സൈനികന്റെ കൂറുമാറ്റം: 20 തവണ വെടിയുതിര്‍ത്ത് ദക്ഷിണ കൊറിയയ്ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്
സോള്‍: രാജ്യത്തുനിന്നും രക്ഷപ്പെട്ട് ദക്ഷിണകൊറിയന്‍ അതിര്‍ത്തി കടന്ന സൈനികനെ തിരയുന്നതിനിടെ 20 തവണ വെടിയുതിര്‍ത്ത് ഉത്തര കൊറിയന്‍ സൈന്യം. സൈനികനെ രക്ഷപ്പെടുത്തിയ ദ.കൊറിയയ്ക്ക് മുന്നറിയിപ്പായാണ് ഉ. കൊറിയന്‍ സൈന്യം വെടിയുതിര്‍ത്തത്.
ഇരു കൊറിയകളേയും വേര്‍തിരിക്കുന്ന സൈനിക നിരീക്ഷണം ഏറെയുള്ള മേഖലകളിലൂടെയാണ് ഇത്തവണ സൈനികന് രക്ഷപ്പെട്ട് ദ.കൊറിയയിലേക്ക് പോയത്. പ്രാദേശിക സമയം രാവിലെ 8.04 ന് ഉ.കൊറിയന്‍ സൈന്യത്തിലെ താഴ്ന്ന ഗ്രേഡിലുള്ള സൈനികന് അതിര്‍ത്തി കടന്നെത്തിയെന്ന് ദ.കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഉ.കൊറിയന്‍ അതിര്‍ത്തി കടന്ന് ദ.കൊറിയയില്‍ അഭയം പ്രാപിക്കുന്ന നാലാമത്തെ സൈനികനാണ് ഇയാള്‍.
നവംബറില്‍ വെടിയേറ്റ നിലയില്‍ മറ്റൊരു സൈനികനും അതിര്‍ത്തി കടന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ ദ.കൊറിയയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സൈനികന് രക്ഷപ്പെട്ട മേഖലയില്‍ നിന്നും കനത്ത പുക ഉയര്‍ന്നതായും എന്നാല്‍ സൈനികന് വെടിയേറ്റിട്ടില്ലെന്നും ദ.കൊറിയന്‍ സൈന്യം അറിയിച്ചു. സൈനികനോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 19 വയസ് മാത്രമാണ് സൈനികനുള്ളത്. ഇയാളുടെ കൈവശം ഒരു എ.കെ 47 തോക്കുണ്ടായിരുന്നതായും ദ.കൊറിയ അറിയിച്ചു.
സൈനികന് രക്ഷപ്പെട്ടതിനു ശേഷമാണ് സൈന്യം അതിര്‍ത്തിയിലെത്തി 20 റൗണ്ട് വെടിയുതിര്‍ത്തത്. എന്നാല്‍ അതിര്‍ത്തിക്കിപ്പുറം ബുള്ളറ്റുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ദ.കൊറിയന്‍ സൈന്യം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ കൂറുമാറ്റത്തെകുറിച്ചും അതിര്‍ത്തി കടന്നുള്ള രക്ഷപ്പെടലുകളെക്കുറിച്ചും ഇതുവരെ പ്രതികരിക്കാന്‍ ഉ.കൊറിയ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."