ഭാഷ, അക്ഷരം, ആശയം…
ഡോ.അബേഷ് രഘുവരൻ
അക്ഷരമോആശയമോ മുഖ്യമെന്ന ചോദ്യത്തിന് ചില കുട്ടികളോട് അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നതുമായി സാമ്യമുണ്ട്. കുട്ടികളോട് കൂടുതൽ ആഭിമുഖ്യം, അല്ലെങ്കിൽ അവരുമായി കൂടുതൽ അടുത്തിടപഴകുന്നത് ആരോ അവരോടാവും കുട്ടികൾക്ക് അടുപ്പം ഉണ്ടായിരിക്കുക. എന്നാൽ മലയാളി ആ അഭിമുഖ്യത്തിനും മേലെ ഇപ്പോൾ ഈ ചോദ്യത്തിന്റെ ആശയക്കുഴപ്പത്തിലാണ്. കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് അക്ഷരമാണോ അതോ ആശയമാണോ?
പണ്ടൊക്കെ നാം അക്ഷരങ്ങളാണ് ആദ്യം പഠിച്ചിരുന്നതെങ്കിൽ ഇന്ന് കുട്ടികളിലെ ആശയങ്ങളെയാണ് ആദ്യം പരിപോഷിപ്പിക്കേണ്ടത് എന്നതാണ് വിദഗ്ധർ പറയുന്നത്. ആശയങ്ങളിലൂടെ അവർ അക്ഷരങ്ങളെ അറിയട്ടെ എന്നതാണ് മുന്നോട്ടുവെക്കുന്ന രീതി. അതുകൊണ്ടുതന്നെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കുപോലും മലയാള അക്ഷരങ്ങൾ കൃത്യമായി അറിയില്ല എന്നതാണ് അവസ്ഥ. ഈ അക്ഷരവും ആശയവും തമ്മിലുള്ള ആരാദ്യം എന്ന പ്രതീതി ഒരർഥത്തിൽ പഠനരംഗത്തെയാകെ ബാധിക്കുന്നുണ്ട് എന്ന കാര്യം വിസ്‌മരിക്കാനാവില്ല. കൊച്ചുകുട്ടികളിൽനിന്ന് തുടങ്ങാം.
ഇപ്പോൾ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലാണ് കുട്ടികൾ അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്നത്. ആ രണ്ടുവർഷങ്ങൾകൊണ്ടുതന്നെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി അക്ഷരങ്ങൾ കുട്ടികളെ പഠിപ്പിച്ചു പാസാക്കിക്കൊള്ളാമെന്ന് ശപഥമെടുത്തതുപോലെ പഠിപ്പിച്ചുപോകുന്ന അധ്യാപകരുണ്ട്. കുട്ടികളുടെ മനസിൽ അക്ഷരങ്ങൾ ഉറയ്ക്കാതെതന്നെ അവർ വാക്കുകളിലേക്ക് കടക്കുന്നു. ഉദാഹരണത്തിന് "അ' എന്ന അക്ഷരം പഠിപ്പിക്കുന്നതിന്റെ അന്നുതന്നെയാണ് അവർക്ക് ഗൃഹപാഠമായി അതുവച്ചുള്ള വാക്കായ "അമ്മ' എന്നത് എഴുതിക്കൊണ്ടുവരാൻ പറയുന്നത്. കുട്ടികൾക്ക് "അ' എന്ന വാക്ക് മാത്രമാണ് പഠിപ്പിച്ചതെന്നു ഓർക്കണം. "മ' എന്ന വാക്കോ, "മ്മ' എന്ന വാക്കോ പഠിക്കാതെ അവർ എങ്ങനെയാണ് ആ വാക്ക് ഗൃഹപാഠം ചെയ്തുകൊണ്ട് ചെല്ലുന്നത്?
അപ്പോൾ നാം അവരെ "മ' എന്ന വാക്കും, "മ്മ' എന്ന വാക്കുംകൂടി പഠിപ്പിക്കുന്നു. അതായത് കുട്ടികൾ 'മ' എന്ന വാക്ക് പഠിക്കുന്നു എന്നതിനപ്പുറം അതിനോട് ചേർന്നുള്ള പ, ഫ, ബ, ഭ എന്നീ അക്ഷരങ്ങൾ പഠിക്കുന്നില്ല. "ഭ' കഴിഞ്ഞാണ് "മ' വരുന്നതെന്നോ, "മ' കഴിയുമ്പോൾ യ, ര, ല എന്നിങ്ങനെ അക്ഷരങ്ങൾ ഉണ്ടെന്നും അവർ പഠിക്കുന്നില്ല. അതല്ലെങ്കിൽ പിന്നീട് അവർ ഓർഡറിൽ പഠിക്കുമ്പോൾ അന്ന് പഠിച്ച "മ' ആണോ ഇത് എന്നും ആശയക്കുഴപ്പം ഉണ്ടാകുന്നു. ഇതാണ് ഇപ്പോഴത്തെ പഠനത്തിന്റെ ആധുനികമുഖം. മാത്രമല്ല, അക്ഷരങ്ങൾ കുട്ടികളുടെ മനസിൽ ഉറപ്പിക്കാതെ മുന്നോട്ടുപോകുമ്പോൾ അവരിലെ ഭാഷയുടെ അടിത്തറയാണ് ശക്തമാകാതെ പോകുന്നത്.
