ചിലര്‍ക്കുവേണ്ടി ചരിത്രം തന്നെ വഴിമാറുന്നു
ടി.പി ചെറൂപ്പ
ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിന് അയ്യായിരം വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ട്. യു.എ.ഇയിലെ അല്‍ഐനു സമീപമുള്ള ശവക്കല്ലറകളില്‍നിന്ന് കണ്ടെടുത്ത മണ്‍പാത്ര അവശിഷ്ടങ്ങള്‍ നമ്മോടു പറയുന്നത്, സിന്ധു നദീതടത്തിലെയും മൊസപ്പൊട്ടേമിയയിലെ നനുത്ത മണ്ണിന്റെയും നിഷ്‌കളങ്ക പാരമ്പര്യമാണ്. ഇന്ത്യാ - അറബ് ബന്ധത്തിന് പിച്ചളയുഗത്തിലെ കരകൗശല ശേഷിപ്പുകള്‍ സാക്ഷ്യം തരുമ്പോള്‍, കേരളത്തിനുമുണ്ട് ആ അനുധാവന പരമ്പരയില്‍ അംഗത്വം.
ഒറ്റപ്പെട്ട സംഭവങ്ങള്‍ വിസ്മരിക്കാനാവുകയില്ലെങ്കിലും കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്റെ പ്രവാഹം ആരംഭിച്ചിട്ട് നൂറു വര്‍ഷങ്ങളേ ആയുള്ളൂ. ഈ നൂറിനെ പകുതിയാക്കി പകുത്താല്‍, അതിന്റെ ആദ്യനിരയില്‍ കണ്ടുമുട്ടാനാവുന്ന വ്യക്തിയാണ്, തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശി മുസ്‌ലിയാം വീട്ടില്‍ യൂസഫലി. പ്രവാസജീവിതത്തിലെ അമ്പതാം വര്‍ഷത്തിന്റെ നിറനെഞ്ചിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
പിതാവ് അബ്ദുല്‍ ഖാദറിനും ബന്ധുക്കള്‍ക്കുമൊപ്പം ഹൈദരാബാദില്‍ എം.കെ ബ്രദേഴ്‌സ് ജനറല്‍ സ്റ്റോര്‍സില്‍ കച്ചവടം പരിശീലിച്ചു കൊണ്ടിരിക്കെയാണ് യൂസഫലി മുംബൈയില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്നത്. നൂറോളം യാത്രികരുള്ള ദുംറ കപ്പലില്‍! 1973ലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു പിറ്റേന്നാണ് ഈ ചെറുപ്പക്കാരന്‍, ജീവന്റെയും മരണത്തിന്റെയും ഇടയിലൂടെയുള്ള കടലിടുക്കുതാണ്ടി തിരമാലകള്‍ മറികടന്നത്. സ്വപ്നം കാണാനുള്ള മനസാന്നിധ്യത്തിനിടയില്‍ കടല്‍ച്ചൊരുക്ക് അദ്ദേഹത്തിനു തടസമായില്ല.
മുകളില്‍ ആകാശവും താഴെ കരകാണാക്കടലും. അങ്ങനെ ആറേഴു ദിവസങ്ങള്‍ പിന്നിട്ട് ദുബൈ റാഷിദ് തുറമുഖത്തെത്തുമ്പോള്‍ അമ്മാവന്‍ എം.കെ അബ്ദുല്ല അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുളിവെള്ളമൊഴുകാതെ ഉപ്പില്‍ പൊതിഞ്ഞ പത്തൊമ്പതുകാരന്റെ കൈപുണരുമ്പോള്‍ ആ അമ്മാവന്‍ ഒരിക്കലും കരുതിക്കാണില്ല, മലയാളികള്‍ക്കിടയില്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാകാന്‍ പോകുന്ന മരുമകന്റെ കൈയാണ് തന്റെ പിടിയിലുള്ളതെന്ന്.
