ഗദ്ദാഫിയാകുന്നതിന്റെ ഏകാന്തത
ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു അള്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര(മുഹമ്മദ് മൗലേസഹൂല്‍ യഥാര്‍ഥ നാമം. The Swallows of Kabul, The Attack, The sirens of Baghdad പ്രധാന രചനകളും). താന്‍ വിട്ടേച്ചുപോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് ഖദ്ര നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ്പ് ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്‌ത്രൈണമായ പേര് തൂലികാനാമമായി സ്വീകരിച്ചത്.
അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നതു മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗം. പാശ്ചാത്യലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്‌ലിം എന്ന നിലയില്‍ മതതീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പുമാതൃകകള്‍ മാറ്റിവയ്‌ക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. താലിബാനുകീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ പല നോവലുകളും ഏറെ പ്രശസ്തവും പുരസ്‌കാരങ്ങള്‍ നേടിയവയും ആണ്.
പേര് പറയാത്ത ഒരു കരീബിയന്‍ദേശത്തെ സര്‍വാധിപതിയുടെ പതനം ആവിഷ്‌കരിക്കുന്ന മാര്‍ക്കേസിന്റെ 'കുലപതിയുടെ ശിശിരം' (The Autumn of the Patriarch-), ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ 'ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസമാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാരവിക്ഷുബ്ധവുമായ ഭാഷയില്‍ രചിക്കപ്പെട്ട, സമാനമായ മറ്റൊരു 'ഏകാധിപതിയുടെ പതന' നോവലാണ് ലിബിയയുടെ മുഅമ്മര്‍ ഗദ്ദാഫിയുടെ അന്ത്യരാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ 'ദി ഡിക്റ്ററ്റേഴ്‌സ് ലാസ്റ്റ് നൈറ്റ് '. ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനമായാണു നോവല്‍ വികസിക്കുന്നത്.
'അന്താരാഷ്ട്ര വേദികളില്‍ തന്റെ അധികാരസ്ഥലം അടയാളപ്പെടുത്താനായി മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ' ഇപ്പോള്‍ ട്രിപ്പോളിയില്‍നിന്നുള്ള പലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂളില്‍ കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍ പത്തൊന്‍പതിന്റെ രാത്രി. നാറ്റോ ബോംബിങ്ങിന്റെയും റിബല്‍ സൈന്യത്തിന്റെ വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍ ഒന്നുകില്‍ തളര്‍ന്നുപോയിരിക്കുന്നു. അല്ലെങ്കില്‍ സൈന്യത്തെ ഉപേക്ഷിച്ചു പലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍ ഏകാധിപതികളില്‍നിന്നു വ്യത്യസ്തനായി, പരസ്പരം പോരടിച്ചു ചിതറിനിന്ന ഗോത്രങ്ങള്‍ക്കിടയില്‍നിന്ന് ലിബിയയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് ഗദ്ദാഫിയാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞുനിര്‍ത്താനാകാത്ത ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍ ക്രൂദ്ധനും നിസഹായനുമാണ്. അവിടെ വച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമവിധി ഏറ്റുവാങ്ങുകയും ചെയ്യുന്നത്.
ഒരേസമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വശക്തന്‍ ചമയുകയും ആത്മരതിയുടെ ഊതിവീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ, വിധേയത്വഭാവത്തെ തനിക്കുള്ള സര്‍വസമ്മതിയായി മനസിലാക്കുകയും ചെയ്യുന്നു. ഒപ്പം ഏറെ വികാരവായ്‌പ്പോടെയും സൂക്ഷ്മ സംവേദനഭാവത്തോടെയും താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്നു. ഇങ്ങനെ ഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുഅ്തസിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വകവരുത്തുന്ന പ്രകൃതക്കാരനായും ഭീകരത സൃഷ്ടിക്കുന്നത് അയാള്‍ ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോ, ജനറല്‍ അബൂബക്കര്‍ യൂനിസ് ജബര്‍ തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും റിബലുകളോട് ചേരുന്ന വിവരം വന്നുകൊണ്ടേയിരിക്കുന്നു.