അടുത്തിടെ പത്താംക്ലാസിലെ ഒരു കുട്ടി ചോദിച്ച സംശയം ഈയവസരത്തിൽ പ്രസക്തമാണെന്ന് തോന്നുന്നു. ഇതാണ് സംശയം, എന്താണ് 'അടികടി' എന്ന വാക്കിന്റെ അർഥം? എന്താണ് ചോദിക്കുന്നതെന്ന് മനസിലായില്ല. എവിടെ ആ വാക്ക് എന്ന് ചോദിച്ചപ്പോൾ പുസ്‌തകത്തിൽ അത് കാണിച്ചുതന്നു. ഇതാണ് ആ വാക്ക്_ "അടിക്കടി'.
അടുത്തചോദ്യം, എന്താണ് അതിന്റെ അർഥം? അതും പറഞ്ഞുകൊടുത്തു. എന്തിനാ ഈ വാക്കൊക്കെ,"എപ്പോളും' എന്ന് പറഞ്ഞാൽ പോരെ എന്ന് പരിഹാസം. കുട്ടി പഠിക്കുന്നത് അങ്കണവാടിയിലോ ഒന്നാം ക്ലാസിലോ അല്ല, പത്താംക്ലാസിൽ ആണെന്ന് ഓർക്കണം. "ക', "ക്ക' എന്നീ വാക്കുകൾ തമ്മിലുള്ള ഉച്ചാരണത്തിന്റെ വ്യത്യാസം ആ കുട്ടിക്ക് അറിയില്ല എന്നത് എന്നിൽ ജനിപ്പിച്ചത് അത്ഭുതമല്ല, പകരം ഭീതിയാണ്.
അക്ഷരങ്ങൾ നമ്മുടെ ഭാഷയുടെ അടിത്തറയാണ്. ഭാഷ നമ്മുടെ സംസ്‌കാരം തന്നെയാകുമ്പോൾ അക്ഷരം നമ്മുടെ സംസ്‌കാരം തന്നെയാണെന്ന് പറയേണ്ടിവരും. അക്ഷരങ്ങളിലൂടെയാണ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചൂടും ചൂരും നാം അറിയുന്നത്.
അക്ഷരം പഠിക്കുന്ന നിമിഷം മുതൽ ഇങ്ങോട്ട് ഇന്നുവരെ ആ അക്ഷരങ്ങളിലാണ് നാം ആശയങ്ങൾ ചേർത്തുവെച്ചിട്ടുള്ളത്. ആശയങ്ങളെ അതായി മാത്രം മനസിൽ സൂക്ഷിക്കാതെ അക്ഷരങ്ങളുമായി ചേർത്തുവെക്കുമ്പോഴാണ് അതിന് പൂർണത കൈവരുന്നത്. ഒരു ചലച്ചിത്രം ജനിക്കണമെങ്കിൽ ആശയത്തിന് അക്ഷരങ്ങൾ കൃത്യമായ ഒരു രൂപം നൽകണം. ആ അക്ഷരങ്ങൾ മെല്ലെമെല്ലെ വാക്കുകളാൽ, വാക്യങ്ങളാൽ പൂർണത കൈവരിക്കണം. അതിനൊരു രൂപംനൽകുകയും അവ വീണ്ടും കഥാപാത്രങ്ങളിലൂടെ പൂർണത നേടുകയും ചെയ്യണം. കഥകളുടെയും നോവലിന്റെയും കവിതയുടെയും ഒക്കെ കാര്യവും അങ്ങനെത്തന്നെ.
ഇന്നൊരുപക്ഷേ നമ്മുടെ കുട്ടികൾ വിവരസാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഏറെ മുന്നോക്കം പോകുമ്പോഴും ഭാഷയുടെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന സത്യം പറയാതെവയ്യ.