ജീവിതസൗകര്യങ്ങളുള്ള കുടുംബത്തില്‍ നിന്നാണ് യൂസഫലി ബിസിനസ് പഠിക്കുന്നതിനു ഹൈദരാബാദിലേക്ക് വണ്ടികയറിയത്. എന്നാല്‍, അവിടെനിന്ന് സ്വപ്നഭൂമിയിലേക്കുള്ള യാത്രയില്‍ കപ്പലില്‍ അനുഭവിക്കേണ്ടിയിരിക്കുന്ന കഠിനതകള്‍ അദ്ദേഹം വകവച്ചില്ല. ഗള്‍ഫ് ആകട്ടെ മണലാരണ്യത്തിന്റെ 'ആടുജീവിത'മാണ് നല്‍കാന്‍ പോകുന്നത്. ചൂടും തണുപ്പും ഒരുപോലെ ശരീരത്തെ കാര്‍ന്നുതിന്നുന്ന പൊരുത്തപ്പെടാനാവാത്ത കാലാവസ്ഥ. ഗള്‍ഫില്‍ എത്തുന്ന പല മലയാളികളും ചാക്ക് നനച്ച് അതില്‍ ചുരുണ്ടുകിടന്ന് ചൂടിനെ അതിജീവിക്കാന്‍ ശ്രമിച്ച അനുഭവങ്ങള്‍ എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. ഇത്തരം ഒരുകാലത്താണ് യൂസഫലി എന്ന 20 തികയാത്ത, അവിവാഹിത ചെറുപ്പക്കാരന്‍ ഗള്‍ഫില്‍ എത്തിച്ചേരുന്നത്. അസഹ്യമായ ചൂടിനെ അതിജീവിക്കാന്‍, ടെറസിനു മുകളില്‍ വെള്ളംനിറച്ച് താഴെ കിടന്നുറങ്ങിയ അനുഭവം അദ്ദേഹംതന്നെ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്.
അബൂദബിയില്‍, നല്ല കച്ചവടമുള്ള ചെറിയ പലവ്യഞ്ജന കടയിലായിരുന്നു തുടക്കം. പിന്നീടത് കാലത്തിനും കച്ചവട സംസ്‌കാരത്തിനുമൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും കണ്‍വന്‍ഷന്‍ സെന്ററുകളും മെഗാ ബിസിനസ് ഹബ്ബുകളുമായി രൂപാന്തരപ്പെട്ടു. 1990കളിലാണ് യൂസഫലിയുടെ സ്വപ്നപദ്ധതിയായ ലുലു മാര്‍ക്കറ്റ് ശൃംഖല യാഥാര്‍ഥ്യമാകുന്നത്. വര്‍ഷങ്ങള്‍ക്കകം 42 രാഷ്ട്രങ്ങളിലായി നൂറുക്കണക്കിന് സ്ഥാപനങ്ങളായി അത് പെറ്റുപെരുകി. ഇതില്‍ എഴുപതിനായിരത്തോളം ജീവനക്കാര്‍. അതില്‍ മുപ്പത്തിയൊമ്പതിനായിരവും മലയാളികള്‍.
സ്വപ്നം കാണാനുള്ള സിദ്ധി, മറ്റുള്ളവരെ കേള്‍ക്കാനും വിശ്വാസത്തിലെടുക്കാനുമുള്ള വിശാല മനസ്, അഹങ്കാര വൈമുഖ്യം, വ്യാപാരത്തിലും വ്യവഹാരങ്ങളിലുമുള്ള സത്യസന്ധത, ധര്‍മം, അളവറിഞ്ഞുള്ള കാരുണ്യപ്രവര്‍ത്തനം, വിട്ടുവീഴ്ചയില്ലാത്ത ദൈവവിശ്വാസം... ഇതാണ് എം.എ യൂസഫലി എന്ന വ്യക്തിയുടെ ജീവിതദര്‍ശനമെന്ന് അദ്ദേഹത്തിന്റെ ജീവചരിത്ര അന്വേഷണങ്ങളില്‍നിന്ന് ബോധ്യപ്പെടുന്നുണ്ട്.
