ജില്ലാ ബാങ്കുകളെ പരിയാരം മോഡലില്‍ ഏറ്റെടുക്കാന്‍ നീക്കം
തൊടുപുഴ: കേരള ബാങ്ക് രൂപീകരണം പാളുന്ന സാഹചര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകളെ 'പരിയാരം മോഡലില്‍' ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കം. ആര്‍.ബി.ഐയുടേയും ഹൈക്കോടതിയുടേയും പ്രതികൂല നിലപാടും വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ശക്തമാകുകയും ചെയ്തതോടെ അവസാന തന്ത്രമായാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുത്ത മാതൃകയില്‍ ജില്ലാ ബാങ്കുകളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയത്. ഇതിനായുള്ള ഓര്‍ഡിനന്‍സിന്റെ കരട് തയാറായതായാണ് സൂചന. ജില്ലാ സഹകരണ ബാങ്കുകളില്‍ സര്‍ക്കാരിന് നേരിട്ട് നിയന്ത്രണം വരുന്നതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള സങ്കീര്‍ണതകള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള ബാങ്ക് രൂപീകരണത്തിന് ആര്‍.ബി.ഐ ലൈസന്‍സ് കിട്ടില്ലെന്ന തിരിച്ചറിവും സര്‍ക്കാര്‍ നീക്കത്തിന് പിന്നിലുണ്ട്. 2000ന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. സംസ്ഥാന സഹകരണ ബാങ്കില്‍ 14 ജില്ലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 350 കോടിയോളം രൂപ നഷ്ടത്തില്‍ പോകുന്ന സംസ്ഥാന സഹകരണ ബാങ്കിലേക്ക് വന്‍ ലാഭത്തില്‍ പോകുന്ന ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിന്റെ അനൗചിത്യം ചോദ്യംചെയ്യപ്പെടും.
കേരള ബാങ്ക് രൂപീകരണത്തിനായി ആര്‍.ബി.ഐക്ക് സമര്‍പ്പിച്ച ആദ്യ അപേക്ഷ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരസിച്ചിരുന്നു. രണ്ടാമത് നല്‍കിയ അപേക്ഷ, കൂടുതല്‍ വിശദീകരണത്തിനും റിപ്പോര്‍ട്ടിനുമായി ആര്‍.ബി.ഐ നബാര്‍ഡിനു കൈമാറിയിരിക്കുകയാണ്. അടുത്ത ചിങ്ങം ഒന്നിനു കേരള ബാങ്ക് നിലവില്‍ വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തവണയാണ് കേരള ബാങ്കിന്റെ തിയതി മാറ്റുന്നത്. ഇനിയും തിയതി മാറ്റിയാല്‍ കേരള ബാങ്കിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടും എന്ന സാഹചര്യമുള്ളതിനാല്‍ തട്ടിക്കൂട്ടി പദ്ധതി നടപ്പാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമം.
1969ലെ കേരള സഹകരണ നിയമം 14 പ്രകാരമുള്ളതടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ അപാകതകള്‍ എല്ലാം ചൂണ്ടിക്കാട്ടി കേരള ബാങ്ക് രൂപീകരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, ഓഹരി ഉടമകള്‍, പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുകയാണ്. കേരള ബാങ്കിനായി ജില്ലാ ബാങ്കുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരേ പി.എസി.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഫയല്‍ ചെയ്ത കേസിന്റെ അന്തിമ വിധി 18ന് വരും.
ജില്ലാ ബാങ്ക് ഭരണസമിതികളെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലവില്‍ വന്നിരുന്നു. സഹകരണ നിയമ പ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷം വരെ മാത്രമെ നീട്ടിക്കൊണ്ട് പോകുവാന്‍ കഴിയൂ. അടുത്ത മാര്‍ച്ചിനു മുന്‍പായി ജില്ലാ ബാങ്കുകളിലെ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 10 ജില്ലാ ബാങ്കുകള്‍ മാത്രമാണ് എല്‍.ഡി.എഫിനു ലഭിക്കുക. ഇതെല്ലാം മറികടക്കാനാണ് ജില്ലാ ബാങ്കുകള്‍ ഓര്‍ഡിനന്‍സ് വഴി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."