ലോക ഭിന്നശേഷി ദിനാചരണം; ആടിയും പാടിയും ഓടിയും ചാടിയും അവര്‍ വേദനകള്‍ മറന്നു
കണിയാമ്പറ്റ: ബലൂണുകള്‍ ആകാശത്തിലേക്ക് പറത്തിയും ക്യാന്‍വാസില്‍ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നും മാല കോര്‍ത്തും ലോക ഭിന്നശേഷി ദിനത്തില്‍ അവര്‍ ഒത്തുചേര്‍ന്നു. ആടിയും പാടിയും ആഘോഷിച്ച കുരുന്നുകള്‍ വെല്ലുവിളികളെ തങ്ങളുടെ അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടെ അതിജീവിച്ച് നേടിയ കഴിവുകള്‍ ഒരോന്നായി വേദിയിലവതരിപ്പിച്ചു.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടത്തിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലാമേളയിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കൈയടി നേടിയത്. പൊതു വിദ്യാഭ്യാസ വകുപ്പും ആര്‍.എം.എസ്.എയും സംയുക്തമായി സ്പര്‍ശം-2017 എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍ അധ്യക്ഷനായി.വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജ്, പഞ്ചായത്തംഗങ്ങളായ റൈഹാനത്ത് ബഷീര്‍, റഷീന സുബൈര്‍, പി.ടി.എ പ്രസിഡന്റ് കാട്ടി ഗഫൂര്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍ മോഹനന്‍, പ്രധാനധ്യാപിക എം.കെ ഉഷാദേവി, വിനോദ് പുല്ലഞ്ചേരി, ഷഹര്‍ ബാനു, എം ദേവകുമാര്‍, കെ നൗഫല്‍, ജിഷാ ബിന്ദു സംസാരിച്ചു.
പരിമിതികളെ അതിജീവിച്ച് അധ്യാപകരായി സേവനം ചെയ്യുന്ന പി ഉണ്ണികൃഷ്ണന്‍, പി.ബി ഷില്ലി, കെ.വൈ നിശ്ചല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കല്‍പ്പറ്റയില്‍ നടന്ന കായിക മത്സരങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."