തന്റെ ഉറപ്പായ വിധി കാത്ത് ബങ്കറില്‍ കഴിയുമ്പോഴും ജര്‍മനിയെന്നാല്‍ താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ്‌ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത് സ്വയം 'ഉടല്‍ രൂപം പൂണ്ട ഇതിഹാസം' (mythology made flesh) എന്നും 'ലിബിയ എല്ലാത്തിനും എന്നോടു കടപ്പെട്ടിരിക്കുന്നു' എന്നുമുള്ള താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്തു വിധിയൊരുക്കിയ വഴിയിലാണ് താനെന്നു നിസഹായമാവുന്നുമുണ്ട്; 'ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ വിശദീകരിക്കുന്ന ഒന്നുമാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്; നാം നമ്മള്‍ തന്നെ തിരഞ്ഞെടുത്തതാവണമെന്നില്ലാത്ത വേഷം ആടുകയാണ്. സ്‌ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.'
ഇടവേളയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നയാള്‍ മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീസംസര്‍ഗവും യഥേഷ്ടം തുടരുന്നുമുണ്ട്. റിബലുകളെ കുറിച്ച് 'ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ'ന്നും താന്‍ അവരോടു ക്ഷമിക്കുന്നുവെന്നും ഒരേസമയം ക്രിസ്തുവിനെ പോലെ വിനീതനാകുകയും ദൈവത്തെ പോലെ മഹാമനസ്‌കനാകുകയും ചെയ്യുന്നു. 'എന്തിനെന്നെ കൈയൊഴിഞ്ഞു'വെന്നു വിലപിച്ച ദൈവപുത്രനില്‍നിന്നു വ്യത്യസ്തനായി, ഒടുവിലത്തെ കൊടും പീഡനങ്ങളില്‍നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍ 'ദൈവം എന്നെ കൈവെടിയില്ല' എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി ഗദ്ദാഫിയുടെ അന്ത്യത്തിലും വെടിയുതിര്‍ത്തതാര്, പിന്നീടെന്തു സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യമെടുക്കുന്നേയില്ല. എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക്ഷനല്‍ രൂപത്തില്‍ അന്വേഷിക്കുകയാണു നോവലിസ്റ്റ്. വൈരുധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ വരച്ചുവയ്ക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കാരിക്കേച്ചര്‍ നിര്‍മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയയ്ക്കു വെളിയില്‍ അതിനാടകീയത ഇഷ്ടപ്പെട്ട, സ്ത്രീകളെ അംഗരക്ഷകരായി നിയമിച്ച ലോകത്തെ ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.
ഗൗസ് ഗോത്രവംശജനായ ഗദ്ദാഫിയെ അദ്ദേഹത്തിന്റെ ഏറ്റവും വിനീതമായ ബദൂയിന്‍ പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും എന്നും വേട്ടയാടിയിരുന്നു. ഒരുവേള ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. 1941ല്‍ ഒരിക്കല്‍ തങ്ങളുടെ ദേശത്തു തകര്‍ന്നുവീണ ജര്‍മന്‍ ഫൈറ്ററിന്റെ പൈലറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട് പേര്‍സിയോസിയാണു തന്റെ പിതാവെന്ന് അപശ്രുതി കേട്ട യൗവനകാലത്ത് ഗദ്ദാഫി അതോര്‍ത്ത് ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹണത്തിനു ശേഷം അയാള്‍ കണ്ടെത്തി; 'ഞാന്‍ എന്റെ സ്വന്തം സന്തതിയാണ്, എന്റെ സ്വന്തം സ്രഷ്ടാവും'.
ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണു പ്രധാനം, മറിയമിന്റെ പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂനിയന് സ്റ്റാലിന്‍, ചൈനക്ക് മാവോ, ഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതം, ഒളിവിടത്തിലെ ഭക്ഷണ ദൗര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് ഗദ്ദാഫി മറികടക്കുന്നുമുണ്ട്. 'ഞാനൊരു ബദൂയിന്‍ ആണ്. നിസ്വരുടെ രാജാവ്, രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍'. താന്‍ ദുരമൂത്തവനെ പോലെ പെരുമാറിയപ്പോള്‍ അവയെ പുച്ഛിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍, തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ പിതാവ് സ്‌കൂള്‍ ഹെഡ്മാസ്റ്ററെ പോലെ അതുപയോഗിച്ചു തന്നെ അപമാനിച്ചവരെ, അധികാരാരോഹണ ശേഷം ഒട്ടും കാരുണ്യപൂര്‍വമായല്ല അയാള്‍ നേരിട്ടതും. 'എതിര്‍ക്കുന്നവരെ കീഴടക്കുന്നതു പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു'വെന്നാണ് അയാള്‍ ഏറ്റുപറയുന്നത്.
