ഗുജറാത്തിന് നല്‍കാന്‍ ഇനിയും പാഠങ്ങള്‍
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആറാമതും അധികാരത്തിലെത്തിെയന്നതു സത്യം. ഹിമാചല്‍പ്രദേശ് കൂടി കിട്ടിയതോടെ രാജ്യത്ത് മൊത്തം 19 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്നുള്ള ഭരണമായി. അതേസമയം, ഗുജറാത്തിലേതു ശരിയായ വിജയമായി ബി.ജെ.പിക്കാര്‍ പോലും കണക്കാക്കുമെന്നു തോന്നുന്നില്ല. 182ല്‍ 150 സീറ്റ് ഉറപ്പിച്ചായിരുന്നു പടയൊരുക്കം. പ്രധാനമന്ത്രി ക്യാംപ് ചെയ്ത് വോട്ടുപിടിച്ചിട്ടും സ്വന്തംനാട്ടില്‍ നൂറു തികയ്ക്കാനായില്ല. പോളിങ് ബൂത്തിലെത്തിയ അഞ്ചരലക്ഷംപേര്‍ ആര്‍ക്കും വോട്ടുചെയ്യാതെ ബാലറ്റ് മടക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമേറ്റെടുക്കും മുമ്പ് വൈസ്പ്രസിഡന്റ് എന്ന നിലയ്ക്കാണു രാഹുല്‍ഗാന്ധി ഗുജറാത്തില്‍ കോണ്‍ഗ്രസ് പട നയിച്ചത്. ശങ്കര്‍സിങ് വഗേല കൂറുമാറിയ ശേഷമുള്ള തെരഞ്ഞെടുപ്പാണ്. എന്നിട്ടും ന്യൂനപക്ഷ,പിന്നാക്ക,ദലിത്, പട്ടേല്‍ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ കോണ്‍ഗ്രസ് ഏറെ വിജയിച്ചു. യുവനേതാക്കളായ ഹാര്‍ദിക് പട്ടേലിനെയും അല്‍പ്പേഷ് താക്കൂറിനെയും മേവാനിയെയും മറ്റും ഒപ്പംനിര്‍ത്തിയപ്പോള്‍ അവരുടെ പേരുകളുടെ ആദ്യാക്ഷരം വച്ച് ഇതെന്താ 'ഹജ് ' ആണോയെന്ന് അപഹസിച്ചവരുടെ കണക്കുകൂട്ടല്‍ തെറ്റുകയും ചെയ്തു. കോണ്‍ഗ്രസ് വിരോധവുമായി നടക്കുന്ന ശരദ്പവാറിന്റെ എന്‍.സി.പിയെപ്പോലുള്ള കക്ഷികള്‍ ഒപ്പം നിന്നിരുന്നെങ്കില്‍ ഗുജറാത്തില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞ് വികസനപ്പാട്ടു പാടി നടന്ന ബി.ജെ.പിക്ക് ഗ്രാമങ്ങള്‍ നഷ്ടക്കച്ചവടമായി മാറി. നഗരങ്ങളാണ് ഒരിക്കല്‍ക്കൂടി മോദിയുടെയും അമിത്ഷായുടെയും പഞ്ചാരവാക്കില്‍ വീണുപോയത്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത്(54) സൗരാഷ്ട്ര മേഖലയിലാണ്. ബി.ജെ.പിയുടെ കോട്ട എന്നറിയപ്പെടുന്ന ഇവിടെനിന്നു 30 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ഇരട്ടിയാണിത്. എട്ടില്‍ ആറുപേരെ ജയിപ്പിക്കാന്‍ കഴിഞ്ഞ രാജ്‌കോട്ടും ഏഴില്‍ ആറു ജയങ്ങള്‍ കണ്ടെത്തിയ ഭവനഗറുമാണു ബി.ജെ.പിയെ നാണക്കേടില്‍നിന്നു രക്ഷിച്ചത്. ബി.ജെ.