പിടികിട്ടാപുള്ളികൾ മുതൽ കൊലക്കേസ് പ്രതികൾ വരെ; ആലപ്പുഴയിൽ ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷം, ഒന്നുമറിയാതെ പൊലിസ്
പിടികിട്ടാപുള്ളികൾ മുതൽ കൊലക്കേസ് പ്രതികൾ വരെ; ആലപ്പുഴയിൽ ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷം, ഒന്നുമറിയാതെ പൊലിസ്
ആലപ്പുഴ: ചേർത്തലയിൽ കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷത്തിന് ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്നതായി റിപ്പോർട്ട്. കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതിയായ രാഘിലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ മറവിലാണ് ക്വട്ടേഷൻ സംഘ നേതാക്കൾ യോഗം ചേർന്നത്. പിടികിട്ടാപുള്ളികൾ വരെ പങ്കെടുത്ത പരിപാടി പക്ഷെ പൊലിസ് മാത്രം അറിഞ്ഞില്ല.
ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസ് പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി ജില്ലയിലെ ക്വട്ടേഷൻ നേതൃത്വമാണ് പെരുമ്പാവൂർ അനസിന്‍റെ സംഘത്തിൽ ഉൾപ്പെട്ട ചേർത്തല ഷാനിന്‍റെ വീട്ടിൽ സംഘടിച്ചത്. കാപ്പ കേസിൽ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയിൽ കൊലക്കേസ് പ്രതിയായ ഷാരോൺ, എന്നിവരും പരിപാടിയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
കായംകുളത്ത് നവകേരള സദസ്സിന്‍റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷൻ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയെന്ന് പൊലിസ് വിശേഷിപ്പിക്കുന്ന അരുണും പരിപ്പാടിയുടെ ഭാഗമായിരുന്നു. പൊലിസിന്‍റെ കണ്മുന്നിലൂടെ സഞ്ചരിക്കാറുള്ള അരുണിനെ പിടിക്കാത്തതിന് പിന്നിൽ ഭരണകക്ഷി സമ്മർദ്ദമാണെന്ന ആക്ഷേപത്തിന് അടിവരയിടുന്ന സംഭവമാണ് നടന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ഇവരുടെ ജന്മദിനാഘോഷ പരിപാടി സാമൂഹിക മാധ്യമങ്ങളിൽ വൈറാലായതോടെയാണ് പൊലിസ് വിവരം അറിയുന്നത്. പെരുമ്പാവൂരിലെ കൊടുംകുറ്റവാളി അനസിന്‍റെ സംഘത്തിൽപ്പെട്ട ഷാനിന്‍റെ വീട്ടിൽ ഞായറാഴ്ച നടന്നത് ക്വട്ടേഷൻ ആസൂത്രണ യോഗമായിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."