HOME
DETAILS

പ്രതിഷ്ഠാചടങ്ങിൻ്റെ രാഷ്ട്രീയമാനങ്ങൾ

  
backup
January 14 2024 | 18:01 PM

political-aspects-of-the-dedication-ceremony

കാസിം ഇരിക്കൂര്‍

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ രാഷ്ട്രീയപാർട്ടികളിൽ തുടരുന്ന ആശയക്കുഴപ്പത്തിനു കാരണം വിഷയത്തെ ചരിത്രപരമായോ വസ്​തുതാപരമായോ വിശകലനം ചെയ്യുന്നതിനുപകരം വൈകാരികമായി സമീപിക്കുന്നതാണ്. ആ വൈകാരികത രാമക്ഷേത്രവും കടന്ന് ഹൈന്ദവ ആരാധനാലയം എന്ന പൊതുസംജ്ഞയെ പാവനവത്കരിക്കുന്നിടത്തേക്ക് എത്തുമ്പോഴാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ക്ഷേത്ര ധ്വജങ്ങളാണ് തന്റെ പ്രചോദന സ്രോതസ് എന്ന് ചീഫ് ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡിനെക്കൊണ്ടുപോലും പറയിക്കുന്നത്. മുമ്പൊരിക്കലും ഇമ്മട്ടിലുള്ള മതപ്രകടനാത്മകത ന്യായാധിപന്മാരിൽനിന്ന് നാം കണ്ടിട്ടുണ്ടാവില്ല. രാജ്യത്തിന്റെ മതാന്തരീക്ഷം പരിവർത്തനങ്ങൾക്ക് വിധേയമാകുമ്പോൾ സമൂഹത്തിന്റെ മനോഘടനയിൽ വരുന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. നൂറുവർഷം മുമ്പ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ വിതച്ച മതതീവ്രതയുടെ വിത്തുകൾ മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ ആർ.എസ്​.എസ്​ കൊയ്തെടുക്കാൻ തുടങ്ങിയതോടെ കെട്ടഴിഞ്ഞുവീഴുന്ന സംഭവവികാസങ്ങളുടെ ആഴവും വ്യാപ്തിയും തുറന്ന മനസോടെ വിശകലനം ചെയ്യാൻ തുനിയുമ്പോഴാണ് ഉത്കണ്ഠാകുലമായ ചില പരമാർഥങ്ങൾ കണ്ടെത്താനാവുന്നത്.


മനപ്പൂർവമോ അല്ലാതെയോ ഇവിടെ വിസ്​മരിക്കപ്പെടുന്ന ഒരു യാഥാർഥ്യമുണ്ട്: അയോധ്യയിൽ സരയൂ നദിക്കരയിൽ ബാബരി മസ്​ജിദ് നിലനിന്ന സ്ഥാനത്തുതന്നെ ശ്രീരാമന്റെ പേരിൽ ക്ഷേത്രമുയരണം എന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമേയുള്ളു എന്നതാണത്. കവി തുളസീദാസിന് ‘രാമചരിത മാനസ’ത്തിലൂടെ പ്രസരിപ്പിച്ച ശ്രീരാമ ദൈവസങ്കൽപം സ്​നേഹത്തിന്റെയും അനുതാപത്തിന്റെയും നീതിയുടെയും പ്രതീകമായ മര്യാദപുരുഷനാണ്. അതല്ലാതെ, ഹിന്ദുത്വവാദികൾ ഇന്ന് അവതരിപ്പിക്കുന്ന ആക്രമണോത്സുക പൗരുഷത്തിന്റെ അമ്പും വില്ലുമേന്തിയ സ്വരൂപമല്ല. 111വർഷം ജീവിച്ച മഹാകവി (ജനനം: 1511) തന്റെ മാസ്​റ്റർ പീസായ രാമചരിത മാനസം സമർപ്പിച്ചത് അക്ബർ ചക്രവർത്തിയുടെ ധനമന്ത്രിയും സുഹൃത്തുമായ ടോഡർ മാലിനാണ്. എത്രയേ തവണ അയോധ്യ സന്ദർശിച്ച തുളസീദാസ്​ 1577ൽ പൂർത്തിയാക്കിയ ‘ഈ ക്ലാസിക് രചനയിൽ’ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രം ധ്വംസിച്ചതായി എവിടെയും സൂചിപ്പിക്കുന്നില്ല. 1528ലാണ് ബാബർ ചക്രവർത്തിയുടെ അവാധ് ഗവർണർ മീർബഖി മസ്​ജിദ് പണിയുന്നത് എന്നിരിക്കെ തന്റെ ജീവിതകാലത്ത് ഇങ്ങനെയൊരു മഹാദുരന്തം സംഭവിച്ചിട്ടുണ്ടെങ്കിൽ കവി അത് പരാമർശവിധേയമാക്കാതെ വിടില്ല എന്നതല്ലേ സാമാന്യബുദ്ധി. ഹിന്ദുക്കളുടെ 500വർഷത്തെ പോരാട്ടത്തിന്റെ ഫലശ്രുതിയാണ് അയോധ്യയിൽ ഉയരുന്ന ക്ഷേത്രമെന്ന പ്രഖ്യാപനം ശുദ്ധ അസംബന്ധമാണെന്നും അത് ആർ.എസ്​.എസിന്റെ വ്യാജപ്രചാരണമാണെന്നും മനസിലാക്കാൻ വലിയ ചരിത്രജ്ഞാനമൊന്നും ആവശ്യമില്ല. 22ന് പ്രതിഷ്ഠിക്കപ്പെടുന്ന രാം ലാല 1949 ഡിസംബർ 23ന് രാവിന്റെ മറവിൽ ഒരുകൂട്ടം വർഗീയവാദികൾ പള്ളിക്കകത്ത് കൊണ്ടിട്ടതാണെന്ന ചരിത്രസത്യം 1800കോടി ചെലവഴിച്ചാണ് രാമക്ഷേത്രം കെട്ടിപ്പടുക്കുന്നത് എന്ന ഭീമൻ സംഖ്യക്ക് മുന്നിൽ താനേ നിഷ്പ്രഭമാകില്ല.


