യാങ്കി ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം
ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ച അമേരിക്കയുടെ തീരുമാനത്തെ യു.എന്‍ പൊതുസഭ തള്ളിയത് ഫലസ്തീന്‍ ജനതയുടെ വികാരങ്ങളോടുള്ള ഐക്യദാര്‍ഢ്യമെന്നതിനുപരി ലോക പൊലിസിന്റെ ധാര്‍ഷ്ട്യത്തിനു ലഭിച്ച കനത്ത പ്രഹരമായായിരിക്കും ലോകം വിലയിരുത്തുക. അമേരിക്കന്‍ തീരുമാനത്തെ എതിര്‍ക്കുന്ന പ്രമേയത്തെ അനുകൂലിക്കുന്ന രാഷ്ട്രങ്ങള്‍ക്കു സാമ്പത്തിക സഹായം നിര്‍ത്തുമെന്നതടക്കമുള്ള കടുത്ത ഭീഷണികള്‍ ട്രംപ് ഭരണകൂടം മുഴക്കിയിട്ടും അതൊന്നും വിലപ്പോയില്ല. ഭീഷണിയെ അവഗണിച്ച് 128 രാജ്യങ്ങളാണു പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തത്. എതിര്‍ത്തത് അമേരിക്കയും ഇസ്‌റാഈലുമടക്കം ഒമ്പതു രാജ്യങ്ങള്‍ മാത്രം. ഇത് ലോകത്തെങ്ങുമുള്ള സമാധാനകാംക്ഷികളില്‍ പകരുന്ന ആഹ്ലാദം ചെറുതല്ല.
ഒരുകാലത്ത് ലോകരാഷ്ട്രീയത്തിന്റെ ചലന നിയമമായിരുന്ന ശീതസമരത്തിനു സോവിയറ്റ് ചേരിയുടെ തകര്‍ച്ചയോടെ അന്ത്യമായതിനെത്തുടര്‍ന്ന് ലോകം സ്വന്തം കാല്‍ക്കീഴിലാണെന്ന അഹന്തയിലാണ് അമേരിക്കന്‍ സാമ്രാജ്യത്വം. വൈറ്റ്ഹൗസിലിരുന്നു സ്റ്റിയറിങ് തിരിക്കുന്നതിന് അനുസരിച്ചാവണം ലോകം ചലിക്കേണ്ടതെന്ന അലിഖിതനിയമം അടിേച്ചല്‍പ്പിക്കാന്‍ പലതരം തന്ത്രങ്ങളിലൂടെ യാങ്കി ഭരണകൂടം ശ്രമിച്ചുപോരുന്നുണ്ട്.
ശീതസമരാനന്തരം വിവിധ രാജ്യങ്ങളിലുണ്ടായ അസ്വസ്ഥതകളുടെയും യുദ്ധങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ കുതന്ത്രങ്ങളാണ്. മധ്യപൗരസ്ത്യമേഖലയാകെ തുടര്‍ച്ചയായി രക്തച്ചാലുകള്‍ തീര്‍ത്തത് എണ്ണപ്പാടങ്ങള്‍ ലക്ഷ്യംവച്ചുള്ള യാങ്കി കുത്തിത്തിരിപ്പുകളാണ്. മേഖലയില്‍ അതിനു വലംകൈയായി പ്രവര്‍ത്തിക്കുന്ന ഇസ്‌റാഈലിന്റെ താല്‍പ്പര്യങ്ങള്‍ കാലങ്ങളായി വൈറ്റ്ഹൗസ് സംരക്ഷിച്ചുപോരുന്നുമുണ്ട്.
വംശവെറിയില്‍ മുന്‍ഗാമികളേക്കാള്‍ ഏറെ മുന്നിലാണെന്നു മറയില്ലാതെ പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഡൊണാള്‍ഡ് ട്രംപ് മധ്യപൗരസ്ത്യ മേഖലയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ കണ്ടെത്തിയ എളുപ്പമാര്‍ഗമാണ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം. ഹിംസാത്മകപ്രതിഷേധങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നടപടി. കൂടുതല്‍ അസ്വസ്ഥമാകുന്ന മേഖലയില്‍ അതിന്റെ പേരു പറഞ്ഞുള്ള ഇടപെടല്‍ തന്നെയാണു ട്രംപ് ലക്ഷ്യമിട്ടത്.
