ഒരു മാരിയമ്മന്‍ വരവ്
കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കാഷ്വാലിറ്റി ജോലിക്കാലത്താണു ശക്തിയായ കാലുവേദനയോടു കൂടിയ പനി തുടങ്ങിയത്. ആശുപത്രിയില്‍നിന്നു വീട്ടിലേക്കുള്ള യാത്രക്കിടയില്‍ വണ്ടിയോടിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. പനിച്ചൂടില്‍ മയങ്ങിക്കിടന്ന ഉച്ചനേരത്താണു പുതിയൊരാളെ കാണുന്നത്. വയറിന്റെ മുകളിലായി വെള്ളം നിറഞ്ഞ ചെറിയ കുരു. ചിക്കന്‍പോക്‌സ് എന്ന് ഉറപ്പിച്ച് ആശുപത്രിയിലേക്ക് അവധി വിളിച്ചുപറഞ്ഞു.
ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണര്‍ത്ത പാടുകളില്‍നിന്ന്, വെള്ളം നിറഞ്ഞ ചെറിയ കുരുക്കളായി മാറുന്നതാണ് ചിക്കന്‍പോക്‌സിന്റെ പ്രധാന ലക്ഷണം. ചിക്കന്‍പോക്‌സ് എന്ന പേരിന്റെ ഉത്ഭവം തന്നെ ഈ കുരുക്കളും പാടുകളുമായി ബന്ധപ്പെട്ടാണ് എന്നാണു പറയപ്പെടുന്നത്. ചിക്ക്പീസ്(വെള്ളക്കടല) പോലെ ഉള്ള കുരുക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ചിക്കന്‍പോക്‌സ് എന്നു വിളിക്കുന്നതെന്നാണ് ഒരുപക്ഷം പറയുന്നത്. ഇവശരസലി ുലരസ െ-അഥവാ കോഴി കൊത്തിയതു പോലുള്ള ചുവന്ന പാടുകള്‍ പോലെ ഇരിക്കുന്ന അസുഖമാണ് എന്നു വേറൊരു വാദം. അത്രയൊന്നും അപകടകരമല്ലാത്ത അസുഖം എന്ന രീതിയിലും ചിക്കന്‍പോക്‌സ് എന്ന പേര് ഉപയോഗിച്ചു തുടങ്ങിയതാണെന്നും പറയുന്നുണ്ട്.
നെഞ്ചിലോ പിറകിലോ മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കള്‍ പതുക്കെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടെ നിറയുന്നു. അസുഖത്തിന്റെ കാഠിന്യമനുസരിച്ച് വായ, കൈവെള്ള, കാല്‍പാദം, ഗുഹ്യഭാഗങ്ങള്‍ എന്നീ ഇടങ്ങള്‍ വരെ രോഗാണുക്കള്‍ കൈയേറി കുരുക്കള്‍ വിതയ്ക്കുന്നു. ഈ ഘട്ടത്തില്‍ ശരീരം മുഴുവന്‍ കഠിനമായ ചൊറിച്ചിലായിരിക്കും. തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം കണ്ടുവരുന്നു. ക്രമേണ കുരുക്കള്‍ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചുമുതല്‍ ഏഴുദിവസം വരെ ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കും.
ഈ വിക്രിയകളുടെ ഒക്കെ കാരണക്കാരനെ കുറിച്ചു പറഞ്ഞില്ലല്ലോ. വാറിസെല്ല സോസ്റ്റര്‍ വൈറസ് (Varicella Zoster Virus) എന്നാണു മൂപ്പരുടെ പേര്. വളരെ പെട്ടെന്നാണ് ഇഷ്ടന്‍ ഒരാളില്‍നിന്നു മറ്റൊരാളിലേക്കു ചെന്നെത്തുന്നത്. ഈ വൈറസ് യാത്രയുടെ പ്രധാന മാര്‍ഗം വായു ആണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്കു തുറന്നുവിടപ്പെടുന്ന വൈറസ് വണ്ടിപിടിച്ച് അടുത്ത അതിഥിയെ തേടുന്നു. ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുതന്നെ പകര്‍ച്ച നടന്നു കഴിഞ്ഞിട്ടുണ്ടാകും. ഇതു കൂടാതെ ശരീരത്തിലുണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നതു വഴിയും അസുഖം പകരാം.
ചിക്കന്‍പോക്‌സ് മൂര്‍ച്ഛിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ, അരച്ചൊറി(Herpes Zoster Shingles) എന്നിവയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ചു കുട്ടികളില്‍ ചിക്കന്‍പോക്‌സ് വഴിയുള്ള അപകടസാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കന്‍പോക്‌സ് വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും ആക്രമിക്കപ്പെട്ടാലും ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണു പതിവ്. സാധാരണ ഗതിയില്‍ വന്നുപോകുന്ന ഒരു അസുഖമാണെങ്കില്‍ കൂടെ 60,000 കേസുകളില്‍ ഒന്നെന്ന നിലയില്‍ മരണങ്ങളും ഉണ്ടായിട്ടുണ്ട്.
