ഗുജറാത്തിനുശേഷം രാജസ്ഥാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
ജെയ്പൂര്‍: ഗുജറാത്തില്‍ ബി.ജെ.പിക്കൊപ്പം തന്നെ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസും രാജസ്ഥാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാന തലസ്ഥാനമായ ജെയ്പൂരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളുടെ പാര്‍ട്ടി ഓഫിസുകളില്‍ പ്രത്യേക യോഗം വിളിച്ച് 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നടപടികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. 2013 ഡിസംബര്‍ 13നാണ് നിലവിലെ വസുന്ധര സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ കഠിനാദ്ധ്വാനത്തിന്റെ പകുതിപോലും രാജസ്ഥാനില്‍ വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെങ്കിലും അധികാരം പിടിച്ചെടുക്കാന്‍ ശക്തമായ നീക്കം നടത്തണമെന്നാണ് നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം.
അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും 2013ലെ വിജയം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ പറഞ്ഞു.
എന്നിരുന്നാലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിരപരാധിയായ ബംഗാള്‍ സ്വദേശി അഫ്‌റസുലിനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകള്‍ രാജസ്ഥാനില്‍ ബി.ജെ.പിക്കെതിരായ ജനവികാരം ശക്തമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അക്രമം, ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന വിദ്വേഷ കൊലപാതകങ്ങള്‍ തുടങ്ങിയവ ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഭരണത്തിനെതിരേ ബി.ജെ.പിയില്‍ നിന്നുതന്നെ എതിര്‍ശബ്ദം ഉയര്‍ന്നിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സംസ്ഥാനത്ത് പ്രചാരണത്തിനായി കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് രണ്ട് തവണ മുഖ്യമന്ത്രിയായ അശോക് ഗലോട്ടിനെയാണ്. ബി.ജെ.പിയാകട്ടെ അജ്മിറില്‍ നിന്നുള്ള ലോക്‌സഭാംഗം ഭുപേന്ദര്‍ യാദവിനെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."