പുതുവര്‍ഷത്തില്‍ പൊലിസിന്റെ മുഖംമാറും; ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടാകും
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടാകും. വര്‍ഷങ്ങള്‍നീണ്ട ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെയാണ് ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടാകുക. രണ്ടു വിഭാഗവും വേര്‍തിരിക്കാത്തതില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 20ന് നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് നല്‍കിയ അപ്പീലിലെ വാദത്തിനിടെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ആദ്യഘട്ടമായി എസ്.എച്ച്.ഒമാരെ നിയമിച്ച സംസ്ഥാനത്തെ 196 പൊലിസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടെ ക്രമസമാധാനത്തിന്റെ ചുമതല സ്റ്റേഷനിലെ സീനിയര്‍ എസ്.ഐക്കും കുറ്റാന്വേഷണത്തിന്റെ ചുമതല തൊട്ടുതാഴെയുള്ള എസ്.ഐക്കുമായിരിക്കും നല്‍കുക. കുറ്റാന്വേഷണത്തിനായി പ്രത്യേക ക്രൈം വിഭാഗവും പ്രവര്‍ത്തിക്കും. ഗുരുതരമായ ക്രമസമാധാനപ്രശ്‌നവും കുറ്റകൃത്യവും എസ്.എച്ച്.ഒ നേരിട്ട് കൈകാര്യം ചെയ്യും.
എസ്.ഐമാര്‍ എസ്.എച്ച്.ഒയായി തുടരുന്ന സ്റ്റേഷനുകളില്‍ പ്രമാദമായ കേസുകള്‍ ഡിവൈ.എസ്.പി, അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ അന്വേഷിക്കും.
ജനുവരി ഒന്നിനാണ് എസ്.എച്ച്.ഒമാര്‍ ചുമതലയേല്‍ക്കുക. സി.ഐമാര്‍ എസ്.എച്ച്.ഒ ആകുന്ന സ്റ്റേഷനുകളില്‍ വരുത്തേണ്ട മാറ്റം, സി.ഐ ഓഫിസുകളിലെ കേസുകള്‍, ഫയലുകള്‍, സ്ഥാവര ജംഗമസ്വത്തുക്കള്‍, എസ്.ഐമാര്‍ എസ്.എച്ച്.ഒയായി തുടരുന്ന സ്റ്റേഷനുകളുടെ നിയന്ത്രണം, ഗുരുതര സ്വഭാവമുള്ള കേസുകളുടെ അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ഉത്തരവിറക്കും.
ഈ മാസം 31 വരെ സര്‍ക്കിളിലെ ഇതരസ്റ്റേഷന്‍ അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗൗരവമുള്ള കേസുകള്‍ സി.ഐമാര്‍ തന്നെ അന്വേഷിക്കും. അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളുടെ കണക്ക് പൊലിസ് ആസ്ഥാനത്ത് അറിയിക്കണം.
സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ എസ്.എച്ച്.ഒ പരിശോധിച്ച് ഇരുവിഭാഗങ്ങളിലെയും എസ്.ഐമാര്‍ക്ക് കൈമാറണമെന്നും അന്വേഷണത്തില്‍ എസ്.എച്ച്.ഒ മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവിലുണ്ടാകും.
ഗൗരവമുള്ള പരാതിയാണെങ്കില്‍ എസ്.എച്ച്.ഒ നേരിട്ട് അന്വേഷിക്കണം. സി.ഐ ഓഫിസിലെ രജിസ്റ്ററുകള്‍ അതാതിടത്തെ എസ്.എച്ച്.ഒ ഏറ്റെടുക്കണം.
റൈറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അതത് സ്റ്റേഷനിലേക്ക് മടക്കണമെന്നും ഉത്തരവിലുണ്ടാകും. ഇതോടെ മുഴുവന്‍ സ്റ്റേഷനുകളുടെയും മേല്‍നോട്ടച്ചുമതല ഡിവൈ.എസ്.പി, അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കാകും.
സി.ഐമാര്‍ക്ക് ഒരുദിവസത്തെയും ക്രൈം ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസത്തെയും പരിശീലനം പൊലിസ് അക്കാദമി, പൊലിസ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളില്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."