കിരീടധാരണത്തിനു മൂന്നു വര്‍ഷത്തിനുശേഷം 1972ല്‍ ഫാതെനിന്റെ ഭര്‍ത്താവ് ഇല്ലാകേസില്‍ വേട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക തടവിലായി. പിതാവ് 'അപ്രത്യക്ഷനായി'. ആദ്യപ്രണയം അപമാനത്തില്‍ ഒടുങ്ങിയതാണ് ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ സംഗീതമൊഴികെ ഒരു കലാരൂപത്തിലും തനിക്കു താല്‍പര്യമില്ലെന്നും മണല്‍ക്കാടില്‍ കാറ്റടിക്കുന്ന ശബ്ദമാണു തനിക്കേറെ ഇഷ്ടമെന്നും ഗദ്ദാഫി പറയുന്നുണ്ട്.
1969 ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഇദ്‌റീസ് രാജാവ് ചികിത്സാര്‍ഥം വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍, രാജാവ് പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ് റിപബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്‌ലാമിക് സോഷ്യലിസമെന്ന വികലമായ ആശയം 'ഗ്രീന്‍ ബുക്ക് ' എന്ന പേരില്‍ പാഠപുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍ ഇനി കുരിശുയുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണു പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ ചതുര്‍ഥിയാക്കിയത്. നാട്ടിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍ ഖാഇദയാണെന്ന പല്ലവി അധികാരമുറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തുമകളെയടക്കം കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള 'കൊലാറ്റെരല്‍ ഡാമേജ് ' ഇനത്തില്‍ ലോക്കെര്‍ബി വിമാനദുരന്തത്തെ ന്യായീകരിക്കുന്നുണ്ട് ഗദ്ദാഫി. അബൂസലിം കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നുവെന്നും ഇല്ലായിരുന്നെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി ന്യായീകരിക്കുന്നു. തുടര്‍ന്നു പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാതഭരണത്തിന്റെ അന്ത്യമായാണ് ഇപ്പോള്‍ അയാള്‍ മരണവക്ത്രത്തില്‍ നില്‍ക്കുന്നത്.
ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ സഹതാപം അയാള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. 'ഒരു ദിനം ഇരപിടിയനും അടുത്തനാള്‍ ഇരയു'മെന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. 'സഹോദരതുല്യനായ വഴികാട്ടി', 'എന്നിലൂടെയാണു മോക്ഷം', 'ഞാന്‍ കൊടുങ്കാറ്റിനെയോ അട്ടിമറികളെയോ ഭയപ്പെടുന്നില്ല', 'ദൈവം എന്നോടൊപ്പം', 'ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അതു മതി'... എന്നൊക്കെയാണ് അയാള്‍ സ്വയം വിശേഷിപ്പിക്കുക. എന്നാല്‍ ഇപ്പോള്‍ ജനറല്‍മാരില്‍നിന്ന് അടുത്ത ചലനം എങ്ങനെ, എങ്ങോട്ടായിരിക്കണം എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മകള്‍ ചികയുന്ന ഇടവേളയില്‍ പതിവ് ഹെറോയിന്‍ കുത്തിവയ്പ്പിന്റെ മായികക്കാഴ്ചകളായി ഏകാധിപതിയുടെ ഭരണകാലത്ത് അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴകോര്‍ക്കുന്നു. ഗദ്ദാഫി 'പൗരുഷം കൊണ്ട് പ്രസാദിപ്പിച്ച സ്ത്രീകളും' കീഴടക്കിയ 'നിശ്ചേതനരായിപ്പോയ' കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ ഹാരെമുകളെ കുറിച്ചുള്ള വിവരണം അതെ കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍നിന്നു വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണു നോവലിസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത്. ഭ്രമക്കാഴ്ചകളില്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നുവരുന്ന വാന്‍ഗോഗ്, ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്‍, വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ് എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്. ഹിഷാം മതറിന്റെ 'പുരുഷന്മാരുടെ നാട്ടില്‍' (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്‌കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍ ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവമണ്ഡലത്തില്‍നിന്നു നോക്കിക്കാണുകയാണ് നോവലിസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."