ദൈവത്തോടും ഉപജീവനം നല്‍കുന്ന നാടിനോടും അവിടുത്തെ ഭരണാധികാരികളോടും യൂസഫലി കാണിക്കുന്ന നന്ദി, അദ്ദേഹത്തിന്റെ ജീവിതപഠനത്തില്‍നിന്ന് വായിച്ചെടുക്കാനാവുന്നുണ്ട്. നാട്ടിലും മറുനാട്ടിലും നടത്തുന്ന പ്രസംഗങ്ങള്‍, അവിടവിടെ വല്ലപ്പോഴും എഴുതുന്ന കുറിപ്പുകള്‍, അഭിമുഖങ്ങള്‍... ഇവയിലൊന്നും ദുബൈ ഭരണാധികാരികളെ അദ്ദേഹം പറയാതെ പോകുന്നില്ല. അവരെ കണ്ടുപഠിക്കണം എന്നാവും ഉപദേശം.
ഏതു നാട്ടിലാണെങ്കിലും ഏതു പാര്‍ട്ടിയാണെങ്കിലും ഭരണം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവിടുത്തെ ഭരണകൂടങ്ങളോട് വിയോജിപ്പുകളുള്ള ഭരണീയരും ഒരു യാഥാര്‍ഥ്യമാണ്. പക്ഷേ, അവര്‍ക്കു മൂന്ന് ഓപ്ഷന്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ അനുസരിച്ചു ജീവിക്കുക. അല്ലെങ്കില്‍ അവിടുത്തെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രം പ്രതിഷേധം അറിയിക്കുക. അതുമല്ലെങ്കില്‍ തനിക്കു പറ്റിയ ഒരിടത്തേക്ക് ഒഴിഞ്ഞുപോവുക.
1990 - 1991 കാലം, ആരു മറന്നാലും ഗള്‍ഫുകാരുടെ ഓര്‍മയില്‍ പച്ചകുത്തിയിരിപ്പുണ്ട്. ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്‍ കുവൈത്ത് പിടിച്ചടക്കുന്ന സമയം. സദ്ദാമിന്റെ കുവൈത്ത് അധിനിവേശം ഗള്‍ഫ് യുദ്ധമായി പടര്‍ന്നപ്പോള്‍ പലരും ഉള്ളതു പെറുക്കിക്കെട്ടി നാടുപിടിക്കുന്ന തിരക്കിലായി. ഈ സന്ദര്‍ഭത്തില്‍ ഒരു ചെറുപ്പക്കാരന്‍ യു.എ.ഇയില്‍ കൂടുതല്‍ മുതല്‍മുടക്കുകള്‍ നടത്തുന്നു. പല വ്യാപാരികളും ഈ 'വിഡ്ഢിത്തത്തെ' പരിഹസിച്ചു. യു.എ.ഇയിലെ പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്ത രാജകുടുംബത്തെ അത്ഭുതപ്പെടുത്തി.
രാഷ്ട്രപിതാവും ഭരണാധികാരിയുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍ ആ യുവാവിനെ സന്നിധാനത്തിലേക്ക് വിളിപ്പിച്ച് തന്റെ പ്രവൃത്തിയെയും ആത്മവിശ്വാസത്തെയും കുറിച്ചു ചോദിച്ചു. ഇങ്ങനെയായിരുന്നു യൂസഫലിയുടെ മറുപടി:
കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് വെറുംകൈയോടെ ഈ മണ്ണിലെത്തിയപ്പോള്‍ ജീവിതം തന്ന മനുഷ്യരാണ് ഇവിടെയുള്ളത്. അവര്‍ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ ഇട്ടേച്ചുപോവാന്‍ മനഃസാക്ഷി അനുവദിച്ചില്ല. യുദ്ധമുഖത്തുനിന്നുള്ള ഒളിച്ചോട്ടം പോലെയാവും അത്. മാത്രമല്ല, ഏതു പ്രതിസന്ധികളെയും തരണംചെയ്യാൻ ശേഷിയുള്ളവരാണ് ഇവിടുത്തെ ഭരണാധികാരികള്‍ എന്നതില്‍ എനിക്ക് ആത്മവിശ്വാസവുമുണ്ട്'.
ശൈഖ് സായിദ് ഉടനെ ചെയ്തത്, മക്കളെ വിളിച്ച് യൂസഫലിക്കു ബിസിനസിന് ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഗുരുത്വമുള്ള ഒരു മുഹൂര്‍ത്തമായിരുന്നു അത്.
