ദേവസ്വം റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ ജോലിക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇനി മുതല്‍ അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനില്‍ മാത്രം. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലായി ആയിരത്തിലേറെ ഒഴിവുകള്‍ ഉണ്ടെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനായി ദേവജാലിക എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സംവിധാനമാണ് ബോര്‍ഡ് ഏര്‍പ്പെടുത്തുന്നത്. സി ഡാക്കിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന ഐ.ടി മിഷന്റെ സഹായത്തോടെ തയാറാക്കിയിരിക്കുന്ന ഈ സംവിധാനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പി.എസ്.സിയുടെ മാതൃകയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഫീസ് അടയ്ക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ഉണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കല്‍, പരീക്ഷാ സെന്റര്‍ നിശ്ചയിക്കല്‍ തുടങ്ങി പരീക്ഷാ നിര്‍വഹണത്തിന്റെ എല്ലാ ഘട്ടങ്ങളും ഈ സംവിധാനത്തിലൂടെ സാധിക്കും.
ഇതിന്റെ ഓരോ ഘട്ടത്തിലും എസ്.എം.എസ് വഴി ഉദ്യോഗാര്‍ഥിക്ക് വിവരം ലഭിക്കുന്നതിനും സംവിധാനമുണ്ട്. പത്തുലക്ഷത്തോളം അപേക്ഷകള്‍ ദേവജാലികയിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷാ സംവിധാനം പൂര്‍ണമായി പേപ്പര്‍ ഒഴിവാക്കി ഓണ്‍ലൈനാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ആയിരത്തിലേറെ
ഒഴിവുകള്‍
തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളിലായി ആയിരത്തിലേറെ ഒഴിവുകള്‍ നിലവിലുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം ഉടന്‍ അപേക്ഷ ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിലവിലുള്ള ഏഴ് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടേയും 29 ഓവര്‍സിയര്‍ ഗ്രേഡ്-3(സിവില്‍)യിലേക്കുമുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. തിരുവിതാംകൂര്‍ ദേവസ്വത്തിലെ ക്ലറിക്കല്‍ വിഭാഗത്തിലും സെക്യൂരിറ്റി തസ്തികയിലും 200 വീതവും കഴകം ഉള്‍പ്പെടെ ക്ഷേത്ര ജീവനക്കാരൂടെ നൂറോളം ഒഴിവുകളും ഉണ്ട്.
കൊച്ചി ദേവസ്വത്തിനു കീഴില്‍ മൂന്നൂറോളം ഒഴിവും മലബാര്‍ ദേവസ്വത്തില്‍ 40ഓളം എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരുടെ ഒഴിവും ഉണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ഒഴിവുകളിലേക്കും നിയമനം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരെ സഹായിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയമന നടപടിക്രമങ്ങള്‍ സംവിധാനം ചെയ്യുമെന്ന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വ്യക്തമാക്കി.
നിയമമാകുമ്പോള്‍ പുതിയ സംവരണക്രമം പാലിക്കും
ദേവസ്വം ബോര്‍ഡിലെ സാമുദായിക സംവരണം നിലവില്‍ 32 ശതമാനമാണെന്നും ഇതിനനുസരിച്ചായിരിക്കും ഇനിയുള്ള നിയമങ്ങളെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. മുന്നോക്ക സംവരണം സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ഉത്തരവ് വരുന്നമുറയ്ക്ക് പിന്നീട് മാറ്റം വരുത്തുമെന്നും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി ആര്‍.ഉണ്ണികൃഷ്ണന്‍, അംഗങ്ങളായ ജി.എസ്.ഷൈലാമണി, പി.സി.രവീന്ദ്രനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."