്.ഐ വിജയ് സലാസ്‌കര്‍ തുടങ്ങിയ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അക്രമികളെ നേരിടാനുള്ള യാത്രയ്ക്കിടയില്‍ ഭീകരരുടെ തോക്കിനിരയായി. മുംബൈ മഹാനഗരം പേടിച്ചരണ്ടു. ഭീകരര്‍ എത്ര പേരുണ്ടെന്നോ എവിടെയാണെന്നോ അറിയാത്ത സ്ഥിതി. താജ്‌ഹോട്ടലിലെ ദൗത്യത്തിനിടയില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഭീകരരുടെ വെടിയേറ്റുമരിച്ചു.
അതിനിടയിലും കമാന്‍ഡോകള്‍ പോരാട്ടം തുടര്‍ന്നു. ആദ്യം നരിമാന്‍ ഹൗസിലുണ്ടായിരുന്ന മൂന്നു ഭീകരരെയും വെടിവച്ചു വീഴ്ത്തി. ട്രിഡന്റ് ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനായിരുന്നു കിട്ടിയ നിര്‍ദേശം. ഹോട്ടലിലേക്ക് ഇരച്ചുകയറി 20-ാം നിലയില്‍ എത്തിയപ്പോള്‍ മനേഷിന്റെ റൈഫിളില്‍ ചാടിവീണു ഭീകരരിലൊരാള്‍ പിടികൂടി. പിടിവലിയില്‍ തോക്ക് അകലേക്കു തെറിച്ചുവീണു. രണ്ടുപേരും തമ്മില്‍ അടിപിടിയായി. അതിനിടയില്‍ കിട്ടിയ ഇടവേളകളിലൊന്നില്‍ അരയില്‍നിന്ന് പിസ്റ്റള്‍ വലിച്ചൂരി മനേഷ് ഭീകരനു നേര്‍ക്കു വെടിയുതിര്‍ത്തു. വെടികൊണ്ട നിമിഷം മരണത്തിനു കീഴടങ്ങും മുന്‍പ് ഭീകരന്‍ അരയില്‍ തൂക്കിയിട്ട ഗ്രനേഡുകളിലൊന്ന് മേല്‍പോട്ടെറിഞ്ഞിരുന്നു. അതു താഴെ വീണാല്‍ മരണം ഉറപ്പ്. നിലത്ത് പതിക്കുന്നതിനു മുന്‍പ് മനേഷ് അത് ഹെല്‍മെറ്റുകൊണ്ട് തട്ടിയകറ്റി. വായുവില്‍ 360 ഡിഗ്രിയില്‍ ഗ്രനേഡ് പൊട്ടിച്ചിതറി. പിന്നെ ഒന്നും ഓര്‍മയില്ല. നാലുമാസം സൈനിക ആശുപത്രിയില്‍ മനേഷ് ബോധമില്ലാതെ കിടന്നു. പിന്നെ മെല്ലെ കണ്ണുതുറന്നു ലോകത്തെ നോക്കി. പക്ഷേ, സംസാരിക്കാന്‍ കഴിയില്ലായിരുന്നു.
ഒരുവര്‍ഷം കൊണ്ട് സംസാരശേഷി തിരിച്ചുകിട്ടി. ഗ്രനേഡിന്റെ മൂന്നു ചീളുകള്‍ തലയോട്ടി തുളഞ്ഞ് ഉള്ളില്‍ കയറിയിരുന്നു. അതില്‍ രണ്ടെണ്ണം പുറത്തെടുത്തു. ഒരെണ്ണം ഇപ്പോഴും ഉള്ളില്‍ത്തന്നെ. തലയില്‍ അഞ്ചിഞ്ചു നീളത്തില്‍ ഇപ്പോള്‍ തലയോട്ടിയില്ല. പകരം അവിടെ ലോഹത്തകിടു വച്ചു മൂടിയിരിക്കുന്നു. കൂടെയുള്ള കമാന്‍ഡോ ആണ് 20-ാം നിലയില്‍നിന്ന് മനേഷിനെയും ചുമന്നു താഴേക്കു നടന്നിറങ്ങിയത്. വൈദ്യുതി നിലച്ചിരുന്നതിനാല്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.
ചെറിയ പാളിച്ച പറ്റിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ പരുക്ക് ഇത്ര ഗുരുതരമാകുമായിരുന്നില്ലെന്ന് മനേഷ് പറയുന്നു. 28 മണിക്കൂറായി തലയില്‍ ധരിച്ചിരുന്ന രണ്ടരക്കിലോ വരുന്ന ഇരുമ്പിന്റെ ഹെല്‍മെറ്റ് അല്‍പനേരം അഴിച്ചുവച്ച് പകരം ഫൈബറിന്റെ ഹെല്‍മെറ്റ് ധരിച്ചിരുന്നു. ഭീകരര്‍ക്കുനേരെ ഇരച്ചുകയറാനുള്ള ഉത്തരവ് വന്നപ്പോള്‍ ഹെല്‍മെറ്റ് മാറ്റാന്‍ മറന്നുപോയി. അതായിരിക്കും തന്റെ നിയോഗമെന്ന് മനേഷ് പറയുന്നു.
