പുതുവർഷ രാവിലും രക്തത്തിൽ മുങ്ങി ഗസ്സ; നൂറിലേറെപ്പേരെ കൊന്നുതള്ളി ഇസ്‌റാഈൽ; ആകെ മരണം 28,822
പുതുവർഷ രാവിലും രക്തത്തിൽ മുങ്ങി ഗസ്സ; നൂറിലേറെപ്പേരെ കൊന്നുതള്ളി ഇസ്‌റാഈൽ; ആകെ മരണം 28,822
ഗസ്സ: ലോകം പുതിയ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും ആഘോഷത്തോടെയും 2024 നെ വരവേറ്റപ്പോൾ, ഗസ്സയിലെ പുതുവർഷ രാവും കണ്ണീരിന്റേതായി. മനുഷ്യത്വ രഹിതമായ ആക്രമണം നടത്തുന്ന ഇസ്‌റാഈൽ സേന നടത്തിയ അക്രമത്തിൽ 24 മണിക്കൂറിനിടെ നൂറിലധികം പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് 28,822 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. മധ്യ ഗസ്സയിലെ ബുറൈജ്, മഗാസി ക്യാമ്പുകളിലാണ് പുതുവർഷ രാവിൽ ആക്രമണം നടന്നത്.
മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലും തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുമാണ് ഇസ്‌റാഈലിന്റെ നരനായാട്ട് നടക്കുന്നത്. നിലവിലെ ആക്രമണം കൂടാതെ തെക്കൻ ഗസ്സയിൽ കരയുദ്ധം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇസ്‌റാഈൽ. യുദ്ധാനന്തരം ഗസ്സയിലേക്ക് ജൂത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരണമെന്ന് ഇസ്‌റാഈൽ ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്‌റാഈൽ സൈനിക റേഡിയോയ്ക്കും ‘ചാനല്‍ 12’ ന്യൂസിനും നല്‍കിയ അഭിമുഖത്തിലാണു മന്ത്രിയുടെ പരാമര്‍ശങ്ങളെന്ന് ‘ടൈംസ് ഓഫ് ഇസ്‌റാഈൽ’ റിപ്പോര്‍ട്ട് ചെയ്തു
‘ഗാസയുടെ സുരക്ഷാനിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും. അതോടൊപ്പം അവിടെ സിവിലിയന്‍ നിയന്ത്രണവുമുണ്ടാകണം. ഗസ്സയുടെ ചിത്രം ഒന്നാകെ മാറ്റണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഗാസ മുനമ്പിലെ പുനരധിവാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകണം. നമ്മള്‍ ദീര്‍ഘകാലം അവിടെ ഭരിക്കണം. നമ്മുടെ സൈന്യത്തോടൊപ്പം ജനങ്ങളും അവിടെയുണ്ടാകണം.. ഗാസക്കാര്‍ സ്വയം സന്നദ്ധരായി ഒഴിഞ്ഞുപോകാന്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വീകരിക്കാന്‍ സന്നദ്ധരായ രാജ്യങ്ങള്‍ കണ്ടെത്തുകയും വേണം,’ ചാനല്‍ 12’നു നല്‍കിയ അഭിമുഖത്തില്‍ ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടു.
എന്നാൽ, ഗസ്സയിലെ രണ്ട് ദശലക്ഷം ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള സ്‌മോട്രിച്ചിന്റെ ആഹ്വാനം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ സ്വമേധയാ ഒഴിപ്പിക്കുന്നതിൽ മുൻ യു.കെ പ്രധാനമന്ത്രി പ്രധാന പങ്ക് വഹിക്കുമെന്ന ഇസ്രായേലി ചാനൽ റിപ്പോർട്ട് ടോണി ബ്ലെയറിന്റെ വക്താവ് നിഷേധിച്ചു.
അതേസമയം ഇസ്രായേൽ സേന പിടിച്ചടക്കിയെന്ന് നേരത്തെ അവകാശവാദമുന്നയിച്ച വടക്കൻ ഗസ്സയിലെ തുഫ്ഫയിൽ ഹമാസ് പ്രത്യാക്രമണം രൂക്ഷമാണ്. വെസ്റ്റ് ബാങ്കിലെ തുൽകറമിലും കനത്ത പ്രത്യാക്രമണമാണ് ഇസ്‌റാഈൽ സേന നേരിടുന്നത്.
ഇതിനിടെ, ചെങ്കടലിലെ ഹൂതി ആക്രമണത്തെ തുടർന്ന് മെഴ്‌സക് ചരക്കുസേവനം 48 മണിക്കൂർ നിർത്തിവച്ചു. ചെങ്കടലിൽ സർവീസ് പുനരാരംഭിച്ച മെഴ്സ്‌ക് ചരക്ക് നീക്കമാണ് താത്കാലികമായി നിർത്തിയത്. ഹൂതി ആക്രമണത്തെ തുടർന്നാണ് മെഴസക് 48 മണിക്കൂർ നേരത്തേക്ക് സേവനം നിർത്തിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."