സാമ്പത്തിക സംവരണം: ഉത്തരവിറക്കാന്‍ കഴിയാതെ സര്‍ക്കാര്‍
തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം നിയമക്കുരുക്കില്‍ പെടുമെന്ന് ഉറപ്പായതിനാല്‍ നിയമവകുപ്പ് ഫയല്‍ മടക്കി.
നിയമവശങ്ങള്‍ പരിശോധിച്ചാണ് നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ഫയല്‍ മടക്കിയത്. തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെ എന്ന നിലപാടാണ് നിയമവകുപ്പിന്.
സര്‍ക്കാര്‍ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണ് ചീഫ്‌സെക്രട്ടറി കെ.എം.എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ 24 മണിക്കൂറിനകം ഉത്തരവ് പുറപ്പെടുവിക്കുകയാണ് പതിവ്.
ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്താന്‍ നവംബര്‍ 15നാണ് മന്ത്രിസഭ തീരുമാനിച്ചത്. ദേവസ്വംവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി വഴി നിയമസെക്രട്ടറിക്ക് കൈമാറിയിരുന്നു.
സാമ്പത്തിക മാനദണ്ഡം മാത്രം നോക്കിയുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിയുണ്ടെന്നും, അതിനാല്‍ അങ്ങനെ ഉത്തരവിറക്കാനാവില്ലെന്നും നിയമ സെക്രട്ടറി വ്യക്തമായി ഫയലില്‍ എഴുതി. എന്നാല്‍, ദേവസ്വംബോര്‍ഡ് സ്വന്തം ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ സുപ്രിംകോടതി ഉത്തരവ് ദേവസ്വം നിയമനങ്ങള്‍ക്ക് ബാധകമല്ലെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തു.
പ്രശ്‌നം സങ്കീര്‍ണമായതോടെ, സര്‍ക്കാര്‍ കൂടുതല്‍ നിയമോപദേശത്തിനായി ഫയല്‍ അഡ്വക്കറ്റ് ജനറലിന് കൈമാറിയിരിക്കുകയാണ്. നിയമവകുപ്പുമായി ആലോചിക്കാതെയാണ് സാമ്പത്തിക സംവരണത്തിന് മന്ത്രിസഭ തീരുമാനമെടുത്തത്.
അതിനാല്‍, ഉത്തരവിറക്കുന്നതിന് മുന്‍പ് നിയമവകുപ്പിന്റെ അനുമതി കൂടി വേണം. തുടര്‍ന്നാണ് ഫയല്‍ വീണ്ടും നിയമ സെക്രട്ടറിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."