ഡല്‍ഹിയിലെ മാനസറിലായിരുന്നു സൈനിക പരിശീലനം ലഭിച്ചത്. 'ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക.' ഇതായിരുന്നു അന്നു മുദ്രാവാക്യം. ഭീകരരോടു മുഖാമുഖം പോരാടാനുള്ള പരിശീലനമാണ് അവിടെ ലഭിച്ചത്. സാധാരണയില്‍നിന്നു വ്യത്യസ്തമായി യുദ്ധമുഖത്തു സ്വയം തീരുമാനമെടുത്തു പോരാടുക. നിമിഷങ്ങള്‍ക്കുപോലും ആയിരം ജീവന്റെ വിലയിടുന്ന യുദ്ധമുഖം. ഒരു കമാന്‍ഡോയുടെ ജീവിതത്തിന് അതു പുതിയ രൂപവും ഭാവവും പകര്‍ന്നു നല്‍കുന്നു. ഓപറേഷന്‍ വിജയ്, രക്ഷക്, അമന്‍, ഹിഫാസത്ത്, പരാക്രം, ബ്ലാക് ടൊര്‍ണാഡോ... രാജ്യം അഭിമാനപൂര്‍വം സ്മരിക്കുന്ന തന്ത്രപ്രധാന കമാന്‍േഡാ ഓപറേഷനുകളിലെല്ലാം ഭാഗഭാക്കായ മനേഷിന് ഇപ്പോഴുള്ള ഒരേയൊരു ആഗ്രഹം വീണ്ടും രാജ്യരക്ഷയ്ക്കുവേണ്ടി യുദ്ധമുഖങ്ങളിലേക്കു മടങ്ങണമെന്നാണ്.
സ്വപ്‌നനേട്ടങ്ങളുടെ
നെറുകയില്‍
വിജയത്തിന്റെയും സ്വപ്‌നനേട്ടങ്ങളുടെയും ഓര്‍മകള്‍ മനേഷ് അയവിറക്കുന്നു:
ഏറെ സ്‌നേഹിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ രക്ഷിതാക്കള്‍ വീട്ടില്‍ വന്നു കണ്ട ദിവസം ഓര്‍മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു. അവര്‍ കാണുമ്പോഴൊക്കെ പറയുന്ന ഒരു കാര്യമുണ്ട്: ''സന്ദീപിനെപ്പോലെ നീയും ഞങ്ങളുടെ മകനാണ്.'' അതു കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയും. എന്നെ മാത്രമല്ല എല്ലാ സൈനികരെയും അവര്‍ മക്കളെപ്പോലെയാണു കണ്ടത്. ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, അവര്‍ക്ക് എങ്ങനെയാണ് ഇത്ര ധീരതയോടെ പെരുമാറാന്‍ കഴിയുന്നതെന്ന്? അതിന് ഞാന്‍ ഉത്തരവും കണ്ടെത്തി. ധീരരായ മാതാപിതാക്കള്‍ക്കുമാത്രമേ ധീരപുത്രന്മാര്‍ക്കു ജന്മം കൊടുക്കാന്‍ സാധിക്കൂ.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍നിന്നു ശൗര്യചക്ര അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ രാഷ്ട്രപതിഭവനിലെ ചുമരില്‍ മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പൂര്‍ണകായ ചിത്രം. കലാമില്‍നിന്ന് ഒരവാര്‍ഡ് വാങ്ങണമെന്നതു മനസില്‍ അറിയാതെ കിടന്ന മോഹമായിരുന്നു. 2012ല്‍ ആ വാര്‍ത്ത മനേഷിനെ തേടിയെത്തി. മള്ളിയൂര്‍ പുരസ്‌കാരം കലാം പി.വി മനേഷിനു സമ്മാനിക്കുന്നു! കലാമിന്റെ കൈയില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ച നിമിഷം ജീവിതത്തിലെ മറക്കാനാകാത്ത ഏടുകളിലൊന്നാണെന്ന് മനീഷ്. അവിടം കൊണ്ടും തീര്‍ന്നില്ല. ഒരു വര്‍ഷത്തിനുശേഷം ഏഴിമല നാവിക അക്കാദമിയില്‍ നിന്നൊരു ഫോണ്‍. കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. കലാമിന് മനേഷിനെയും കുടുംബത്തെയും കാണണമെന്നുണ്ട്, സൗകര്യപ്പെടുമോ എന്നായിരുന്നു അന്വേഷണം. മനേഷ് ഞെട്ടിപ്പോയി. കണ്ണൂര്‍ ജില്ലയാണ് തന്റെ നാടെന്ന് ആ വലിയ മനുഷ്യന്‍ ഓര്‍ത്തിരുന്നു. നാവിക അക്കാദമിയില്‍നിന്നയച്ച കാറില്‍ ഭാര്യയ്ക്കും മകന്‍ യദുകൃഷ്ണനും ഒപ്പം കലാമിനു മുന്‍പില്‍ ചെന്നിറങ്ങുമ്പോള്‍ അതു ജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു മുഹൂര്‍ത്തമായി മനേഷിന്.
ഉത്രാടം തിരുനാള്‍ മഹാരാജാവും നേപ്പാള്‍ മഹാരാജാവുമൊക്കെയുമായുള്ള കൂടിക്കാഴ്ച മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അമ്മ ആഗ്രഹിച്ചതുപോലെ ഒരു വീട് വച്ചു. ചികിത്സകള്‍ തുടരുകയാണ്. സ്വാമി നിര്‍മലാനന്ദ ഗിരി, കോട്ടയ്ക്കല്‍ പി.കെ വാരിയര്‍, ഡോ. വിജയന്‍ നങ്ങേലി എന്നിവരുടെ കൈപ്പുണ്യം സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എല്ലാ കുറവുകളിലും ഇരുകരങ്ങളായി നിന്നു പ്രവര്‍ത്തിച്ച അമ്മയും ഭാര്യയുമാണു ഈ തന്റെ ശക്തികേന്ദ്രങ്ങളെന്ന് മനേഷ്. ഭാര്യ ഷീമ ജില്ലാ സൈനിക ക്ഷേമബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ്. മകന്‍ യദുകൃഷ്ണന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."