1949 ഡിസംബർ 23ന് രാത്രി ബാബരി മസ്​ജിനകത്ത് രാംലാല വിഗ്രഹങ്ങൾ സ്വ്രയംഭൂവായി പ്രത്യക്ഷപ്പെടുകയാണെന്നോ അല്ലെങ്കിൽ ഒരുകൂട്ടം സാമൂഹികവിരുദ്ധർ അത് കൊണ്ടിട്ടതാണെന്നോയുള്ള ആഖ്യാനങ്ങൾ വർഗീയശക്തികളുടെ ഗൂഢാലോചന പദ്ധതി മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. രാജ്യം വിഭജിക്കപ്പെടുന്നതോടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാവുമെന്ന് കണക്കൂകൂട്ടിയ ആർ.എസ്​.എസിന്റെയും ഹിന്ദുമഹാസഭയുടെയും പ്രതീക്ഷ മങ്ങിയതോടെ വർഗീയാഗ്നി ആളിക്കത്തിക്കാൻ കണ്ടുപിടിച്ച മാർഗമായിരുന്നു രാമന്റെ ജന്മഭൂമി കേന്ദ്രീകരിച്ച് ആരംഭിച്ച പ്രചാരണങ്ങളും ആസൂത്രിത നീക്കങ്ങളും.


ഇന്നത്തെ യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥിന്റെ മുൻഗാമികളായിരുന്നു 1949 ഡിസംബറിൽ അയോധ്യയിൽ ആഴ്ച നീണ്ട രാമഭജന യജ്ഞങ്ങൾ സംഘടിപ്പിച്ചതും രാമവിഗ്രഹങ്ങൾ പള്ളിയിലേക്ക് വലിച്ചെറിയാൻ ഗൂഢാലോചന നടത്തിയതും. ഹനുമാൻഗഢിലെ സന്ന്യാസി അഭിരാം ദാസിനെപ്പോലുള്ള പ്രാദേശിക പുരോഹിതന്മാരെ ഉപയോഗപ്പെടുത്തിയത് കൃത്യം എളുപ്പമാക്കി. അന്നത്തെ ഗോരഖ്പൂർ മഠാധിപതി ദ്വിഗ് വിജയ്നാഥും ആർ.എസ്​.എസ്​ പ്രചാരക് മുളരീധർ ദേവറസും തമ്മിൽ രൂപപ്പെട്ട വർഗീയ ഒത്തുകളിയായിരുന്നു രാമന്റെ പേരിൽ മതഭ്രാന്ത് ഇളക്കിവിടാനുള്ള പദ്ധതികൾ എളുപ്പമാക്കിയത്. ഗാന്ധിവധത്തിലൂടെ മതേതരവ്യവസ്ഥ അട്ടിമറിക്കാനുള്ള ആദ്യശ്രമത്തിൽ ചില തിരിച്ചടികൾ നേരിടേണ്ടിവന്നപ്പോൾ വി.ഡി സവർക്കർ പിന്നീട് ശ്രദ്ധയൂന്നിയത് അയോധ്യയിൽ വർഗീയ സംഘർഷം ആളിക്കത്തിച്ച മുതലെടുപ്പ് നടത്താനാണ്. ദ്വിഗ് വിജയ്നാഥിന്റെ പിൻഗാമി അവൈദ്യനാഥ് സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതും മൂന്നുതവണ (1989, 91, 96 ) ഗോരഖ്പൂരിൽനിന്ന് ലോക്സഭയിലെത്തുന്നതും ഹിന്ദുത്വശക്തികൾക്ക് കരുത്തേകിയ പ്രധാന ചുവടുവെപ്പാണ്. അവൈദ്യനാഥാണ് 1964ൽ വി.എച്ച്.പി രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുന്നതും രാമജന്മഭൂമി പ്രക്ഷോഭത്തിന് ഉൗർജം പകർന്നതും.


