പണം കൊടുത്ത് എന്ത് റിപ്പോര്‍ട്ടും ഉണ്ടാക്കാം; ബി.ജെ.പി ആഘോഷിച്ച മൂഡി റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തി സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിച്ച മൂഡി റിപ്പോര്‍ട്ടിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പണം കൊടുത്താല്‍ ആര്‍ക്കും എന്തു റിപ്പോര്‍ട്ടും ഇവര്‍ ചെയ്‌തുതരുമെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ഇന്ത്യ, 13 വര്‍ഷത്തിനിടെ ഇതാദ്യമായി പോയിന്റ് നില ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ട് ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മൂഡി എന്ന അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി പുറത്തുവിട്ടിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലിയ രീതിയില്‍ ബാധിച്ചപ്പോഴായിരുന്നു മൂഡി റിപ്പോര്‍ട്ട് വന്നത്. കേന്ദ്ര സര്‍ക്കാരും ധനമന്ത്രാലയവും ഇത് വലിയ രീതിയില്‍ ആഘോഷിക്കുകയും ചെയ്‌തിരുന്നു. മൂഡി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ഉപയോഗിക്കുകയുമുണ്ടായി.
''മൂഡിയുടെയും ഫിച്ചിന്റെയും റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുത്. വിഡ്‌ഢികള്, നിങ്ങള്‍ക്ക് പണം കൊടുത്താല്‍ എന്തു റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കാം''- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
അതേസമയം, ഫിച്ച് റേറ്റിങ് ഇന്ത്യയുടെ ജി.ഡി.പി റേറ്റിങ് ഇടിയുമെന്നും റിപ്പോര്‍ട്ട് നല്‍കി. മാര്‍ച്ച് 2018 ല്‍ അവസാനിക്കുന്ന അവസാന പാദത്തില്‍ ജി.ഡി.പി 6.7 മാത്രമായിരിക്കുമെന്നാണ് ഫിച്ചിന്റെ റിപ്പോര്‍ട്ട്. നേരത്തേയുണ്ടായിരുന്ന പ്രവചന പ്രകാരം 6.9 ശതമാനം വളര്‍ച്ചയാണ് കൈവരിക്കേണ്ടത്. വിചാരിച്ചതിനേക്കാളും ബലഹീനമായിരിക്കും ഇതെന്നും ഫിച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."