സമസ്ത നേതാക്കള്‍ ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലും ദുരിതബാധിതമായ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ സന്ദര്‍ശിച്ചു. പൂന്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. മനോജിനോടും പ്രദേശവാസികളോടുമൊപ്പം നേതാക്കള്‍ ദുഃഖം പങ്കുവച്ചു. പ്രദേശവാസികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആവശ്യമായ സഹായങ്ങള്‍ സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
സമസ്തയുടെ പള്ളികളിലും മദ്‌റസകളിലും പ്രകൃതി ദുരന്തത്തില്‍ നിന്ന് രക്ഷക്കായി പ്രാര്‍ഥിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തിയ നേതാക്കള്‍ കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സഹായം നല്‍കിയ ശേഷമാണ് മടങ്ങിയത്. വിഴിഞ്ഞം ചര്‍ച്ചിലെത്തിയ നേതാക്കള്‍ പള്ളി വികാരി ഫാദര്‍ വില്‍ഫ്രഡുമായി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, വഖ്ഫ് ബോര്‍ഡ് അംഗം അഡ്വ. സൈനുദ്ദീന്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ബീമാപ്പള്ളി ഖത്വീബ് ഫഖ്‌റുദ്ദീന്‍ ബാഖവി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസന്‍ ആലങ്കോട്, ഷാജഹാന്‍ ദാരിമി പനവൂര്‍, അഹമ്മദ് റഷാദി ചുള്ളിമാനൂര്‍, ഹുസൈന്‍ ദാരിമി പെരിങ്ങമല എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."