മെസി മലപ്പുറത്ത് പന്തുതട്ടും?; സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് മന്ത്രി
മെസി മലപ്പുറത്ത് പന്തുതട്ടും?; സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് മന്ത്രി
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആ സമയം പൂര്‍ത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അര്‍ജന്റീനയുമായി ഫുട്‌ബോള്‍ പരിശീലനത്തിന് ദീര്‍ഘകാല കരാര്‍ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്റീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമംഗങ്ങള്‍ മുഴുവന്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
അടുത്തവര്‍ഷം ഒക്ടോബറിലാകും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തുക. ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു.
അര്‍ജന്റീന ടീം കേരളത്തില്‍ 2 സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറിലാണ് മെസ്സിയും ടീമും കേരളത്തിലെത്തുകയെന്ന് മന്ത്രി ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തേ ജൂണില്‍ കളിക്കാനെത്തുമെന്നാണ് അര്‍ജന്റീന ടീം അറിയിച്ചിരുന്നത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ കാലമായതിനാല്‍ കേരള പ്രതിനിധികള്‍ പ്രയാസം അറിയിക്കുകയായിരുന്നു. ഇതോടെയാണ് അടുത്ത വര്‍ഷം ഒക്ടോബറില്‍ കളിക്കാനെത്താന്‍ അര്‍ജന്റീന സമ്മതിച്ചത്. കേരളവുമായി ഫുട്‌ബോള്‍ മേഖലയില്‍ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 'ഗോള്‍' പരിശീലന പദ്ധതിയുമായി ചേര്‍ന്ന് 5,000 കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസുമായാണ് മന്ത്രി ഉള്‍പ്പെടുന്ന കേരളസംഘം ചര്‍ച്ച നടത്തിയത്. സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണവ് ജ്യോതിനാഥ്, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."