യമനില്‍ രൂക്ഷപോരാട്ടം: മുന്‍ പ്രസിഡന്റ് അലി സ്വാലിഹ് കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനെ പിന്തുണക്കുന്ന ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സൈന്യവും ഹൂതി വിമത സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ആക്രമണത്തില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സ്വാലിഹ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച നടന്ന പോരാട്ടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്റെ മരണം പാര്‍ട്ടി നിഷേധിച്ചെങ്കിലും പിന്നീട് നിജപ്പെടുത്തുകയായിരുന്നു. തലസ്ഥാന നഗരിയായ സന്‍ആയിലാണ് ഇരുവിഭാഗവും തമ്മില്‍ രൂക്ഷപോരാട്ടം നടത്തുന്നത്. ഇദ്ദേഹം താമസിക്കുന്ന സ്ഥലം കയ്യേറിയ ഹൂതി വിമതര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ നിന്നും ആഹ്ലാദനൃത്തം ചവിട്ടുന്ന ഹൂതികളുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്.
യമനിലെ ഔദ്യോഗിക ഭരണകൂടത്തിനെതിരെ രംഗത്തുണ്ടായിരുന്ന ഇറാന്‍ അനുകൂല ഹൂതികളും മുന്‍ പ്രസിഡന്റ് കൊല്ലപ്പെട്ട അലി അബ്ദുള്ള സ്വാലിഹ് വിഭാഗവും തമ്മില്‍ യോജിച്ച പോരാട്ടമായിരുന്നു ഇത് വരെയുണ്ടായിരുന്നത്. എന്നാല്‍ അലി അബ്ദുല്ല വിഭാഗം ഹൂതികളോട് അകലുകയായിരുന്നു. ഇതിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ പോരാട്ടം രൂക്ഷമായത്. കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റിന്റെ അധീനതയില്‍ ഉണ്ടായിരുന്ന സ്വകാര്യ ടെലിവിഷന്‍ കേന്ദ്രം ഹൂതികള്‍ നശിപ്പിച്ചിരുന്നു. ഹൂതികളുമായി ഔദ്യോഗികമായി ബന്ധം വേര്‍പ്പെടുത്തിയ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഹൂതികള്‍ പല തവണ രമ്യതയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇറാന്‍ അനുകൂല നിലപാടിനോട് യോജിക്കാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു.
[caption id="attachment_459190" align="alignnone" width="787"] കൊല്ലപ്പെട്ട യമന്‍ മുന്‍ പ്രസിഡന്റ് അലി സ്വാലിഹ്[/caption]
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പോരാട്ടത്തില്‍ ഇരു വിഭാഗത്തിനും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇരുവിഭാഗത്തില്‍ നിന്നും കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 150 ല്‍ അധികമായെന്നാണ് കണക്കുകള്‍ പറയുന്നതെങ്കിലും ഇത് എത്രയോ കൂടുമെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. കൂടാതെ നൂറുകണക്കിന് പേര്‍ ഗുരുതരമായി പരുക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലുമാണ്. അതേസമയം, ഹൂതി വിമതരില്‍ നിന്നും ബാക്കിയുള്ള ചുരുങ്ങിയ പ്രദേശങ്ങള്‍ കൂടി പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ അറിയിച്ചു. ഔദ്യോഗിക സര്‍ക്കാരിനായി രംഗത്തുള്ള അറബ് സഖ്യ സേനയുടെ സഹായത്തോടെയാണ് ഇതിനുള്ള നീക്കം ഗവണ്മെന്റ് ശക്തമാക്കിയത്. തലസ്ഥാന നഗരിയായ സന്‍ആയുടെ ഏതാനും ഭാഗങ്ങളില്‍ മാത്രമായി ചുരുങ്ങിയ ഹൂതികളെ തുരത്തുന്നതോടെ സന്‍ആ പൂര്‍ണമായും ഔദ്യോഗിക സര്‍ക്കാരിന് കീഴിലാകുമെന്നു ഏഴാം റജിമെന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ നാസര്‍ അല്‍ അദൈബാനി പറഞ്ഞു. അതിനിടെ, ഇറാന്‍ അനുകൂല ഹൂതികള്‍ തങ്ങളുടെ വാഹനങ്ങളില്‍ നിന്നും മറ്റും ഇറാന്‍ അനുകൂല ചിഹ്നങ്ങളും അടയാളങ്ങളും നീക്കം ചെയ്യാന്‍ ആരംഭിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ ഇത് കൂടുതല്‍ അപകടം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ഹൂതികള്‍ ഇത് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."