വിശുദ്ധ ഖുര്‍ആനില്‍ ഒരു വചനമുണ്ട്: 'ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി. 'നീ അല്ലാഹിവിനോട് നന്ദി കാണിക്കുക. ആരു നന്ദി കാണിച്ചാലും തന്റെ ഗുണത്തിനു വേണ്ടി തന്നെയാണ് അവന്‍ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനും ആകുന്നു'. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു)'.
അറബ് രാജ്യങ്ങളില്‍ ഇത്രയേറെ സ്വാധീനമുള്ള വേറെ ഒരു മലയാളി ഇപ്പോള്‍ ലോകത്തില്ല. സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വരെ നീണ്ടുകിടക്കുന്നതാണ് യൂസഫലിയുടെ സൗഹൃദവലയം. ലോകത്തെവിടെയുള്ള മലയാളിയും അതിന്റെ ഗുണഫലം ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുമുണ്ട്. കൊവിഡ് കാലത്തിനു മുമ്പൊരിക്കല്‍ മിഡിലീസ്റ്റില്‍ എല്ലാ മലയാള പത്രങ്ങളുടെയും അച്ചടി അവസാനിപ്പിക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയ സന്ദര്‍ഭം. ഇടപെടാന്‍ ആരുമില്ലായിരുന്നു. യൂസഫലിയുടെ രാജഭരണകൂടത്തിലുള്ള സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് ആ നിരോധനം നീക്കിക്കിട്ടിയതെന്ന് പത്രലോകം തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. നല്ല ശതമാനം ഗള്‍ഫ് മലയാളികളിലും ആത്മവിശ്വാസവും സുരക്ഷിത ബോധവും നിലനിര്‍ത്തുന്നു എന്നതാണ് യൂസഫലിയുടെ സാന്നിധ്യംകൊണ്ട് ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന നേട്ടങ്ങളില്‍ പ്രധാനം; അഥവാ ധൈര്യം.
ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ രാജ്യം യൂസഫലി അടക്കമുള്ള പ്രവാസി വ്യവസായികള്‍ക്ക് തിരിച്ചുകൊടുക്കുന്നത് എന്താണ്! അവരുടെ പണം വാങ്ങി തിരിഞ്ഞു നടന്നുകളയുന്നു എന്ന അശ്ലീലമല്ലാതെ. ഒരോ വര്‍ഷവും കേരളത്തിന്റെ വാര്‍ഷിക ബജറ്റിനു തുല്യമായ പണമാണ് പ്രവാസികള്‍ നമുക്കു തരുന്നത്. അറബ് ലോകം മലയാളിക്ക് ആകാവുന്നത്രയും അംഗീകാരങ്ങള്‍ നല്‍കുമ്പോള്‍ ഇന്ത്യയുടെ എത്ര നിയമസഭകളില്‍, പാര്‍ലമെന്റില്‍ പ്രവാസികളുടെ സ്വരം കേള്‍പ്പിക്കപ്പെടുന്നുണ്ട്? അവര്‍ക്കു കച്ചവടം തുടങ്ങാന്‍ സൗകര്യം കൊടുക്കുന്നുണ്ട്? അനേകം രാഷ്ട്രങ്ങളില്‍ വ്യവസായ സംരംഭങ്ങളുള്ള യൂസഫലി തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തിയത് കേരളമാണെന്ന്!
ശതകോടീശ്വരന്മാരുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ ക്രിമിനലുകളായി നൂറിലധികം പേരുണ്ട്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചവരും പാര്‍ലമെന്റ് അംഗമായ സഹപ്രവര്‍ത്തകരെ തീയിട്ടു കൊന്നവരുമടക്കം വന്‍കുറ്റം ചെയ്തവരുമുണ്ട് കൂട്ടത്തില്‍. പക്ഷേ, ഒരു പെറ്റിക്കേസില്‍ പോലും പ്രതിയല്ലാത്ത വിശ്വപൗരന്‍ എം.എ യൂസഫലിയെ പോലുള്ള പ്രവാസികള്‍ക്കു നമ്മുടെ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങള്‍ കല്‍പ്പിക്കുന്ന അയോഗ്യത എന്തായിരിക്കും! ഇന്നാണ് ഇന്ത്യക്ക് ഒരു ഭരണഘടന രൂപപ്പെടുന്നതെങ്കില്‍, അംബേദ്കറിനെയും ഇസ്മാഈല്‍ സാഹിബിനെയും പോലെയുള്ളവരിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റിലും കേരള നിയമസഭയിലും ഒാരോ പ്രവാസി മലയാളി പ്രതിനിധികളെങ്കിലുമുണ്ടാവാന്‍ വകുപ്പുണ്ടാകുമായിരുന്നു.