പിയായാലും കോണ്‍ഗ്രസായാലും ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ബൂത്തില്‍ ചെന്നിട്ടും തങ്ങള്‍ ആര്‍ക്കും വോട്ടു ചെയ്യുന്നില്ലെന്നു പറഞ്ഞു 'നോട്ട' ബട്ടണ്‍ അമര്‍ത്തി മടങ്ങിയവരുടെ എണ്ണം കൂടിയിരിക്കുന്നുവെന്നതാണ്. രണ്ടരശതമാനം പേര്‍ ഇങ്ങനെ മടങ്ങി. അഞ്ചരലക്ഷത്തിലധികം പേര്‍.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് ഇങ്ങനെ സമ്മതിദാനാവകാശം വൃഥാവിലാക്കുന്നത്. ഇത് രാഷ്ട്രീയനേതാക്കളെയെന്നപോലെ രാജ്യതന്ത്രജ്ഞന്മാരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സ്വാതന്ത്ര്യദിനത്തിനു പുറമെ റിപബ്ലിക് ദിനവും ഭരണഘടനാദിനവുമൊക്കെ എല്ലാ വര്‍ഷവും ഗംഭീരമായി ആഘോഷിക്കുന്ന നാട്ടില്‍ 135 കോടി ജനതയ്ക്കു ലഭിച്ച പരമാധികാരം ഇങ്ങനെ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ്. പ്രായപൂര്‍ത്തി വോട്ടവകാശവും ജനകീയ ജനാധിപത്യ മതേതര ഭരണഘടനയും കൈമുതലായുള്ള രാഷ്ട്രത്തിന്റെ കൈകളില്‍നിന്ന് ആ മൂല്യങ്ങളില്‍ ചിലതെങ്കിലും കുറേശ്ശെയായി ചോര്‍ന്നുപോകുന്നതു നമ്മെ ഭീതിപ്പെടുത്തേണ്ടതുണ്ട്.
ജനസംഖ്യയില്‍ നാല്‍പ്പതുശതമാനത്തോളം പിന്നാക്ക വിഭാഗങ്ങളുള്ള സംസ്ഥാനത്താണ് ഇതു നടന്നതെന്ന് ഓര്‍ക്കണം. മഹാത്മജിയെപ്പോലൊരു രാഷ്ട്രപിതാവിനെയും മൊറാര്‍ജി ദേശായിയെപ്പോലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിയെയും സംഭാവനചെയ്ത പ്രവിശ്യയാണിത്. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പറ്റുന്ന അപാകതകളാണ് നിഷേധവോട്ടുകള്‍ കൂടാനുള്ള കാരണങ്ങളില്‍ പ്രധാനം. പ്രാദേശികമായി നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍, ചെറുവിരല്‍ കൂടി അനക്കാന്‍ ശക്തിയില്ലാത്തവര്‍ക്കു മറ്റു സ്വാധീനങ്ങള്‍ക്കു വഴങ്ങി പാര്‍ട്ടി ടിക്കറ്റുകള്‍ നല്‍കുന്ന നേതൃത്വങ്ങള്‍ കാര്യമായി കാണേണ്ട പ്രശ്‌നമാണിത്.
'നോട്ട' എന്ന നിഷേധവോട്ടുകളുടെ എണ്ണത്തില്‍ ഗുജറാത്ത് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിട്ടില്ല. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതിലേറെപ്പേര്‍ ആരുംവേണ്ട എന്ന ബട്ടണ്‍ അമര്‍ത്തിയ ചരിത്രം ബീഹാറിനുണ്ട്. എന്നാല്‍ ഗുജറാത്തില്‍ 182 സീറ്റില്‍ നടന്ന വിധിയെഴുത്തില്‍ മൂന്നില്‍ രണ്ടിലും മൂന്നാംസ്ഥാനം 'നോട്ട' വോട്ടുകള്‍ക്കായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരശതമാനംപോലും നിഷേധവോട്ടുകളില്ലാതിരുന്നിടത്തു നിന്നാണ് ഈ തുടക്കമെന്നറിയുക.
