നീലക്കുറിഞ്ഞി; വിവാദം സൃഷ്ടിക്കുന്നവര്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് പിണറായി
തൊടുപുഴ: ജനങ്ങളുമായി ചര്‍ച്ച ചെയ്ത് നീലക്കുറിഞ്ഞി ദേശീയോദ്യാനത്തെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിവാദം സൃഷ്ടിക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതോണിയില്‍ ജില്ലാ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി സാങ്ച്വറി പ്രഖ്യാപിച്ചത്. സദുദ്ദേശത്തോടെയുള്ള നടപടിയായിരുന്നു അത്. നീലക്കുറിഞ്ഞി പൂക്കുന്ന മേഖലയെ സംരക്ഷിക്കാന്‍ പ്രാഥമിക വിജ്ഞാപനവുമിറക്കി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ ഇക്കാലയളവില്‍ ഇവിടെ എത്താറുണ്ട്. ഇവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി മൂന്നാറിനില്ല. അവര്‍ക്ക് മതിയായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതോടൊപ്പം നീലക്കുറിഞ്ഞിക്ക് നാശമുണ്ടാകാതെ അവ കണ്ട് ആസ്വദിക്കാനും അവസരമൊരുക്കണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് തീരുമാനിച്ചത്.
സാങ്ച്വറി സംബന്ധിച്ച് ചില കണക്കെടുപ്പുകള്‍ നടന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. പ്രാദേശികമായ എതിര്‍പ്പാണ് കാരണമെന്ന് മുന്നൊരുക്കങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ വനം മന്ത്രിയും വൈദ്യുതിമന്ത്രിയും ചേര്‍ന്ന് നാട്ടുകാരെ കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചത്. കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ വനം, വൈദ്യുതി മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതിയെ തീരുമാനിച്ചത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ വേണമെങ്കില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. കാര്യങ്ങളുമായി മുന്നോട്ട് പോകാം. പക്ഷെ അതിന് ഈ സര്‍ക്കാര്‍ തയാറല്ല. എന്നാല്‍, സാങ്ച്വറിയുടെ വിസ്തൃതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. ചിലര്‍ മനപ്പൂര്‍വം വിവാദം ഉയര്‍ത്താന്‍ ശ്രമിക്കുക്കയാണ്. അതിനു പിന്നില്‍ വേറെ ചില ഉദ്ദേശങ്ങളാണ്. തങ്ങള്‍ ഉയര്‍ത്തുന്ന വിവാദത്തിനു പിന്നാലെ കുറേപ്പേരെയെങ്കിലും കൊണ്ടുപോകാന്‍ കഴിയണമെന്ന ലക്ഷ്യം ഇക്കൂട്ടര്‍ക്കുണ്ട്. വലിയ മാധ്യമങ്ങളെന്ന് ധരിക്കുന്നവര്‍ ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കണോയെന്ന് ചിന്തിക്കണ മെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."