ഇന്ത്യയില്‍, യൂസഫലിയെ വിവാദത്തില്‍പെടുത്തിയ ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫണ്ടിലേക്ക് സംഭാവന കൊടുത്തു എന്നതായിരുന്നു ആക്ഷേപം. അതിന് യൂസഫലിയുടെ ഒരു മറുപടിയുണ്ട്: യു.പിയില്‍ എനിക്കൊരു വ്യവസായശാലയുണ്ട്. മലയാളികളടക്കം മൂവ്വായിരത്തോളം ആളുകള്‍ ജോലിചെയ്ത് കുടുംബം പോറ്റുന്ന പണിശാല. അതിന്റെ സംരക്ഷണം യു.പി സര്‍ക്കാരിന്റെ കൈയിലാണ്'. പിന്നെ മിണ്ടിയില്ല ആരും.
ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപാരങ്ങളും വ്യവസായങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അതിമിടുക്കരായ ധാരാളം മലയാളി യുവസംരംഭകരുണ്ടിപ്പോള്‍. അവരില്‍ പലരും അക്കാദമികമായി തൊഴില്‍ പഠിച്ചവരുമാണ്. അനിവാര്യമായ ഒന്നാണ് ആ അറിവെങ്കിലും നീന്തല്‍നിയമത്തിന്റെ പുസ്തം വായിച്ച് മാത്രം കടലില്‍ ചാടിയാല്‍ എങ്ങനെയിരിക്കും. അവര്‍ ചെയ്യേണ്ടത് യൂസഫലിയെ പോലെയുള്ളവരുടെ നീന്തല്‍കുളത്തിലിറങ്ങി പകര്‍ത്തുകയാണ്. അതിനു ഉപകരിക്കുന്ന കൈപുസ്തകമാണ് അദ്ദേഹത്തിന്റെ അനുഭവജീവിതം. നമ്മള്‍ പറയാറുണ്ട്; ചിലര്‍ വരുമ്പോള്‍ ചരിത്രംതന്നെ മാറുന്നു എന്ന്. എം.എ യൂസഫലിയുടെ അഞ്ചു പതിറ്റാണ്ടുകാലത്തെ പ്രവാസിജീവിതം ദൂരെനിന്ന് നിരീക്ഷിക്കുമ്പോള്‍ നമ്മള്‍ ആ സത്യത്തില്‍ എത്തിച്ചേരുന്നുണ്ട്, നിശ്ചയമായും.
പ്രധാന സ്ഥാനങ്ങൾ,പുരസ്‌കാരങ്ങൾ
ഇന്ത്യ നല്‍കിയത്: പത്മശ്രീ. യു.എ.ഇയുടെ ഉന്നത ബഹുമതി: അബൂദബി അവാര്‍ഡ്. ബഹ്‌റൈന്‍ ഭരണകൂടം: ഓര്‍ഡര്‍ ഓഫ് ബഹ്‌റൈന്‍ പുരസ്‌കാരം. ബ്രിട്ടിഷ് രാജ്ഞി: ക്വീന്‍സ് അവാര്‍ഡ്. ഇന്തോനേഷ്യ സര്‍ക്കാര്‍: പ്രിമദത്ത പുരസ്‌കാരം.
ലുലു ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയരക്ടറുമാണിപ്പോള്‍ യൂസഫലി. അബൂദബി ചേംബര്‍ വൈസ് പ്രസിഡന്റായി തുടരുന്നു.
കുടുംബം- ഭാര്യ: ഷാബിറ. മക്കള്‍: സബീന. ഭര്‍ത്താവ്: ഡോ. ഷംഷീര്‍ വയലില്‍. ഷഫീന. ഭര്‍ത്താവ്: അദീബ് അഹ്‌മദ്. ശിഫ. ഭര്‍ത്താവ്: ഷാരൂണ്‍ ശംസുദ്ദീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."