എന്നാല്‍, അതത്ര വിജയിച്ചില്ല. ഇന്ത്യയടക്കം ബഹുഭൂരിപക്ഷം ലോകരാജ്യങ്ങളും അമേരിക്കയുടെ പ്രഖ്യാപനം തള്ളിക്കളഞ്ഞു. ഇത്തരം നീക്കങ്ങളില്‍ മേഖലയില്‍ നിന്നുതന്നെ ചില രാജ്യങ്ങളെയെങ്കിലും കൂട്ടിനു കിട്ടുന്ന പതിവ് ഇത്തവണ നടന്നില്ല. അമേരിക്കന്‍ പ്രഖ്യാപനത്തിനെതിരേ അറബ്‌ലോകം ശക്തമായാണു പ്രതികരിച്ചത്.
ഇസ്‌ലാമികരാജ്യങ്ങളുടെ ആഗോളസംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ്(ഒ.ഐ.സി) ഏതാനും ദിവസം മുമ്പ് യോഗം ചേര്‍ന്ന് അമേരിക്കന്‍ പ്രഖ്യാപനം തള്ളിയിരുന്നു. കിഴക്കന്‍ ജറൂസലമിനെ അവര്‍ ഫലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി രാഷ്ട്രങ്ങളുടെ ഗൗരവപൂര്‍ണമായ ശ്രദ്ധ ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
ഇസ്‌ലാമികരാജ്യങ്ങളുടെ അഭ്യര്‍ഥന കൂടി മാനിച്ചാണു യു.എന്നില്‍ പ്രമേയം വന്നത്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പ് അമേരിക്ക വീറ്റോ ചെയ്തിരുന്നു. പൊതുസഭയില്‍ യമനും തുര്‍ക്കിയും ചേര്‍ന്നു കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ക്കാന്‍ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ ഭീഷണിയടക്കമുള്ള സമ്മര്‍ദതന്ത്രങ്ങളാണ് അമേരിക്ക പ്രയോഗിച്ചത്. അതെല്ലാം അവഗണിച്ചു ബഹുഭൂരിപക്ഷം അംഗങ്ങളും അമേരിക്കന്‍ പ്രഖ്യാപനത്തിനെതിരേ വോട്ടു ചെയ്തു.
ഇതോടെ അമേരിക്ക- ഇസ്‌റാഈല്‍ കൂട്ടുകെട്ട് ആഗോളതലത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കയാണ്. യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലിക്കു തന്നെ തന്റെ രാജ്യം ഒറ്റപ്പെട്ടതായി സമ്മതിക്കേണ്ടി വന്നു. എല്ലാ കാലത്തും ലോകത്ത് എന്തും സ്വന്തം ഇഷ്ടപ്രകാരമേ സംഭവിക്കാവൂ എന്ന അമേരിക്കന്‍ അഹന്തയ്ക്ക് ഈ പ്രമേയത്തിലൂടെ വലിയ ആഘാതമേറ്റിട്ടും അതില്‍ നിന്നൊന്നും പാഠം പഠിക്കില്ലെന്ന വാശിയിലാണു വൈറ്റ് ഹൗസ്. ആരൊക്കെ എതിര്‍ത്താലും ഇസ്‌റാഈലിലെ സ്വന്തം സ്ഥാനപതി കാര്യാലയം ജറൂസലമിലേക്കു മാറ്റുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്ന നിക്കി ഹാലിയുടെ പ്രസ്താവനയില്‍ കടുത്ത ഭീഷണി നിഴലിക്കുന്നുമുണ്ട്. ഈ കാഴ്ചപ്പാടുമാറ്റവും ഉപരോധങ്ങളും പ്രത്യക്ഷമോ പരോക്ഷമോ ആയ ആക്രമണങ്ങളുമല്ലാതെ മറ്റൊന്നാവാന്‍ ഇടയില്ലെന്നാണ് അമേരിക്കയുടെ ചരിത്രം ലോകത്തെ പഠിപ്പിച്ചത്. ഇനിയും രക്തച്ചൊരിച്ചിലുകള്‍ക്കായി കാത്തിരിക്കുന്നുവെന്നു തന്നെയാണു ട്രംപ് ഭരണകൂടം ലോകത്തോടു പ്രഖ്യാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."