കേട്ടുനിന്നവര്‍ കയ്യടിച്ചു, പിന്നെ കണ്ണുതുടച്ചു: കാഴ്ചയില്ലാ കണ്ണുകളിലെ നനവ്, നിനവുകളാക്കി 40 പേര്‍
കൊണ്ടോട്ടി: കാഴ്ചയില്ലാ കണ്ണുകളിലെ നനവിനെ കരളില്‍ പകര്‍ന്ന നിനവുകളാക്കി ദമ്പതികളുടെ സംഗമം കണ്ണുള്ളവര്‍ക്കും പകര്‍ത്താനുള്ള പുതിയ പാഠമായി. പുളിക്കല്‍ പൂവ്വത്തിക്കോട്ടയിലെ ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ്(ജിഫ്ബി)ക്യാംപസിലാണ് കാല്‍നൂറ്റാണ്ടായി ദാമ്പത്യ ജീവിതം നയിക്കുന്ന കാഴ്ചയില്ലാത്ത ദമ്പതികളുടെ സംഗമം ഒരുക്കിയത്.
കോഴിക്കോട് നല്ലളത്ത് താമസിക്കുന്ന നാരായണനും ഭാര്യ ശോഭനയുമാണ് 27വര്‍ഷത്തെ ദാമ്പത്യ വിജയഗാഥ ആദ്യം പറഞ്ഞത്. കണ്ണില്ലാത്ത നാരായണന് ജോലിയില്ല, പിന്നെ ആര് പെണ്ണിനെ തരാന്‍. വയസ്സ് 32 കഴിഞ്ഞപ്പോഴാണ് ജീവിതത്തിലേക്ക് വെളിച്ചമായി ശോഭന കടന്നുവന്നത്. മാരേജ് വിങിന് നേതൃത്വം നല്‍കുന്ന കരീം മാസ്റ്റര്‍ മുഖേനയാണ് തങ്ങളുടെ വിവാഹം നടന്നത്. ഇത്രകാലമയിട്ടും അല്ലിലില്ലാത്ത ജീവതം നയിക്കാനായെന്നും നാരായണന്‍ പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ മഹ്മൂദ് അഹമ്മദിന്റെയും ഫാത്തിമയുടെയും ജീവിത കഥ കരളലിയിപ്പിക്കുന്നതായിരുന്നു. കാഴ്ച്ചയില്ലാത്ത ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നതായിരുന്നു കാഴ്ചയുളള ഫാത്തിമയുടെ ദൃഡനിശ്ചയം. കുടംബമടക്കമുളളവര്‍ പലരും നിരുത്സാഹപ്പെടുത്തി. ഭര്‍ത്താവിനെ കൈപിടിച്ചു കൊണ്ടുപോകുന്നതടക്കം പറഞ്ഞ് പിന്തിരിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ തയാറാകാതിരുന്ന സമയത്താണ് മഹ്മൂദ് അഹമ്മദിനെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. എട്ട് വര്‍ഷത്തിനിടെ ഒരു കല്ലുപോലും തടഞ്ഞുവീഴാതെ താങ്ങായി ഫാത്തിമ കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ കയ്യടിച്ചു, പിന്നെ കണ്ണുതുടച്ചു.
കണ്ണില്ലാതെ തന്നെ രണ്ടുഭാര്യമാരെ ഒരേ വീട്ടില്‍ താമസിപ്പിച്ച് ദാമ്പത്യ ജീവിതത്തിന് മാതൃക കാട്ടിയ ഉമ്മറും, ആദ്യ ഭാര്യ തിക്താനുഭവം നല്‍കിയപ്പോള്‍ രണ്ടാം വിവാഹത്തിലൂടെ തണലായ ഭാര്യയെക്കുറിച്ച് വികാരഭരിതനായ അഹമ്മദും അനുഭവങ്ങള്‍ പങ്കുവെച്ചു.14 ജില്ലകളില്‍ നിന്നായി 40 അന്ധ കുടംബങ്ങളാണ് സംഗമത്തില്‍ എത്തിയത്.
ജിഫിബി ചെയര്‍മാന്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."