ഫിര്‍മിനോ ഡബിളില്‍ ലിവര്‍പൂള്‍ സ്വാന്‍സിയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗംഭീര ജയവുമായി ലിവര്‍പൂള്‍. എതിരില്ലാത്ത അഞ്ചു ഗോളിന് സ്വാന്‍സീ സിറ്റിയെയാണ് ലിവര്‍പൂള്‍ തകര്‍ത്തത്. റോബര്‍ട്ട് ഫിര്‍മിനോയുടെ ഇരട്ട ഗോളുകളാണ് അവര്‍ മിന്നുന്ന ജയം സമ്മാനിച്ചത്. ജയത്തോടെ ആദ്യ നാലില്‍ തിരിച്ചെത്താനും ലിവര്‍പൂളിന് സാധിച്ചു.
തുടക്കം മുതല്‍ ആക്രമണത്തിലൂന്നിയുള്ള കളിയാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. ആറാം മിനുട്ടില്‍ തന്നെ അവര്‍ അക്കൗണ്ട് തുറന്നു. ഫിലിപ്പ് കുട്ടീഞ്ഞോയായിരുന്നു സ്കോറര്‍. ജൊര്ദാന് അയുവിന്റെ മികച്ചൊരു പാസ് മുഹമ്മദ് സലായ്ക്ക് ലഭിക്കുകയും താരം അത് കുട്ടീഞ്ഞോയ്ക്ക് കൈമാറുകയും ചെയ്തു. മനോഹരമായ ഷോട്ടിലൂടെ താരം അത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും മുന്നേറ്റങ്ങള്‍ കൊണ്ട് മികച്ച് നില്ക്കാന് ലിവര്‍പൂളിന് സാധിച്ചു. ഇതിനിടയില്‍ ഒലി മക്ബേണിയുടെ രണ്ടുഷോട്ടുകള്‍ മാത്രമാണ് സ്വാന്‍സിക്ക് ആശ്വാസമായത്.
ആദ്യ പകുതിയില്‍ എമ്റെ കാനിന് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ഇറങ്ങിയ ലിവര്‍പൂള്‍ 52ാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി. കുട്ടീഞ്ഞോയുടെ ഫ്രീക്കില്‍ നിന്ന് ഫിര്‍മിനോയുടെ വകയായിരുന്നു ഗോള്‍. ഏറെ വൈകാതെ തന്നെ അലക്സാഡര്‍ അര്‍ണോള്‍ഡും തൊട്ടുപിന്നാലെ തന്നെ ഫിര്‍മിനോ തന്റെ രണ്ടാം ഗോളും നേടിയതോടെ നാലു ഗോളിന് മുന്നിലെത്താന്‍ ടീമിന് സാധിച്ചു.
82ാം മിനുട്ടില്‍ അലക്സ് ചേമ്പര്ലെയിന് അഞ്ചാം ഗോളും നേടിയതോടെ സമ്പൂര്‍ണ ജയം നേടുകയായിരുന്നു ലിവര്‍പൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."