കണ്ടം ചെയ്യാനുള്ളത് എഴുന്നൂറോളം ബസുകള്‍
തിരുവനന്തപുരം: വരുമാന വര്‍ധന ലക്ഷ്യമിട്ട് ആയിരം പുതിയ ബസ് വാങ്ങുന്നതുകൊണ്ട് കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ ചെറിയ തോതില്‍പോലും പരിഹരിക്കപ്പെടില്ല. ഇപ്പോള്‍തന്നെ 15 വര്‍ഷം പൂര്‍ത്തിയാക്കിയ എഴുന്നൂറോളം ബസുകള്‍ കണ്ടംചെയ്ത് മാറ്റേണ്ടതുണ്ട്. ഇവ ഒഴിവാക്കുന്നതോടെ നിലവിലുള്ള ഷെഡ്യൂളുകള്‍ നടത്തുന്നതിനായിരിക്കും എഴുന്നൂറ് ബസുകള്‍ ഉപയോഗിക്കുക. പുതിയതായി 300 ഷെഡ്യൂളുകള്‍ മാത്രമാണ് തുടങ്ങാന്‍ കഴിയുന്നത്.
നിലവില്‍ സ്‌കാനിയാ സര്‍വിസുകള്‍ക്ക് ഇതുവരെ ലാഭമുണ്ടാക്കാനായിട്ടില്ല. ചില അവധി ദിവസങ്ങളില്‍ വരവും ചെലവും പരിഹരിച്ചു പോയതൊഴിച്ചാല്‍ ഇതുവരെ ഒരു രൂപപോലും ലാഭമുണ്ടാക്കാനായിട്ടില്ല. ഇത് കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനിടെ പുതിയ സര്‍വീസുകള്‍ ആരംഭിച്ച് എപ്പോള്‍ ലാഭമുണ്ടാക്കാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടിയെന്ന നിലയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നും വായ്പ ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ പറഞ്ഞതാണ്. എന്നാല്‍ പരമാവധി പെന്‍ഷന്‍ തുക 25,000 ആയി നിശ്ചയിക്കണമെന്ന ബാങ്കുകളുടെ നിബന്ധന അംഗീകരിക്കാത്തതോടെയാണ് വായ്പ സംബന്ധിച്ച നടപടികള്‍ മുടങ്ങിയിരിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂണിയനുകള്‍ക്കുമുള്ളത്. എന്നിരുന്നാലും വായ്പ ലഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. അതിനിടെ അഞ്ചു മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ കുറച്ചെങ്കിലും ക്രിസ്മസിനു മുമ്പ് തീര്‍ക്കാന്‍ സഹകരണ ബാങ്കുകളില്‍നിന്നും വായ്പയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പുതിയതായി കെ.എസ്.ആര്‍.ടി.സിക്ക് 1000 ബസ് വാങ്ങുന്നതിനായി 324 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. 3000 ബസ് വാങ്ങാനാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടതെങ്കിലും ഇതിന്റെ ആദ്യഘട്ടമായാണ് 1000 ബസിന് പണം അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 5000 ബസ് വാങ്ങുന്നതിനും തടസമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എല്‍.എന്‍.ജി ബസുകള്‍ വാങ്ങാനുള്ള സാങ്കേതികസംവിധാനങ്ങള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ഡീസല്‍ ബസുകളാണ് വാങ്ങുക. നിശ്ചിതകാലയളവ് കഴിഞ്ഞ ബസ് മാറ്റി പുതിയത് വാങ്ങുന്നതോടെ മെയിന്റനന്‍സ് ചാര്‍ജ് കുറയ്ക്കാനും ഇന്ധനക്ഷമത കൂട്ടാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."