ഏറ്റവും അവസാനത്തെ, 2015 വര്‍ഷത്തെ കണക്കുപ്രകാരം ചിക്കന്‍പോക്‌സിന്റെ സങ്കീര്‍ണഫലമായി ലോകത്ത് 6,400 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗര്‍ഭകാലത്തെ ആദ്യത്തെ ആറുമാസങ്ങളില്‍ ചിക്കന്‍പോക്‌സ് വരുന്നത് അപകടകരമായ അവസ്ഥയാണ്. ഇതു കുഞ്ഞിനു പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജനിതകവൈകല്യങ്ങള്‍ക്കും കാരണമാകുന്നു.
ലക്ഷണങ്ങള്‍ കണ്ടുറപ്പിച്ച ശേഷമാണു ചികിത്സ ആരംഭിക്കുന്നത്. ചില അവസരങ്ങളില്‍ സ്ഥിരീകരണ പരിശോധനകളും നടത്താറുണ്ട്. പൊലിമറസ് ചെയിന്‍ റിയാക്ഷന്‍, ആന്റിബോഡി ടെസ്റ്റ്, കുരുക്കളിലെ ദ്രാവകമെടുത്തുള്ള സാന്‍ക് സ്മിയര്‍ ടെസ്റ്റ് തുടങ്ങിയവയാണ് അവ. പാരസെറ്റാമോളും കലാമിന്‍ ലോഷനുമാണ് ചിക്കന്‍പോക്‌സ് രോഗിയുടെ ആശ്വാസങ്ങള്‍. പാരസെറ്റാമോള്‍ പനിയും ശരീരവേദനയും കുറയ്ക്കുന്നു. കലാമിന്‍ തൊലിപ്പുറത്തെ അസ്വസ്ഥതകളും. ആന്റിവൈറല്‍ മരുന്നുകളായ അസൈക്ലോവിര്‍ തുടങ്ങിയവ സങ്കീര്‍ണതകളില്‍നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. വെള്ളം ധാരാളം കുടിക്കുക. തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറക്കുക എന്നിവയാണു മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
************************************************
ഹോസ്റ്റല്‍കാലത്തിനിടയില്‍ പല ചിക്കന്‍പോക്‌സുകാരെയും വീട്ടില്‍ കൊണ്ടുപോയി വിട്ടിട്ടുണ്ടെങ്കിലും അന്നൊന്നും അസുഖം പിടികൂടിയിരുന്നില്ല. തമിഴ്‌നാട്ടുകാരിയായ കൂട്ടുകാരിയില്‍നിന്നാണ് 'മാരിയമ്മന്‍'വരവിനെക്കുറിച്ചു കേള്‍ക്കുന്നത്.
'മാരിയമ്മന്‍ വീട്ടുക്കു വന്താ ട്രീട്‌മെന്റ് എടുക്കകൂടാത...വേപ്പെലയില് പടക്ക വയപ്പെ, അപ്പടി താന്‍ നമ്പിക്ക'
മാരിയമ്മന്‍ അഥവാ ഭഗവതിയുടെ വരവാണ് ചിക്കന്‍പോക്‌സ് എന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടു തന്നെ ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞു പഴമക്കാര്‍ ചികിത്സ എടുക്കാറില്ല. മരുന്നൊന്നും നല്‍കാതെ വേപ്പിലയില്‍ രോഗിയെ കിടത്തുകയാണു ചെയ്യുക.
''മാരിയമ്മനു പുടിച്ച 'കരുവാട്' കുഴമ്പ് വച്ചു കൊടുപ്പെന്‍..''
മാരിയമ്മനെ പ്രീതിപ്പെടുത്താന്‍ ഉണക്കമീന്‍ കറിവച്ചു നല്‍കുമത്രെ. വിളക്കുകൊളുത്തല്‍, കുളി, പ്രാര്‍ഥന, വിലക്കുകള്‍ അങ്ങനെയങ്ങനെ നീണ്ടു വര്‍ത്തമാനം... ഒരു ചിക്കന്‍പോക്‌സില്‍നിന്ന് എന്തെല്ലാം ആചാരങ്ങള്‍. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നു തോന്നിപ്പോകുന്ന അവസ്ഥ.
കാലം മാറി. വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം അന്ധവും ബാലിശവുമായ വിശ്വാസങ്ങളും മാറിവരുന്നുണ്ട്. വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം മനുഷ്യനന്മ തന്നെയാണ്. ചികിത്സ കിട്ടേണ്ടിടത്തു ചികിത്സിക്കുക തന്നെ വേണം. അതൊരു അവകാശമാണ്. ആരോഗ്യം, വിദ്യാഭ്യാസം-ഈ രണ്ടു മേഖലകളിലും കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ചുവടു മുന്നിലാണെന്ന് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. അതു നിലനിര്‍ത്താനും വളര്‍ച്ചയെ മുന്നോട്ടുനയിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുക തന്നെ വേണം.
ചിക്കന്‍പോക്‌സ് മൂര്‍ച്ഛിക്കുന്നതു കൊണ്ടുണ്ടാകുന്ന
പ്രധാന പ്രശ്‌നങ്ങള്‍ ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ, അരച്ചൊറി എന്നിവയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ചു കുട്ടികളില്‍ ചിക്കന്‍പോക്‌സ് വഴിയുള്ള അപകടസാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കന്‍പോക്‌സ് വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും ആക്രമിക്കപ്പെട്ടാലും ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണു പതിവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."