കോടതി അന്നും ഇന്നും
സൂഫി, ഭക്തിസരണികൾ പ്രഫുല്ലമായ ഒരു കാലത്ത്, ഹിന്ദു-_മുസ്​ലിം മൈത്രി നിറഞ്ഞൊഴുകിയ സരയൂനദിയുടെ തീരത്ത് വർഗീയവിത്തുകൾ വിതയ്ക്കപ്പെടുന്നത് ഫൈസാബാദ് ജില്ല ഉൾക്കൊള്ളുന്ന അവാധ് മേഖല ബ്രിട്ടിഷ് ആധിപത്യത്തിൽ വന്നതോടെയാണ്. 1857ലെ ബ്രിട്ടിഷ് വിരുദ്ധകലാപത്തിൽ ഹിന്ദുക്കളും മുസ്​ലിംകളും തോളോട് തോളുരുമ്മി കോളനിശക്തികൾക്കെതിരേ പൊരുതിയതിന്റെ പ്രത്യാഘാതമായാണ് അയോധ്യയിൽ ആദ്യമായി വർഗീയധ്രുവീകരണം മുളപൊട്ടുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ ബാബരി മസ്​ജിദ് സുരക്ഷിതമായിരുന്നു. ബാബരി മസ്​ജിദനകത്ത് മുസ്​ലിംകളും അതിനു പുറത്തുള്ള ഛബുത്രയിൽ (ഉയർന്ന തറ) ഹിന്ദുക്കളും പ്രാർഥനകൾ നടത്തുന്നതിന് തടസമൊന്നും നേരിട്ടിരുന്നില്ല. വിഷയം ആദ്യമായി കോടതിയിലെത്തുന്നത് തങ്ങൾ ദർശനത്തിന് ഉപയോഗിക്കുന്ന ഛബുത്രയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകണം എന്ന അഭ്യർഥനയിലൂടെയാണ്. ജന്മസ്ഥാന്റെ പുരോഹിതനാണ് എന്ന അവകാശവാദത്തോടെ മഹന്ത് രഘുബാർ ദാസ്​ 1885ൽ ഫൈസാബാദ് സബ് കോടതിയിൽ നൽകിയ കേസിൽ മേൽക്കൂര കെട്ടാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. രാമജന്മസ്ഥാൻ എന്ന അവകാശവാദത്തോടെയായിരുന്നു ഇൗ അപേക്ഷ. പക്ഷേ, കോടതി അഭ്യർഥന സ്വീകരിച്ചില്ല. ഒന്നാമതായി കവാടത്തിൽ ‘അല്ലാഹു’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. രണ്ടാമതായി പള്ളിയും ഛബുത്രയും വേർതിരിക്കുന്ന ഭിത്തി നിലവിലുണ്ടെന്നും ക്ഷേത്രം പണിതാൽ ക്ഷേത്രത്തിലെ മണിനാദവും ശംഖ് വിളിയും തൊട്ടടുത്ത് നിസ്​കരിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്.


സബ് കോടതിയുടെ വിധിക്കെതിരേ ജില്ലാ സെഷൻസ്​ കോടതിയിലും ജുഡീഷ്യൽ കമ്മിഷണറുടെ മുന്നിലും അപ്പീൽ പോയെങ്കിലും അവ തള്ളുകയായിരുന്നു. അതിനർഥം, ബാബരിപ്പള്ളിയുടെ ഉടമാവകാശം സംബന്ധിച്ച് ബ്രിട്ടിഷ് കോടതിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. പള്ളിക്കകത്താണ് ശ്രീരാമന്റെ ജന്മസ്ഥാനമെന്ന വാദം അതുവരെ ആരും ഉന്നയിച്ചിട്ടുമില്ല.