ഒരുപക്ഷേ അവരുടെ മനസിൽ ആശയങ്ങൾ ഉണ്ടെങ്കിൽപോലും അവയ്ക്ക് കൃത്യമായ ഒരു രൂപംനൽകി ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കാനായി കഴിയാതെവരുന്നു. ഇതേപ്പറ്റി പറയുമ്പോൾ പത്താം ക്ലാസിൽ നാം അവലംബിക്കുന്ന ഗ്രേഡിങ് രീതി പരാമർശിക്കാതെയിരിക്കാൻ കഴിയില്ല. പണ്ടൊക്കെ കുട്ടികളുടെ പരീക്ഷാപേപ്പറിൽ അക്ഷരത്തെറ്റ് അധ്യാപകർ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുമായിരുന്നു. ഓരോ തെറ്റിനും മാർക്കും കുറയ്ക്കുമായിരുന്നു. അതായത്, ആശയത്തോടൊപ്പം അക്ഷരത്തിനും അത്രതന്നെ പ്രാധാന്യം അവർ നൽകിയിരുന്നു. ഇന്ന് അക്ഷരത്തെറ്റ് അടിവരയിടാൻ അധ്യാപകർ ആരംഭിച്ചാൽ ഒരുപേനയിലെ മഷി ഒരുപക്ഷേ മതിയാകാതെ വരും. അതുകൊണ്ടുതന്നെ അധ്യാപകർ ആ ഒരു കാര്യത്തിലേക്കുപോലും കടക്കാറില്ല.
ഒരർഥത്തിൽ ഇപ്പോഴത്തെ പാഠ്യക്രമത്തിൽ ആശയങ്ങൾക്കുപോലും പ്രസക്തിയില്ല എന്നതാണ് വാസ്തവം. ചോദ്യവുമായി ബന്ധപ്പെട്ട ചില പദങ്ങൾപോലും അക്ഷരത്തെറ്റോടെ ആണെങ്കിൽകൂടി എഴുതിയാൽ മുഴുവൻ മാർക്കും നൽകാനാണ് നിർദേശം. ഇവിടെ വിദ്യാഭ്യാസംകൊണ്ട് അർഥമാക്കുന്നത് എന്താണെന്ന് വ്യക്തമല്ല. അക്ഷരവും ആശയവും അറിയാത്ത ഈ കുട്ടികൾ പിന്നെ എന്താണ് വിദ്യാലയങ്ങളിൽനിന്ന് നേടുന്നത് എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.
അതുകഴിഞ്ഞാൽ പിന്നെ അവർക്ക് വിദ്യാഭ്യാസത്തിലൂടെ നേടാനുള്ളത് സാമൂഹികബോധവും മുതിർന്നവരോടും അധ്യാപകരോടും പുലർത്തേണ്ട സാമാന്യ ബഹുമാനവുമാണ്. സ്വയം ചിന്തിക്കുക, ഇന്ന് തൊഴിലിൽ പൂർണമായും സംതൃപ്‌തിയുള്ള അധ്യാപകനെ നമുക്ക് കാണാനാകുമോ?
തങ്ങൾക്ക് പാഠപുസ്തകത്തിലെ പാഠങ്ങൾ പഠിപ്പിച്ചു, അതിന്റെ നോട്ട് നൽകുന്ന ഒരു തൊഴിലാളിക്കപ്പുറം കുട്ടികൾ എന്തു വിലയാണ് അധ്യാപകർക്ക് ഇന്ന് നൽകുന്നത്? പത്തോ പതിനഞ്ചോ മിനിറ്റിനപ്പുറം ഒരു അധ്യാപകന് ക്ലാസ് എടുക്കാൻ പോലും കഴിയുന്നില്ല. അതിനപ്പുറം അത് കേട്ടിരിക്കാനുള്ള ക്ഷമപോലും കുട്ടികളിൽ ഇല്ല. എന്തിന് പഠിക്കണം? പഠിച്ചില്ലെങ്കിൽപോലും മുഴുവൻ ഗ്രേഡും ലഭിക്കുമെന്നിരിക്കെ പഠനമെന്ന പൊതുവെ ബുദ്ധിമുട്ടേറിയ കാര്യം ചെയ്യാൻ കുട്ടികൾ തയാറാവുന്നതെങ്ങനെ?