പ്രധാനമന്ത്രിയെ ഒരു കോണ്‍ഗ്രസ് നേതാവ് 'നീചന്‍' എന്നു വിളിച്ചതോ ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതോ ആയ ആരോപണങ്ങളല്ല വോട്ടര്‍മാരെ ഇങ്ങനെ അകറ്റിനിര്‍ത്തിയത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടു കൂറുമാറി ടിക്കറ്റ് നേടിയ അഞ്ച് മുന്‍കോണ്‍ഗ്രസ്സുകാര്‍ പരാജയപ്പെടുംവിധം ഫലം ഉണ്ടാകുമെന്നു കരുതിയതുകൊണ്ടുമല്ല.
ഭരണകക്ഷിയെന്നപോലെ പ്രതിപക്ഷവും ആറ്റിക്കുറുക്കിയെടുത്തു ടിക്കറ്റ് നല്‍കി ജയിപ്പിച്ചെടുത്തവരില്‍ 47 പേര്‍ കൊള്ള മുതല്‍ കൊലപാതകംവരെയുള്ള ക്രിമിനല്‍ കേസില്‍ പ്രതികളാണ്. പതിനെട്ടു ബി.ജെ.പി എം.എല്‍.എ മാരും 25 കോണ്‍ഗ്രസ് എം.എല്‍.എമാരും ഇതില്‍പ്പെടും.
സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ ഒരാള്‍ക്കുപോലും ടിക്കറ്റ് നല്‍കാന്‍ കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെയും എം.ജെ അക്ബറിന്റെയും പാര്‍ട്ടി സന്നദ്ധമായില്ല. കോണ്‍ഗ്രസ് ആറുപേരെ നിര്‍ത്തിയപ്പോഴാകട്ടെ മൂന്നുപേര്‍ക്കു മാത്രമാണു ജയിക്കാന്‍ കഴിഞ്ഞത്. ജമല്‍പൂര്‍ ഖാദിയയില്‍ ബി.ജെ.പിയില്‍നിന്നു സീറ്റ് പിടിച്ചെടുത്ത ഇംറാന്‍ ഖേദവാല അടക്കം ആം ആദ്മി പാര്‍ട്ടിയുടെ ഉസ്മാന്‍ ഗനി ശെരാസിയക്ക് വാന്‍കനീര്‍ മണ്ഡലത്തില്‍ കുറഞ്ഞ വോട്ടു മാത്രമാണ് കിട്ടിയത്. ദാരിയാപൂരില്‍ ജനതാദള്‍ യു ടിക്കറ്റുമായി ജനവിധി തേടിയ മുസ്‌ലിം സ്ഥാനാര്‍ഥിക്കു ലഭിച്ചത് 82 വോട്ടും.
ഹിമാചല്‍ പ്രദേശില്‍നിന്നു പടി ഇറങ്ങേണ്ടിവന്ന കോണ്‍ഗ്രസ്സിനു പുതിയ സാരഥി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ അഗ്നിപരീക്ഷയാണു മുന്നില്‍. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. ഇന്നിപ്പോള്‍ പഞ്ചാബ്, കര്‍ണാടക, മേഘാലയ, മിസോറാം എന്നീ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയിലുമായി ഭരണത്തില്‍ ഒതുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ്സിന് പഴയപോലെ ഒറ്റക്കക്ഷിയായി ജയിച്ച് കയറാവുന്ന സംസ്ഥാനങ്ങള്‍ ഒന്നുമില്ല.
എങ്കിലും സോഷ്യലിസത്തിലും മതേതരത്വത്തിലും ഊന്നിനില്‍ക്കുന്ന ഏറ്റവും വലിയ പാര്‍ട്ടി നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് തന്നെയാണ്. വര്‍ഗീയേതരമായി ചിന്തിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുള്ള ജനാധിപത്യരാഷ്ട്രത്തില്‍ ആ സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന കക്ഷികളെ ഒപ്പംകൂട്ടുകയും അതിനുതകുന്ന സ്ഥാനാര്‍ഥികളെ കണ്ടെത്തുകയും ചെയ്താല്‍ നാടിന്റെ വളര്‍ച്ച അസൂയാവഹമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."