ബ്രിട്ടിഷ് കപ്പലുകൾ ബോംബെയിൽനിന്ന് യാത്ര തിരിച്ചശേഷമാണ് പള്ളിയുടെമേൽ അവകാശവാദം ഉന്നയിക്കാൻ ആർ.എസ്​.എസും ഹിന്ദുമഹാസഭയും രംഗത്തേക്കു വരുന്നത്. എന്നാൽ ജനാധിപത്യ ഇന്ത്യയിലെ ജുഡീഷ്യറി, ഭൂരിപക്ഷ ഇംഗിതങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാൻ തുടങ്ങിയതോടെയാണ് അയോധ്യപ്രശ്നം വഷളാവുന്നതും രാജ്യത്തിന്റെസ്വാസ്ഥ്യം കെടുത്തുന്ന സമസ്യയായി വളർന്നതും. കേന്ദ്രവും സംസ്ഥാനവും ഭരിച്ച സർക്കാരുകൾ മതപ്രീണന, വർഗീയ നിലപാട് സ്വീകരിച്ചത് നീതിപൂർവമുള്ള പരിഹാരം അസാധ്യമാക്കി.


1949 ഡിസംബർ 22മുതൽ 1992 ഡിസംബർ ആറിന് പള്ളി, ഹിന്ദുത്വ നേതാക്കളുടെ കാർമികത്വത്തിൽ കർസേവകർ തകർക്കുന്നതുവരെ മുസ്​ലിംകൾക്ക് പള്ളിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. 1950 തൊട്ട് പൂജക്ക് അനുമതി നൽകുന്നുണ്ടായിരുന്നു. 1986ൽ ജില്ലാ കോടതിയുടെ ഉത്തരവിന്റെ മറവിൽ രാജീവ് ഗാന്ധി പള്ളിയുടെ കവാടങ്ങൾ പൂജക്കായി തുറന്നുകൊടുത്തു. 1989ൽ പള്ളിയുടെ സ്ഥലം ശിലാന്യാസത്തിന് വിട്ടുകൊടുത്തു. 1992ൽ സുപ്രിംകോടതിക്കും ആഗോളസമൂഹത്തിനും നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് മസ്​ജിദ് തകർത്തു. അപ്പോഴും രാമവിഗ്രഹങ്ങളുടെ സുരക്ഷ ഉറപ്പാക്കി. പള്ളി തകർത്തതിൽ ഒരാളെപ്പോലും ശിക്ഷിക്കാൻ നീതിന്യായവ്യവസ്ഥയ്ക്ക് സാധിച്ചില്ല. എല്ലാറ്റിനുമൊടുവിൽ ബാബരി കേസിന്റെ അന്തിമവിധി 2019ൽ സുപ്രിംകോടതി പ്രഖ്യാപിച്ചപ്പോൾ നിയമപരമായോ ചരിത്രപരമായോ യുക്തമായ കാരണം നിരത്താതെ,തകർത്തവരുടെ കൈയിൽ പള്ളി നിലനിന്ന സ്ഥലം താലത്തിൽവച്ച് ദാനം ചെയ്ത തീർപ്പ് ആധുനിക ഇന്ത്യയുടെ ശിരോലിഖിതം തന്നെ മാറ്റിയെഴുതി.


1951ൽ ഇന്ത്യയും പാകിസ്​താനും ചുറ്റിക്കണ്ട വിദ്യാഭ്യാസ വിചക്ഷണനും ധിഷണാശാലിയുമായ ആഗാഖാൻ തന്റെ കാഴ്ചപ്പാട് പല നേതാക്കളുമായി പങ്കുവച്ചപ്പോൾ അശുഭാപ്തിയാണ് വാക്കുകളിൽ നിറഞ്ഞുനിന്നത്. അഞ്ചോ പത്തോ വർഷം പിന്നിട്ടാൽ ഇന്ത്യ ഹിന്ദുമഹാസഭയുടെ കൈകളിലേക്ക് വഴുതിപ്പോകുമെന്നാണ് അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയത്. പക്ഷേ, നെഹ്റുവിന്റെ സാന്നിധ്യം ആ ദുരന്തം അൽപകാലത്തേക്കുകൂടി നീട്ടിവയ്ക്കുകയായിരുന്നു. ഹിന്ദുമഹാസഭയുടെ അല്ല, ആർ.എസ്​.എസിന്റെ കൈകളിലേക്ക് രാജ്യത്തിന്റെ ഭരണവും നിയന്ത്രണവും കൊണ്ടെത്തിച്ചു. ജനുവരി 22ന് അയോധ്യയിൽ അരങ്ങേറാൻ പോകുന്നത് ഹെഡ്ഗേവാറും സവർക്കറും ഗോൾവാൾക്കറും മറ്റു അമരക്കാരും വിഭാവന ചെയ്ത ഹിന്ദുരാഷ്ട്രത്തിന്റെ–രാമരാജ്യത്തിന്റെ, ഉദ്ഘാടനമാണ്. പ്രതിഷ്ഠാചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസും മറ്റു മതേതര കക്ഷികളും എടുത്ത തീരുമാനത്തിന്റെ പ്രാധാന്യം ചരിത്രത്തിൽ യഥാവിധി കുറിച്ചിടുമെന്ന കാര്യത്തിൽ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago