HOME
DETAILS

മലയാളിക്കുണ്ടാവണം ആളോഹരി ആനന്ദം

  
backup
January 11 2024 | 18:01 PM

every-malayalam-should-have-happiness

ചെങ്ങന്നൂരില്‍നിന്ന് ഒരു മരണവാര്‍ത്തയുണ്ടായിരുന്നു കഴിഞ്ഞദിവസത്തെ മാധ്യമങ്ങളിൽ. പുലിയൂര്‍ ചെമ്പോലിലെ വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത. മരണവിവരമറിയാതെ ഇതേ വീട്ടില്‍ മൂന്നുനാള്‍ അച്ഛനും കഴിഞ്ഞു എന്നതാണ് ഞെട്ടലിനൊപ്പം ആശങ്കയുമുണ്ടാക്കുന്ന കാര്യം. ചെമ്പോലില്‍ കിഴക്കേതില്‍ രഞ്ജിത്ത് ജി. നായര്‍ എന്ന മുപ്പത്തൊന്നുകാരനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുക്കുകയും ചെയ്തു. തിരക്കിവന്ന സുഹൃത്താണ് അകത്തെ മുറിയില്‍ ദുര്‍ഗന്ധം വമിക്കാറായ നിലയില്‍ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. രഞ്ജിത്തും അച്ഛന്‍ ഗോപിനാഥനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ജോലി ചെയ്തിരുന്ന രഞ്ജിത്ത് മിക്ക സമയവും മുറിക്കുള്ളില്‍ അടച്ചിരിപ്പായിരുന്നുവെന്ന് പൊലിസ് പറയുന്നു.


നാളെ കേരളത്തിലെ പല വീടുകളിലും സംഭവിക്കാനിരിക്കുന്ന ദുരന്തത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ സംഭവം. വീട്ടുകാരുമായോ ബന്ധുക്കളുമായോ നാട്ടുകാരുമായോ ഒരുതരത്തിലുള്ള വിനിമയവുമില്ലാതെ അവനവനിലേക്കു മാത്രം ചുരുങ്ങുന്ന തുരുത്തുകളായി മലയാളി പരിണാമപ്പെടുന്നതിന്റെ വിപത്‌സൂചകമാണ് രഞ്ജിത്തിന്റെ മരണം. പുറംലോകവുമായി അത്രയൊന്നും അടുപ്പമില്ലാത്ത പലരെയും നമുക്കു ചുറ്റും കാണാന്‍ പ്രയാസമുണ്ടാവില്ലെന്നതു നേരാണ്. എന്നാല്‍ ഒരേ മേല്‍ക്കൂരയ്ക്കു കീഴെ അച്ഛനും മകനുമൊക്കെ എങ്ങനെയാണ് ഒന്നും മിണ്ടാനും പറയാനുമില്ലാതെ ഇരുധ്രുവങ്ങളിലെന്ന മട്ടിൽ ഇങ്ങനെ കഴിയാനാവുന്നത്? വ്യക്തിബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും വന്ന വിള്ളല്‍ എന്ന സംവര്‍ഗത്തിലേക്ക് ഈ പ്രശ്‌നത്തെ ലഘൂകരിക്കുന്നതിനു പകരം എങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയുടെ മരുഭൂമികള്‍ രൂപപ്പെടുന്നത് എന്നുകൂടി തിരിച്ചറിയണം. നവസാങ്കേതികവിദ്യയും മാറുന്ന മൂല്യസങ്കല്‍പങ്ങളും കേരളീയ കുടുംബ--_സാമൂഹിക ബന്ധങ്ങളെ അപകടകരമാംവിധം സ്വാധീനിച്ചു എന്നതില്‍ തര്‍ക്കമില്ല. അയല്‍പക്കത്തുനിന്ന് ഗുഡ്‌മോണിങ് കേള്‍ക്കേണ്ടിവരാത്ത മനോഹരമായ ജീവിതം എന്ന് ഇരവിമംഗലം ഗ്രാമത്തെക്കുറിച്ച് ആത്മകഥയിലൊരിടത്ത് സുകുമാര്‍ അഴീക്കോട് എഴുതിയിട്ടുണ്ട്. സ്‌നേഹവും സൗഹൃദവും ബന്ധങ്ങളുമെല്ലാം ആത്മാര്‍ഥതാശൂന്യമായ പ്രഹസനമായിത്തീരുന്നതിനെക്കുറിച്ചായിരുന്നു അഴീക്കോടിന്റെ സങ്കടം. ആത്മാര്‍ഥത മാത്രമല്ല, അപരനോടുള്ള പരിഗണനയും സത്യസന്ധതയും കടങ്കഥയാകുന്ന കാലം കൂടിയാണിത്. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം മുതല്‍ പുരോഗമനപരം എന്ന ലേബലില്‍ കെട്ടിയെഴുന്നള്ളിക്കുന്ന പ്രതിലോമ ദര്‍ശനങ്ങള്‍വരെ നിലവിലെ സാമൂഹിക പ്രതിസന്ധിക്കു കാരണമാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിലും എതിരേ വരുന്നയാളോട് ശത്രുവിനോടെന്നതുപോലെയായി നമ്മുടെ പെരുമാറ്റം. ദയ എന്നത് വാക്കിലും നോക്കിലും ചോര്‍ന്നുപോയി.


ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്നബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്, 2023ലെ ലോക ഹാപ്പിനെസ് റിപ്പോര്‍ട്ട് ഈയടുത്ത് പുറത്തുവിട്ടിരുന്നു. 146 രാജ്യങ്ങളിലായി നടത്തിയ ആളോഹരി ആനന്ദ സര്‍വേയില്‍ ഫിന്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം. 145ാം സ്ഥാനത്താണ് ഇന്ത്യ. സന്തോഷത്തിനുള്ള വകകള്‍ ഇന്ത്യയില്‍ തുലോം പരിമിതമാണെന്നു സാരം. അസന്തുഷ്ടര്‍ ഏറെയുള്ള ഇന്ത്യയില്‍, കേരളത്തിന്റെ സ്ഥാനമെവിടെയെന്ന അന്വേഷണവും അത്ര സന്തോഷകരമാകില്ല. ആളോഹരി വരുമാനം, സാമൂഹിക പിന്തുണ, കരുതല്‍, ആരോഗ്യം, വിദ്യാഭ്യാസം, ഭരണക്ഷമത, ക്രമസമാധാനം, പരിസ്ഥിതി, ശുചിത്വം എന്നിവയാണ് ജനങ്ങളുടെ സന്തോഷം അളക്കാനുള്ള ആഗോള മാനദണ്ഡം.


ഇതില്‍ ആദ്യ മാനദണ്ഡമായ ആളോഹരി വരുമാനപ്രകാരം രാജ്യത്ത് കേരളത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. ദേശീയ ശരാശരിയെക്കാള്‍ മുകളിലാണെങ്കിലും കേരളത്തില്‍ പണത്തിനു ബുദ്ധിമുട്ടുള്ള വലിയ വിഭാഗം ജനങ്ങളുണ്ടെന്നതുകൊണ്ട് അവര്‍ക്കു സന്തോഷകരമായ ജീവിതം സാധ്യമല്ലെന്നുതന്നെ പറയാം. സാമൂഹിക പിന്തുണയാണ് അടുത്ത ഘടകം. പ്രായമേറിക്കൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. വയോധികര്‍ മാത്രം താമസിക്കുന്ന ഒഴിഞ്ഞ കൂടുകളാണ് പല വീടുകളും. കടുത്ത ഏകാന്തത ബാധിച്ച ആളുകള്‍ സന്തോഷം എന്തെന്ന് അറിയാന്‍പോലുമിടയില്ല.
ഏകാന്തത അതിന്റെ ഭീകരരൂപം പ്രദര്‍ശിപ്പിക്കുന്നതു സമൂഹമാധ്യമങ്ങളിലാണ്. മതവും ജാതിയും ലിംഗവും നിറവുമൊക്കെ അവിടെ അപരവിദ്വേഷത്തിന്റെ വിളനിലങ്ങളാകുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആരെങ്കിലും ഒരു പോസ്റ്റിട്ടാല്‍, വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ അതിനു താഴെ വിദ്വേഷ കമന്റുകളാല്‍ പറന്നിറങ്ങുകയാണ് എവിടെനിന്നെല്ലാമോ കുറേ പേര്‍. തങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത നിര്‍ദോഷ പോസ്റ്റുകള്‍പോലും പലരെയും അസ്വസ്ഥരാക്കുന്നതും ഈ ഒറ്റപ്പെടലിന്റെ പ്രതിഫലനമാവണം. ആരോഗ്യകരമായ ജീവിത ദൈര്‍ഘ്യമാണ് മറ്റൊരു ഘടകം. ആയുസിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെങ്കിലും അത് ആരോഗ്യകരമാണോ എന്നു ചോദിച്ചാല്‍ അല്ലെന്നുതന്നെയാണ് ഉത്തരം. പ്രായഭേദമെന്യേ കേരളത്തില്‍ നാലിലൊരാള്‍ പ്രമേഹരോഗിയാണെന്ന് ഈയടുത്തു നടന്ന ആരോഗ്യസര്‍വേ പറയുന്നു.


അപരനോടുള്ള കരുതലാണ് സന്തോഷ സൂചികയിലെ മറ്റൊരു ഘടകം. സാമൂഹിക ജീവി എന്ന നിലയില്‍ പൊതുകാര്യങ്ങൾക്ക് മലയാളി ഒന്നിക്കേണ്ട ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. കിടപ്പുരോഗിയെ സഹായിക്കാനോ വായനശാലയ്ക്കു കെട്ടിടം നിര്‍മിക്കാനോ ഒക്കെ നമ്മള്‍ കൈയയച്ചു സഹായിക്കുമെങ്കിലും വ്യക്തിജീവിതത്തില്‍ അത്ര വിശാലഹൃദയരല്ലെന്നു അവനവനിലേക്ക് ആഴത്തില്‍ നോക്കുമ്പോള്‍ ബോധ്യമാവും. ഇതൊക്കെയാണ് ആളോഹരി ആനന്ദത്തിന്റെ അളവുകോലുകളില്‍ പലതും മലയാളിയുടെ ജീവിതത്തിനു പുറത്തുനില്‍ക്കുന്നതിനു കാരണം. ഇനിയെങ്കിലും മെച്ചപ്പെട്ട സാമൂഹികജീവിതം തിരിച്ചുപിടിച്ചേ മതിയാവൂ. അതിന് മേല്‍പറഞ്ഞ കാരണങ്ങള്‍ അപഗ്രഥിക്കാനും തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ കൂടി സാധ്യമാകണം. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുംപോലെ പ്രധാനമാണ് പൗരന്റെ മാനസികാരോഗ്യവും. മനസിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിലൂടെ സാമൂഹിക ഒറ്റപ്പെടലുകളിലും ഒരേ വീട്ടില്‍ ഇരുഭൂഖണ്ഡങ്ങളായി മാറുന്ന അവസ്ഥകളിലും മാറ്റം വരും. സന്തോഷമെന്ന അവസ്ഥയിലേക്കുള്ള വഴിവെട്ടല്‍ സര്‍ക്കാരിനൊപ്പം നാം ഓരോ പൗരന്റെയും കടമയാണെന്ന തിരിച്ചറിവുണ്ടാകണം. ഇനിയുള്ള നാളുകൾ അത്തരം ആഹ്ലാദങ്ങളിലേക്കുള്ള വഴികാട്ടികൂടിയാകട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago