ദത്തെടുത്ത കുട്ടിക്ക് പീഡനം ശിശുക്ഷേമ സമിതി കുട്ടിയെ തിരിച്ചെടുത്തു
തിരുവനന്തപുരം: ദത്തെടുത്ത കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടിയെ തിരിച്ചെടുത്തു. ദത്തെടുത്ത ആറുവയസുകാരനെ മര്‍ദിച്ചതിനും പീഡിപ്പിച്ചതിനും രക്ഷിതാക്കള്‍ക്കെതിരേ ക്രിമിനല്കേസെടുക്കും.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് ദത്ത് നല്കിയ കുട്ടിയെ പട്ടത്തെ വീട്ടില്‍നിന്ന് സംസ്ഥാന ശിശുക്ഷേമ സമിതി തിരിച്ചെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ദത്തുനല്‍കിയ കുട്ടിയെ തിരികെകൊണ്ടുവരുന്നത്. ജനങ്ങളില്‍നിന്നു ലഭിച്ച പരാതിക്കും അന്വേഷണത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടിയെ തിരിച്ചെടുക്കാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലര്‍മാര്‍ കുട്ടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ക്കു ശേഷം പൊലിസില്‍ പരാതി നല്‍കുമെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു.
നാലുവര്‍ഷം മുന്‍പ് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ബംഗാള്‍ സ്വദേശികളും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായ ദമ്പതികള്‍ രണ്ടുവയസുള്ള കുഞ്ഞിനെ ദത്തെടുത്തത്. കുട്ടിയുടെ നിലവിളി വീട്ടില്‍നിന്ന് സ്ഥിരമായി കേട്ടിരുന്ന നാട്ടുകാര്‍ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള മൂന്നിലേറെ പരാതികള്‍ നാട്ടുകാര്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്ക് നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ശിശുക്ഷേമസമിതി വീട്ടുകാര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കിയിരുന്നു. എന്നിട്ടും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല.
കുട്ടിയെ മര്‍ദിക്കുന്നത് സ്ഥിരമായതോടെ ശിശുക്ഷേമസമിതി പരാതി നേരിട്ടന്വേഷിക്കുകയും പൊലിസുമായെത്തി കുട്ടിയെ തിരിച്ചെടുക്കുകയുമായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നെറ്റിപൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ അടിയുടെ പാടുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."