ബാലി അഗ്നിപര്‍വതം: പതിനായിരങ്ങളെ ഒഴിപ്പിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയ്ക്കു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബാലി ദ്വീപില്‍ ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതം ഏറ്റവും ഉയര്‍ന്ന അപകടസ്ഥിതിയിലെന്ന് റിപ്പോര്‍ട്ട്. അഗുങ് പര്‍വതമാണ് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ പുകഞ്ഞുകൊണ്ടിരിക്കുന്നത്.
ഇതേ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ ജക്കാര്‍ത്ത അധികൃതര്‍ വന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദ്വീപിലെ വിമാനത്താവളം അടപ്പിച്ചു. പതിനായിരങ്ങളെ സമീപപ്രദേശങ്ങളില്‍നിന്നു മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളം അടച്ചതിെന തുടര്‍ന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ബാലിയില്‍ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇടവേളയ്ക്കു ശേഷം അഗുങ്ങില്‍ അഗ്നിപര്‍വത ഭീഷണി ഉയര്‍ന്നത്. പര്‍വതത്തിന്റെ 3,400 കി.മീറ്റര്‍ ഉയരത്തില്‍ വരെ കറുത്ത വാതകവും പുകയും നിറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ ആറുമുതല്‍ ദേശീയ ദുരന്ത നിവാരണ ബോര്‍ഡ് ജാഗ്രതാ തോത് നാലിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതി പരിഗണിച്ച് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാലുള്ള ദുരന്തം ശക്തമാകുമെന്ന് കണക്കാക്കിയാണിത്.
അപകടരഹിത മേഖലയുടെ ദൂരപരിധി അധികൃതര്‍ നീട്ടുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി പര്‍വതത്തില്‍നിന്ന് പുക ഉയരുന്നതായും ഇടക്കിടെ ചെറിയ മുഴക്കത്തോടെ പൊട്ടിത്തെറികള്‍ സംഭവിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. പര്‍വതത്തില്‍നിന്ന് 12 കി.മീറ്റര്‍ ദൂരെ വരെ ഈ ശബ്ദം കേള്‍ക്കാനാകുന്നുണ്ട്. അഗ്നിപര്‍വതം ലാവയായി പുകയാന്‍ തുടങ്ങിയതു മുതല്‍ ദ്വീപ് വഴിയുള്ള വിമാനങ്ങള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനു ശേഷം അഗുങ് പര്‍വതത്തിനു സമീപത്തെ 25,000ത്തോളം താമസക്കാരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."