നികുതി പരിഷ്‌കരണ ബില്ലിന് അംഗീകാരം: യു.എസ് സെനറ്റില്‍ ട്രംപിന് നിര്‍ണായക ജയം
വാഷിങ്ടണ്‍: യു.എസ് സെനറ്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിര്‍ണായക വിജയം. നികുതി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ അടങ്ങിയ പുതിയ ബില്ലിന് സെനറ്റ് അംഗീകാരം നല്‍കി.
ബിസിനസ് സംരംഭകരുടെയും സമ്പന്നരായ പൗരന്മാരുടെയും നികുതി വെട്ടിക്കുറയ്ക്കാന്‍ ട്രംപിനെയും റിപബ്ലിക്കന്‍ പാര്‍ട്ടിയെയും സഹായിക്കുന്നതാണ് ബില്‍.ട്രംപ് അധികാരത്തില്‍ വന്നശേഷം സെനറ്റില്‍ അവതരിപ്പിച്ച ബില്‍ ഇതാദ്യമായാണ് പാസാകുന്നത്. 49നെതിരേ 51 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്ല് പാസാക്കിയത്. അമേരിക്കയില്‍ 1980കള്‍ക്കുശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണമാണിത്.
നിരവധിതവണ ഭേദഗതി വരുത്തിയ ശേഷമാണ് ബില്ല് സെനറ്റില്‍ വച്ചത്. ഈ മാസം അവസാനത്തോടെ ബില്ല് പ്രാബല്യത്തില്‍ വരുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം പ്രതിനിധിസഭ പാസാക്കിയ നിയമത്തില്‍ സെനറ്റിന്റെ നിയമനിര്‍മാണംകൂടി ചേര്‍ത്ത ശേഷമായിരിക്കും ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കുക. കോര്‍പറേറ്റ് നികുതിയില്‍ വന്‍ ഇളവ് നല്‍കുന്നതാണ് നികുതി പരിഷ്‌കരണം. ഇത് ഒരുലക്ഷം കോടി യു.എസ് ഡോളറിന്റെ ബജറ്റ് കടബാധ്യതയുണ്ടാക്കുമെന്ന് സെനറ്റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബില്ലിന് അംഗീകാരം നല്‍കിയ റിപബ്ലിക്കന്‍ അംഗങ്ങളെ ട്രംപ് അഭിനന്ദിച്ചു. നേരത്തേ ഒബാമാ കെയറിനെതിരേ അവതരിപ്പിച്ച ആരോഗ്യ പരിരക്ഷാ ബില്ലടക്കം സെനറ്റില്‍ പരാജയപ്പെട്ടിരുന്നു.
ഇതിനുപുറമെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചിരുന്നു.
അതേസമയം, നികുതി പരിഷ്‌കരണ ബില്ലിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സമ്പന്നര്‍ക്കും വന്‍കിട ബിസിനസ് സംരംഭങ്ങള്‍ക്കും മാത്രമാണ് ബില്ല് ഉപകാരപ്പെടുകയെന്ന് ഡെമോക്രാറ്റുകള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."