സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം മൂന്നിന്
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആറ് മുതല്‍ 10 വരെ തൃശൂരിലെ 24 വേദികളിലായി നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം രൂപവല്‍ക്കരണ യോഗവും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കും. അടുത്തടുത്ത് വേദികള്‍ ഉണ്ടെന്നത് തൃശൂരില്‍ കലോത്സവം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യം നല്‍കുന്നതായി ഡി.ഡി.ഇ കെ.സുമതി അറിയിച്ചു. പ്രധാനവേദി തേക്കിന്‍കാട് മൈതാനിയിലും ഭക്ഷണസൗകര്യം അക്വാട്ടിക് കോംപ്ലക്‌സിലുമായിരിക്കും. സാധാരണ ഏഴു ദിവസമായി നടക്കുന്ന മത്സരങ്ങള്‍ ഇത്തവണ അഞ്ചായി ചുരുക്കിയിട്ടുണ്ട്.
ആര്‍ഭാടം ഒഴിവാക്കിക്കൊണ്ടായിരിക്കും 58ാമത് കേരള സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. കലോത്സവം ലാളിത്യം കൊണ്ട് മാതൃകയാകുമെന്നും എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ ആര്‍ഭാടത്തിന്റെ ആവശ്യമില്ല. ഘോഷയാത്ര അടക്കമുള്ള പരിപാടികള്‍ അതിനായി ഒഴിവാക്കിയിട്ടുണ്ടെന്നും സാംസ്‌ക്കാരിക സംഗമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ കലാപരിപാടികള്‍ ജഡ്ജ് ചെയ്ത വിധികര്‍ത്താക്കളെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."