അറിവ് സമ്പാദിക്കാൻ നമുക്ക് അധ്യാപകർതന്നെ വേണമെന്ന അവസ്ഥ മാറിയിരിക്കുന്നു. ഓപ്പൺ സ്‌കൂൾ എന്ന ആശയത്തിൽ അധ്യാപകൻ എന്ന ഭാഗം പോലുമില്ല. പിന്നെന്തിനാണ് അധ്യാപകർ? അറിവിനൊപ്പം തിരിച്ചറിവുകൂടി പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്വമാണ് അധ്യാപകർ ഏറ്റെടുക്കുന്നത്. അധ്യയനത്തിനേക്കാൾ സ്‌കൂളിലെ മുപ്പതിലധികം വരുന്ന ക്ലബ് പ്രവർത്തനങ്ങൾക്കും ഓഫിസ് സ്റ്റാഫ് കുറവുള്ള ഇടങ്ങളിൽ ക്ലറിക്കൽ ജോലികൾ കൂടി ചെയ്യുവാൻ മാത്രമായി അധ്യാപകർ ഒതുങ്ങുന്നു. പഠിപ്പിക്കണമെന്നോ കുട്ടികളിൽ മാറ്റം ഉണ്ടാക്കണമെന്നോ ആഗ്രഹമുള്ള അധ്യാപകർക്കുപോലും കുട്ടികളുടെയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും നിസ്സഹകരണം വിലങ്ങുതടിയാകുന്നു.
ഇതിന്റെ ഫലമോ, അധ്യാപനം എന്നത് മറ്റേതൊരു കൂലിത്തൊഴിൽ പോലെ വെറുമൊരു തൊഴിൽ മാത്രമായി അവശേഷിക്കുന്നു. സ്‌കൂൾ കാലഘട്ടത്തിനുശേഷം കുട്ടികൾക്ക് അധ്യാപകരെയും അധ്യാപകർക്ക് കുട്ടികളെയോ ഒന്ന് ഓർത്തിരിക്കാൻപോലും കഴിയാത്തതരത്തിൽ ബന്ധങ്ങൾ ദുർബലമാകുന്നു. ഇത് പരാമർശിക്കാൻ കാരണം ഇവിടെയും ഈ കാര്യങ്ങളൊക്കെ അക്ഷരം, ഭാഷ, ആശയം എന്നിവയുമായി ഇഴചേർന്നുകിടക്കുന്നുണ്ട്. ആശയവും ഭാഷയും ഒക്കെ അധ്യാപകരുടെ അറിവിൽ നിന്ന് ഇന്റർനെറ്റിന്റെ വലിയ ക്യാൻവാസിലേക്ക് കൂടുമാറുമ്പോൾ അവയുടെയൊക്കെ വൈകാരികതലങ്ങളും കംപ്യൂട്ടർ എന്ന മെഷീനിലേക്ക് ഒതുങ്ങുന്നു. വൈകാരിക ബന്ധങ്ങൾ ചേർത്തുവെക്കാൻ കഴിവുള്ള അക്ഷരവും ഭാഷയും ഒക്കെ ഇവിടെ യാതൊന്നും ചെയ്യാനില്ലാതെ സ്വയം നിസ്സഹായരും നിശബ്ദരുമാകുന്നു.
ഈ രീതികൾക്കാകെ മാറ്റം വരേണ്ടതുണ്ട്. ആശയങ്ങളെ ചേർത്തുനിർത്തിക്കൊണ്ടുതന്നെ അക്ഷരങ്ങളെ കുട്ടികൾ പുണരേണ്ടതുണ്ട്. അത് മനസ്സിൽ ഉറയ്ക്കുന്നതുവരെ അവരെ അക്ഷരങ്ങൾക്കൊപ്പം തന്നെ വിടേണ്ടതുണ്ട്. അക്ഷരങ്ങളാൽ നിർമിച്ച പുൽമെത്തയിൽ നിന്ന് നാം ആശയങ്ങളെ മെല്ലെമെല്ലെ വളർത്തിക്കൊണ്ടുവരണം. ആ ആശയങ്ങൾ അധ്യാപകരുടെ അറിവും അനുഭവങ്ങളും ഒക്കെ ചേർത്ത് കുട്ടികളിൽ അറിവിന്റെ അഗാധമായ ഒരു കടലായി മാറേണ്ടതുണ്ട്.
പഠനരംഗത്തു സമൂല മാറ്റമാണ് നമുക്കിന്നാവശ്യം. കുട്ടികളുടെ കണ്ണീർ കാണാതിരിക്കാൻ അവരെ എല്ലാവരെയും ജയിപ്പിച്ചുവിടുന്ന സമ്പ്രദായംമൂലം നാളെ കഷ്ടപ്പെടാതെയും ജയിക്കാമെന്ന പാഠം അവനിൽ ഉറയ്ക്കുമ്പോൾ, പിന്നീട് കഷ്ടപ്പെടുമ്പോഴും പരാജയം രുചിക്കേണ്ടിവരുമ്പോഴും അവർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നുവരില്ല. ആ അർഥത്തിൽ ഇന്നുതന്നെ തോൽവിയുടെ രുചി നുകർന്നുകൊണ്ടുതന്നെ വിജയത്തിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നതാണ് ഉത്തമം. അതിന് ഭാഷയും അക്ഷരങ്ങളും ആശയങ്ങളും അവർക്ക് എന്നും കൂട്ടായി മാറട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."