ഗുജറാത്തില്‍ 'വോട്ടുറപ്പിക്കാന്‍' വി.വി പാറ്റ്
അഹമ്മദാബാദ്: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരക്കെ ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അതിനു മറുമരുന്നുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് സംവിധാനം ഉപയോഗപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
സംസ്ഥാനത്തെ 50,264 പോളിങ് ബൂത്തുകളിലും വി.വി പാറ്റ് ഉപയോഗിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ ജ്യോതിയാണ് അറിയിച്ചത്.
രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്‍പത്, 14 തിയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. ആകെ 182 മണ്ഡലങ്ങളാണുള്ളത്. കാലങ്ങളായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഇത്തവണ പട്ടേല്‍ സമുദായം എതിരായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളിലും ബി.ജെ.പിക്കു ഭീഷണിയായിരിക്കുകയാണ്.
നേരത്ത, ഉത്തര്‍പ്രദേശിലടക്കം നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഏതു ചിഹ്നത്തിനു നേരെ അമര്‍ത്തിയാലും ബി.ജെ.പി ചിഹ്നമായ താമരയ്ക്കു വോട്ടുപോകുന്നതിനുള്ള തെളിവുകളും പുറത്തായതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെട്ടിലായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഉത്തര്‍പ്രദേശ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ പൂജ്യം വോട്ട് ലഭിച്ച സ്ഥാനാര്‍ഥി, അപ്പോള്‍ തന്റെ സ്വന്തം വോട്ട് എവിടെപ്പോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു.
ഗുജറാത്തില്‍ പട്ടേല്‍ സമുദായമടക്കം എതിരായതോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സര്‍വസന്നാഹങ്ങളാണ് ബി.ജെ.പി ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു പങ്കെടുക്കുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വലിയ പ്രചാരണങ്ങളാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."