ജിഷ മരിച്ചത് ഒരു ദിവസം മുമ്പെന്ന് പ്രതിഭാഗം
കൊച്ചി: നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ടത് 2016 ഏപ്രില്‍ 27ന് ആയിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. 2016 ഏപ്രില്‍ 28ന് വൈകിട്ട് 5.30നും ആറിനുമിടയ്ക്ക് ജിഷയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ 28ന് ജിഷയെ ജീവനോടെ കണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രതിഭാഗം അഭിഭാഷകന്‍ ബി.എ.ആളൂര്‍ ഖണ്ഡിച്ചു.
അയല്‍വാസിയായ മൂന്നാം സാക്ഷി അമീറിനെ സംഭവ ദിവസം ജിഷയുടെ വീടിനുസമീപത്ത് കണ്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അമീറിനെക്കാള്‍ ഉയരംകൂടിയ ജിഷയെ കണ്ടതായി മൊഴി നല്‍കിയിട്ടില്ല. പ്രതിയെ കാലത്തോ വൈകിട്ടോ സംഭവസ്ഥലത്ത് കണ്ടു എന്ന് തെളിയിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ജിഷ അന്നേദിവസം അവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതിന് രണ്ട് കന്നാസില്‍ ജിഷ വെള്ളം കൊണ്ടുപോകുന്നത് കണ്ടതായി സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ വെള്ളം കൊണ്ടുപോയ കന്നാസ് ഏത് നിറത്തിലുള്ളതാണെന്നും അതില്‍ വെള്ളമുണ്ടായിരുന്നോ എന്നും അന്വേഷണസംഘത്തിന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. സംഭവം നടക്കുമ്പോള്‍ പ്രതി മഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരുന്നതായാണ് സാക്ഷിമൊഴി. മഞ്ഞനിറത്തില്‍ രക്തക്കറ പുരണ്ടാല്‍ വേഗം കണ്ടെത്താനും സാധിക്കും. എന്നാല്‍ ഈ മഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് കണ്ടെത്താനും അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കൈയില്‍ പാടുണ്ടായത് കടിയേറ്റതിനാലാണെന്നാണ് പ്രതി പൊലിസില്‍ മൊഴി നല്‍കിയത്. എന്നാല്‍ ആര് കടിച്ചെന്നോ എപ്പോള്‍ കടിച്ചെന്നോ വ്യക്തമാക്കിയിട്ടില്ല. ഡി.എന്‍.എ പോലുള്ള ശാസ്ത്രീയ തെളിവുകള്‍ ആദ്യം കണ്ടെത്തിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം എന്നാല്‍ പ്രതിയെ അറസ്റ്റുചെയ്തതിനുശേഷമാണ് ഇത്തരം തെളിവുകളുണ്ടായതെന്നും പ്രതിഭാഗം വാദിച്ചു.
തെളിവുകളുടെ കോപ്പി പ്രതിക്ക് നല്‍കണമെന്നാണെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. സംഭവം നടന്നെന്ന് പ്രോസിക്യൂഷന്‍ പറയുന്ന ദിവസം രാവിലെയാണ് ജിഷയുടെ മാതാവ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ജോലി തേടി പോയ അവര്‍ അല്ലപ്രയിലെ ഒരു സ്ത്രീയുടെ മൊബൈലില്‍ നിന്നു അഞ്ച് തവണ വിളിച്ചിട്ടും ജിഷ ഫോണ്‍ എടുത്തില്ലെന്നാണ് മൊഴി നല്‍കി.
എന്നാല്‍ ഇവര്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിരിക്കുന്നതുകണ്ട് വിവരം പറയാന്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനു പിന്നില്‍ ഒരു ചെറിയ വാതിലുണ്ടായിരുന്നു.
എന്നാല്‍ ഈ വാതിലിന്റെ അടുത്തേക്കുപോലും രാജേശ്വരി പോയില്ലെന്നും പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയിരിക്കുന്നതിലേറെയും സാഹചര്യത്തെളിവുകളാണ്. ഈ സാഹചര്യത്തെളിവുകള്‍ മാത്രം മതിയോ പ്രതിയെ ശിക്ഷിക്കാനെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജിഷാവധക്കേസിന്റെ അന്തിമ വാദം പുരോഗമിക്കുന്നത്. ഇന്നും പ്രതിഭാഗം അഭിഭാഷകന്റെ വാദം തുടരും.
2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിനുള്ളില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊല നടന്ന് 49 ദിവസത്തിന് ശേഷമാണ് കാഞ്ചീപുരത്തുനിന്ന് അസം സ്വദേശി അമീറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."